ന്യൂദല്‍ഹി: എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെ രാജ്യത്തെ 76 സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കായി പ്രത്യേകം കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ റെയില്‍വേ. പദ്ധതിക്ക് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അംഗീകാരം നല്‍കി.
ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ഇത്തരം സംവിധാനം വിജയകരമായതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ഈ പുതിയ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തനത് ശൈലിക്ക് അനുസരിച്ച് നിര്‍മിക്കും. 2026ലെ ഉത്സവ സീസണിന് മുമ്പ് എല്ലാ കേന്ദ്രങ്ങളും പൂര്‍ത്തിയാക്കണമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി നിര്‍ദേശിച്ചു. ദക്ഷിണ റെയില്‍വേക്ക് കീഴില്‍ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍, ചെന്നൈ എഗ്മോര്‍, കോയമ്പത്തൂര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലും പദ്ധതിക്ക് അനുമതിയായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിര്‍മിച്ച പ്രത്യേക കാത്തിരിപ്പ് കേന്ദ്രം (യാത്രി സുവിധാ കേന്ദ്രം) 7,000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ്. ദീപാവലി, ഛഠ് പൂജ ആഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് നിയന്ത്രിക്കാന്‍ ഈ കേന്ദ്രം കൊണ്ട് സാധിച്ചു. ഇതിനാലാണ് പദ്ധതി രാജ്യവ്യാപകമാക്കാന്‍ തീരുമാനിച്ചത്.
യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റെയില്‍വേ സ്റ്റേഷനുകളില്‍ പ്രത്യേകം കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടത്തിലും അകത്തും യാത്രക്കാരുടെ തിരക്ക് കുറയ്‌ക്കാന്‍ ലക്ഷ്യമിട്ടാണിത്. ഇവിടെ ടിക്കറ്റ് എടുക്കുന്നതിനും ഇരിക്കുന്നതിനും വിശ്രമിക്കുന്നതിനും അടക്കമുള്ള സൗകര്യങ്ങളും ഒരുക്കും.











