മുംബൈ: മുംബൈയിലെ പവായില്‍ 17 കുട്ടികളെ ബന്ദികളാക്കിയയാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചു, കുട്ടികള്‍ സുരക്ഷിതര്‍. ഒരു ഫ്‌ളാറ്റില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എ സ്റ്റുഡിയോയില്‍ ഒരു വെബ് സീരീസിന്‌റെ ഓഡിഷനെത്തിയ 8 നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് രോഹിത് ആര്യ എന്നയാള്‍ നാടകീയമായി രണ്ട് മണിക്കൂറോളം ബന്ദികളാക്കിയത്. ഉച്ചയ്‌ക്ക് 1:45 ഓടെ പോലീസ് സ്ഥലത്തെത്തി ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും അയാള്‍ കുട്ടികളെ വിട്ടയക്കാന്‍ വിസമ്മതിച്ചു. മാത്രുമല്ല, ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പോലീസ് തന്ത്രപരമായി ബാത്ത്‌റൂമിലൂടെ അകത്തുകടക്കുകയും 17 കുട്ടികളെയും സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു.
ഇതോടെ ഇയാള്‍ അക്രമാസ്‌ക്തനാവുകയും എയര്‍ ഗണ്‍ ഉപയോഗിച്ച് പോലീസിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ഇതോടെ പോലീസിന് തിരികെ വെടിവയ്‌ക്കേണ്ടിവന്നു. പരിക്കുകളോടെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
‘നിങ്ങളില്‍ നിന്നുള്ള ചെറിയ നീക്കം പോലും എന്നെ പ്രകോപിപ്പിക്കും’ എന്ന് സംഭവത്തിന് മുമ്പ്, പുറത്തുവിട്ട ഒരു വീഡിയോയില്‍ രോഹിത് മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്റ്റുഡിയോയ്‌ക്ക് തീയിടുമെന്നും ഭീഷണിപ്പെടുത്തി. തനിക്ക് പണം ആവശ്യമില്ലെന്നും താന്‍ തീവ്രവാദിയല്ലെന്നും അയാള്‍ വീഡിയോയില്‍ പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് പോലീസ് എയര്‍ ഗണ്ണും ചില കെമിക്കല്‍ കണ്ടെയ്നറുകളും കണ്ടെടുത്തു.
സര്‍ക്കാരിന്‌റെ മൈ സ്‌കൂള്‍, ബ്യൂട്ടിഫുള്‍ സ്‌കൂള്‍ കാമ്പയിനിന്റെ കീഴില്‍ ആരംഭിച്ച ശുചിത്വ കാമ്പയിനിന് പണം നല്‍കാനുണ്ടെന്നും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുമായി ഇതേക്കുറിച്ച് സംസാരിക്കണമെന്നായിരുന്നു രോഹിത് ആര്യയുടെ ആവശ്യം.
















