കൊല്‍ക്കത്ത: ബംഗാളിന്റെയും കേരളത്തിന്റെയും സാംസ്‌കാരിക പൈതൃകങ്ങള്‍ ഒന്നിക്കുന്ന അപൂര്‍വ നിമിഷത്തിന് കൊല്‍ക്കത്ത രാജ്ഭവന്‍ സാക്ഷിയാകാനൊരുങ്ങുന്നു.
മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ ജന്മവാര്‍ഷികം പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസിന്റെ നേതൃത്വത്തില്‍ നവം. 9ന് വൈകുന്നേരം 4 മണിക്ക് രാജ്ഭവനിലെ മാര്‍ക്കോ ഹാളില്‍ അരങ്ങേറും. മലയാളിയായ ഒരു ഗവര്‍ണറുടെ നേതൃത്വത്തില്‍, കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്തിന്റെ ഭരണകേന്ദ്രത്തില്‍ ഇത്രയും വിപുലമായ കേരളീയ സാംസ്‌കാരിക പരിപാടി നടക്കുന്നത് ഇതാദ്യമായാണ്.
കൊല്‍ക്കത്ത കലാമണ്ഡലത്തിലെ കലാകാരന്മാരുടെയും കൊല്‍ക്കത്തയിലെ മലയാളി സമാജത്തിലെ കുട്ടികളുടെയും കലാപ്രകടനങ്ങള്‍ ചടങ്ങിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും. കേവലം ഒരു ജയന്തി ആഘോഷം എന്നതിലുപരി, മഹാകവി വള്ളത്തോളും ഗുരുദേവ് രവീന്ദ്രനാഥ ടാഗോറും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിനുള്ള സമര്‍പ്പണം കൂടിയാകും ഈ സായാഹ്നം. ഇരുവരുടെയും സൗഹൃദവും ദേശീയോദ്ഗ്രഥന സന്ദേശവും വിളിച്ചോതുന്ന ‘മൈത്രേയി’ എന്ന പ്രത്യേക ദൃശ്യാവിഷ്‌കാരം ചടങ്ങിന്റെ മുഖ്യ ആകര്‍ഷണമാകും.
ബന്ധനസ്ഥനായ അനിരുദ്ധന്‍, പന്താട്ടം തുടങ്ങിയ നൃത്തരൂപങ്ങളും, മാതൃവന്ദനം തിരുവാതിരയും കേരളീയ കലകളുടെ തനിമ വേദിയിലെത്തിക്കും. കൂടാതെ ചന്ദ്രചൂഡ, അര്‍ദ്ധനാരീശ്വര, താണ്ഡവം തുടങ്ങിയ ഭരതനാട്യ ഇനങ്ങളും അരങ്ങേറും. മഹാത്മാഗാന്ധിയോടുള്ള കവിയുടെ ആദരസൂചകമായി ‘എന്റെ ഗുരുനാഥന്‍’ മോഹിനിയാട്ടം രൂപത്തില്‍ വേദിയിലെത്തും. നിരവധി കവിതകളും വേദിയില്‍ അരങ്ങേറും.
ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ മനോജ് തോമസ്, രാംദാസ് വള്ളത്തോള്‍ തുടങ്ങിയവര്‍ സംസാരിക്കും. ഭാരതീയ കലയെയും സാഹിത്യത്തെയും സ്‌നേഹിക്കുന്നവര്‍ക്ക് ബംഗാളും കേരളവും കൈകോര്‍ക്കുന്ന ഈ സാംസ്‌കാരിക സായാഹ്നം മറക്കാനാവാത്ത അനുഭവമായിരിക്കുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെടുന്നു.











