തിരുവനന്തപുരം: പി.എം.ശ്രീ സമരത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് എതിരായ മുദ്രാവാക്യങ്ങളില്‍ എഐവൈഎഫ് ഖേദം പ്രകടിപ്പിച്ചു.സമരവുമായി ബന്ധപ്പെട്ട് മന്ത്രിക്ക് വിഷമമുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്‍ പറഞ്ഞു.
സംഘടന തീരുമാനമെടുക്കാതെ മന്ത്രിയുടെ കോലം കത്തിച്ചതിന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സാഗര്‍ ഉള്‍പ്പെടെ ഉള്ളവരോട് എഐവൈഎഫ് വിശദീകരണം തേടി.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.രജീഷ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.ചന്ദ്രകാന്ത്, സംസ്ഥാന സമിതി അംഗം പ്രശോഭ് എന്നിവരോടും വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു. സി.പി.ഐ കണ്ണൂര്‍ ജില്ലാ കൗണ്‍സിലും ഈ നേതാക്കളോട് വിശദീകരണം തേടി.
പി.എം.ശ്രീ വിഷയത്തിലെ സമരത്തില്‍ വേദന ഉണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞതിന് പിന്നാലെയാണ് എഐവൈഎഫിന്റെ ഖേദ പ്രകടനം.എ ഐ എസ് എഫ്, എ ഐ വൈ എഫ് സംഘടനകളുടെ പ്രതിഷേധം വേദനിപ്പിച്ചെന്ന് മന്ത്രി പറഞ്ഞിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി നിസഹായനാണെന്ന് സിപിഐ നേതാവ് കെ.പ്രകാശ് ബാബു നടത്തിയ പ്രതികരണത്തിലും മന്ത്രി ജി.ആര്‍ അനില്‍ നടത്തിയ പരാമര്‍ശങ്ങളിലും വേദനയുണ്ടെന്നാണ് മന്ത്രി വെളിപ്പെടുത്തിയത്.
പ്രകാശ് ബാബു പിന്നീട് എം എ ബേബിയെ ഫോണില്‍ ബന്ധപ്പെട്ട് ഖേദം പ്രകടിപ്പിച്ചപ്പോള്‍ ജി ആര്‍ അനില്‍ ശിവന്‍കുട്ടിയെ അപമാനിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥിയായിരിക്കുമ്പോളേ അദ്ദഹവുമായി സൗഹൃദമാണുളളതെന്നും പറഞ്ഞു.
















