തിരുവനന്തപുരം: വിപണി വില സ്ഥിരപ്പെടുത്തുന്നതിനും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീം (ഡൊമസ്റ്റിക്) (ഒഎംഎസ്എസ്ഡി) പ്രകാരം ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അരി വില്പന നടത്തുന്നു. 2026 ജൂണ്‍ 30 വരെ വ്യാപാരികള്‍/എംപാനല്‍ ചെയ്ത ബള്‍ക്ക് ബയര്‍മാര്‍/അരി ഉത്പന്നങ്ങളുടെ നിര്‍മിതാക്കള്‍ എന്നിവര്‍ക്ക് ഒഎംഎസ്എസ്(ഡി) പ്രകാരം ക്വിന്റലിന് 2890 രൂപ നിരക്കില്‍ അരി വില്പനയ്‌ക്കായി എഫ്‌സിഐ കേരള മേഖല എല്ലാ വെള്ളിയാഴ്ചയും ഇ-ലേലം നടത്തും.
സംസ്ഥാനത്തെ എല്ലാ റവന്യൂ ജില്ലകളെയും ഉള്‍പ്പെടുത്തി എഫ്‌സിഐ കേരള മേഖലയിലെ ഡിപ്പോകളില്‍ നിന്ന് ഒരു മെട്രിക് ടണ്‍ മുതല്‍ ഒന്‍പത് മെട്രിക് ടണ്‍ വരെ ചെറുകിട സ്വകാര്യ വ്യാപാരികള്‍ക്ക് പദ്ധതി പ്രകാരം അരി വില്പന നടത്തും. കേരളത്തിന്റെ ജിഎസ്ടി ഉള്ളവര്‍ക്ക് മാത്രമായി വില്പന പരിമിതപ്പെടുത്തിയിട്ടുണ്ട്. വാങ്ങുന്നയാള്‍ക്ക് 2025 നവംബര്‍ ഒന്ന് മുതല്‍ 2026 ജൂണ്‍ 30 വരെ ഇ-ലേലത്തില്‍ പങ്കെടുക്കാതെ, ക്വിന്റലിന് 2890 രൂപ എന്ന റിസര്‍വ് വിലയ്‌ക്ക് ഒരു മേഖലയ്‌ക്ക് ഒരു ജിഎസ്ടി പ്രകാരം ആഴ്ചയില്‍ ഒരിക്കല്‍ അരി വാങ്ങാന്‍ അനുമതിയുള്ളതായി എഫ്‌സിഐ കേരള മേഖല ജനറല്‍ മാനേജര്‍ അറിയിച്ചു.












