കേന്ദ്ര സര്‍ക്കാര്‍ 2025 സപ്തംബറില്‍ പ്രഖ്യാപിച്ച 69725 കോടിയുടെ പാക്കേജ്, നമ്മുടെ കപ്പല്‍ നിര്‍മാണ മേഖലക്ക് വന്‍ ഉത്തേജനം നല്‍കുമെന്നും 2047 ആകുമ്പോഴേയ്‌ക്കും ഭാരതം, കപ്പല്‍ നിര്‍മാണത്തില്‍ ആദ്യ അഞ്ചു രാജ്യങ്ങളില്‍ ഒന്നായി ഇടം പിടിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. 69725 കോടിയില്‍ 24736 കോടി രൂപ കപ്പല്‍ നിര്‍മ്മാണ സാമ്പത്തിക സഹായ പദ്ധതിക്ക്( ഷിപ് ബില്‍ഡിങ് ഫൈനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് സ്‌കീം) വേണ്ടി വകയിരുത്തിയിട്ടുണ്ട്. കപ്പല്‍ നിര്‍മാണ വികസന പദ്ധതിക്ക് (ഷിപ് ബില്‍ഡിങ് ഡെവലപ്‌മെന്റ് സ്‌കീം) 19989 കോടി രൂപയും മാരി ടൈം ഡെവലപ്‌മെന്റ് ഫണ്ടായി 25000 കോടിയുമാണ് വക കൊള്ളിച്ചിരിക്കുന്നത്.
ഇതില്‍ ഷിപ് ബില്‍ഡിംഗ് അസ്സിസ്റ്റന്‍സ് സ്‌കീം 2036 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. തദ്ദേശീയ കപ്പല്‍ നിര്‍മാണ നൈപുണ്യ വികസനവും സമുദ്രമേഖല നവീകരണവും ഒരുമിച്ചു പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ഭാരതത്തിന്റെ തന്ത്രപ്രധാനമായ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക മുന്നേറ്റത്തിനു വഴി തെളിക്കുന്നതിനും ഈ നടപടികള്‍ സഹായകമാകും. അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, സുരക്ഷാ ക്രമീകരണങ്ങള്‍, അപായസാധ്യതാ നിയന്ത്രണസംവിധാനം എന്നിവയാണ് 19989 കോടിയുടെ കപ്പല്‍ നിര്‍മാണ വികസനപദ്ധതിയിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.
സമുദ്ര രംഗത്തെ വികസനപ്രവര്‍ത്തനങ്ങളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പിന്തുണയ്‌ക്കുന്നതിനാണ് മാരിടൈം ഡെവലപ്‌മെന്റ് ഫണ്ട് വകകൊള്ളിച്ചിരിക്കുന്നത്. കപ്പല്‍ നിര്‍മാണശാലകള്‍ക്ക് മൂലധന പിന്തുണ, അപകടസാധ്യതാ സഹായം, ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കല്‍ എന്നിവയാണ് കപ്പല്‍ നിര്‍മാണ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര കപ്പല്‍ നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി വലിയ കപ്പലുകള്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ പദവി നല്‍കുക എന്നതും പദ്ധതിയുടെ ഭാഗമാണ്. ഇവയോടൊപ്പം തന്നെ നിയമ, നയ, നടപടി പരിഷ്‌കാരങ്ങള്‍ കൂടി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നുള്ളത് കപ്പല്‍ നിര്‍മാണ മേഖലയുടെ ത്വരിത വികസനത്തിന് എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ടെന്നുള്ളതിനു തെളിവാണ്.
ഒരു രാജ്യത്തിന്റെ സമഗ്രമായ പുരോഗതിയില്‍ കപ്പല്‍ നിര്‍മാണത്തിന്റെ, അഥവാ കപ്പല്‍ നിര്‍മാണശാലകളുടെ പങ്കെന്താണ്? ‘ഹെവി എന്‍ജിനീയറിങ് വിഭാഗത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്ന കപ്പല്‍ നിര്‍മാണ മേഖല, തന്ത്രപ്രധാനമായ ദേശീയ സുരക്ഷയില്‍ വ്യക്തമായ പങ്കു വഹിക്കുന്നതോടൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും സാമ്പത്തിക നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിലൂടെയും രാജ്യത്തിന്റെ സ്വാശ്രയപരമായ നിലനില്പിനു ശക്തമായ തുണയാകുകയും ചെയ്യുന്നു. നിലവില്‍, ഭാരതത്തിന്റെ കപ്പല്‍ നിര്‍മാണ മേഖലയുടെ സാമ്പത്തിക സ്വാധീനം വളരെ വലുതാണ്. ഓരോ നിക്ഷേപവും 6.4 മടങ്ങ് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും മൂലധനത്തിന്റെ 1.8 മടങ്ങ് തിരികെ നല്‍കുകയും ചെയ്യും. അതായത് രാജ്യത്തിന്റെ അഭിവൃദ്ധിയെ മുന്നില്‍നിന്നു നയിക്കാനുള്ള ശേഷി ഈ രംഗത്തിനുണ്ട്. ഉള്‍നാടുകളിലും തീരദേശ ഗ്രാമങ്ങളിലും പോലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തമാണ് കപ്പല്‍ നിര്‍മ്മാണം. ഗ്രാമപ്രദേശങ്ങളുടെ വികസനമാണ് രാജ്യപുരോഗതിയുടെ ആത്യന്തിക അളവുകോലെന്നതിനാല്‍ ഈ വ്യവസായം മുന്നോട്ടു വയ്‌ക്കുന്ന വാഗ്ദാനം അത്രമേല്‍ ആകര്‍ഷകമാണ്.’ ആത്മനിര്‍ഭര്‍ ഭാരത്’ എന്ന ദര്‍ശനം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഒരു പ്രധാന ചാലകമായി വര്‍ത്തിക്കുവാന്‍ കപ്പല്‍ നിര്‍മാണ മേഖലയ്‌ക്കും കഴിയും.
2024ലെ വര്‍ഷാന്ത്യ കണക്കു പ്രകാരം ഭാരതത്തിന് ആയിരത്തിലേറേ കപ്പലുകളുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലായിരുന്നു കപ്പല്‍ നി
ര്‍മാണം കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദശകത്തില്‍ സ്വകാര്യകപ്പല്‍ നിര്‍മാണശാലകള്‍ കൂടി ഈ മേഖലയിലേക്കു വന്നു. സമുദ്രമേഖലയിലൊട്ടാകെ വിവിധ തരത്തില്‍പ്പെട്ട വികസനപ്രവര്‍ത്തനങ്ങള്‍ ഉണ്ടായ കാലമാണിത്. ക്രൂയിസ് ടൂറിസം, ഉള്‍നാടന്‍ ജലഗതാഗതം, തുറമുഖസൗകര്യങ്ങള്‍ എന്നിവയില്‍ ഗണ്യമായ പുരോഗതി ഉണ്ടായതോടെ ഈ മേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുകയും പുതിയ നയ പരിഷ്‌കാരങ്ങളുണ്ടാകുകയും ചെയ്തു. ജലപാതകളിലൂടെയുള്ള ചരക്കുനീക്കത്തിന് ഇത് സഹായകമായി.
ഇത്തരം പുരോഗമനപരമായ സംരംഭങ്ങളുടെയും നയ പരിഷ്‌കാരങ്ങളുടെയും പിന്തുണയോടെ ഭാരതത്തിന്റെ കപ്പല്‍ നിര്‍മാണ മേഖല വികസനത്തിന്റെ സുപ്രധാന ഘട്ടത്തിലേക്ക് കടക്കുന്ന ഈ അവസരത്തില്‍ കേരളത്തിനു കൈവരാവുന്ന സവിശേഷനേട്ടങ്ങളെപ്പറ്റി അധികൃതര്‍ ആലോചിക്കേണ്ടതാണ്. സാങ്കേതിക വിദ്യാഭ്യാസരംഗത്ത് കപ്പല്‍ നിര്‍മാണത്തിനും അനുബന്ധ തൊഴിലുകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് വൈദഗ്ധ്യമുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്നത് ഇപ്പോള്‍ അനിവാര്യമായ ഒന്നാണെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. ടെക്‌നിക്കല്‍ സ്‌കൂളുകള്‍, ഐടിഐകള്‍, പോളി ടെക്‌നിക്കുകള്‍, എന്‍ജിനീയറിങ് കോളജുകള്‍ എന്നിങ്ങനെ ഈ രംഗത്തെ വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കു വഹിക്കാന്‍ കഴിയും. വിദ്യാഭ്യാസത്തിനു കൃത്യമായ ഉദ്ദേശലക്ഷ്യങ്ങള്‍ ഉണ്ടാകുന്നത് വിദ്യാര്‍ത്ഥികളെ സംബന്ധിച്ചു പ്രോത്സാഹനപരമാണ്. സവിശേഷമായ പഠനം കഴിഞ്ഞെത്തുന്ന യുവതലമുറയെക്കൂടാതെ, പല കാരണങ്ങള്‍ കൊണ്ടും ജോലി നഷ്ടമായോ ഉപേക്ഷിച്ചോ വിദേശത്തു നിന്നു വരുന്ന നൈപുണ്യമുള്ള തൊഴിലാളികള്‍ക്കും തുടര്‍ ജോലിക്ക് ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്താം. അനന്തമായ സാമുദ്രിക മേഖലാ തൊഴില്‍ സാധ്യതകളെപ്പറ്റി ചിന്തിക്കാനും അതിനു കഴിവും അറിവുമുള്ള തലമുറയെ വാര്‍ത്തെടുക്കാനും വൈകിക്കൂടാ.
നവീകരണം, സുസ്ഥിരത, നൈപുണ്യ വികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, മാരിടൈം ഇന്ത്യ വിഷന്‍ 2030ല്‍ വിവരിച്ചിരിക്കുന്ന നിര്‍ണ്ണായക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കപ്പല്‍ നിര്‍മാണ മേഖലയ്‌ക്ക് നല്ല സ്ഥാനമുണ്ട്. അതിന്റെ വികാസം വികസിത് ഭാരത് 2047ന്റെ വിശാലമായ ദേശീയ ലക്ഷ്യവുമായി സുഗമമായി യോജിക്കുന്നു. ഇത് സാമ്പത്തിക ഭദ്രത, രാജ്യത്തിന്റെ സ്വയം പ്രതിരോധം, തൊഴില്‍ സൃഷ്ടിക്കല്‍, ആഗോള മത്സരശേഷി എന്നിവയ്‌ക്ക് മികച്ച സംഭാവന നല്‍കുന്നു. വ്യവസായവും സര്‍ക്കാരും തമ്മിലുള്ള നിരന്തര സഹകരണത്തോടെ, ഭാരതത്തിന്റെ കപ്പല്‍നിര്‍മാണ വ്യവസായം നമ്മുടെ സമുദ്രശക്തിയുടെ അടിത്തൂണായും സമഗ്രവികസനത്തിന്റെ ചാലകമായും പരിണമിക്കാന്‍ തയാറാകുന്നു എന്നതാണു സന്തോഷകരമായ വസ്തുത. ഭാരതത്തിന്റെ പതാകവാഹകരായ കപ്പലുകള്‍ രാജ്യത്തെ സുസ്ഥിര പാതയിലൂടെ മുന്നോട്ടു നയിക്കുക തന്നെ ചെയ്യും.
(കൊച്ചി കപ്പല്‍ശാല ഓപ്പറേഷന്‍സ് ഡയറക്ടറാണ് ലേഖകന്‍)
















