തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവത്തിന്റെ സമാപനത്തിലെ ആറാട്ട് പുറപ്പാട് നടന്നു. ശംഖുമുഖം കടലിൽ ആറാട്ട് കടവിലേക്കുള്ള ആഘോഷയാത്രയിൽ വൻ ഭക്തജനത്തിരക്കായിരുന്നു.
പടിഞ്ഞാറേക്കോട്ട വഴി ആറാട്ട് പുറപ്പെട്ടു. അശ്വാരൂഢ പോലീസും ബാൻഡ് വാദ്യങ്ങളും നിരന്ന ആറാട്ടുയാത്രയിൽ പാരമ്പര്യാനുഷ്ഠാന പ്രകാരം പത്മനാഭദാസരായ തിരുവിതാംകൂർ രാജകുടുംബാംഗ പ്രതിനിധി ആറാട്ടുമൂർത്തികൾക്ക് കാവലാളായി മുന്നിൽ നടന്നു. പിന്നാലേ ഘോഷവാദ്യത്തോടെ ആറാട്ടുമൂർത്തികളുടെ എഴുന്നള്ളത്തുണ്ടായി. ആറാട്ടുയാത്രയിൽ നൂറുകണക്കിന് വിശ്വാസികൾ നാമജപവുമായി ചേർന്നു. രാത്രി ഒമ്പതു മണിയോടെ ആറാട്ട് തിരിച്ചെഴുന്നള്ളി ക്ഷേത്രപരിസരത്തെത്തും.













