തിരുവനന്തപുരം: ചിട്ടയായ പരിശീലനവും അതിനുപുറമെ മാതാപിതാക്കളുടെ കരുതലും സ്‌നേഹവും ഉണ്ടെങ്കില്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെപ്പോലും സാധാരണ കുട്ടികളെക്കാള്‍ കഴിവുള്ളവരാക്കി മാറ്റിയെടുക്കാന്‍ സാധിക്കുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് 18 കാരനായ അനന്തന്‍. തിട്ടമംഗലത്തുള്ള സ്‌പെഷ്യല്‍ സ്‌കൂളില്‍ പരിശീലനം നേടുന്ന അനന്തന്‍ ചിത്രകലയിലെ വാഗ്ദാനമാണ്.
തിരുമല എഎംഎച്ച്എസിലെ 10 ാം ക്ലാസ് പഠനത്തിനു ശേഷം പ്ലസ്ടു ഹ്യുമാനിട്ടീസാണ് അനന്തന്‍ പഠിച്ചത്. ഇപ്പോള്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്. ഓട്ടീസ ബാധിതനാണെങ്കിലും സമപ്രായക്കാരായ കുട്ടികളെക്കാള്‍ കലാ, കായിക പ്രവര്‍ത്തനങ്ങളിലെല്ലാം തന്നെ മുന്‍പന്തിയിലാണ് അനന്തന്‍. പെന്‍സില്‍ ഡ്രോയിങും കളറിങ്ങും അവന് എന്നും പ്രിയപ്പെട്ടതാണ്. വീടിന്റെ ചുമര്‍ മുഴുവന്‍ അനന്തന്‍ വരച്ച ചിത്രങ്ങളാണെന്ന് മാതാപിതാക്കള്‍ പറയുന്നു.
കടലും കടല്‍ക്കരയും പ്രകൃതിയുമാണ് ഈ കുട്ടിയുടെ വരകളില്‍ കൂടുതലും കാണാന്‍ കഴിയുന്നത്. ഗാന്ധിജിയുടെ ജന്മദിനത്തില്‍ വരച്ച രേഖാചിത്രം ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. പഠന കാലത്ത് തിട്ടമംഗലത്തെ സീഡ്സ് സ്‌പെഷ്യല്‍ സ്‌കൂളിലെ ഭിന്നശേഷിക്കുട്ടികളില്‍ മികച്ച പഠിതാക്കളില്‍ ഒരാളായിരുന്നു അനന്തന്‍.
ആറ്റുകാലിലും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുമുള്ള കല്‍ച്ചുമരുകളില്‍ കൊത്തിവെച്ച ദേവീദേവഗണങ്ങളുടെ പേരുകളെല്ലാം മുതിര്‍ന്നവര്‍ക്കുപോലും സാധിക്കാത്ത തരത്തില്‍ ഒന്നുപോലും തെറ്റാതെ ഹൃദിസ്ഥമാണ് അനന്തന്റെ മനസില്‍. ശിവ-വിഷ്ണു അഷ്ടോത്തര ശതനാമാവലികളും മനഃപാഠമാണ്. മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമെ ഹിന്ദിയും തമിഴും, എഴുതുന്നതിലും വായിക്കുന്നതിലുമുള്ള അനന്തന്റെ കഴിവ് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. നല്ലൊരു ബാഡ്മിന്റന്‍, ബാസ്‌കറ്റ്‌ബോള്‍ താരം കൂടിയാണ് ഈ കുട്ടി.
പരിശീലനവും ശ്രദ്ധയുമുണ്ടെങ്കില്‍ പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറാമെന്നതിനു മറ്റു കുട്ടികള്‍ക്കു മാതൃകയാവുകയാണ് ഇദ്ദേഹം. തിരുമല ഓടന്‍കുഴി ലൈനില്‍ താമസിക്കുന്ന റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ പ്രദീപ് കുമാറിന്റെയും ശ്രീചിത്തിര തിരുനാള്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സുരേഖയുടെയും മകനാണ് അനന്തന്‍.
















