പത്തനംതിട്ട: നെല്ല് സംഭരണത്തിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിയുമായി കരാര്‍ ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംയുക്ത കര്‍ഷക വേദി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനില്‍കുമാറിന് നിവേദനം നല്‍കി. 10 വര്‍ഷത്തിലധികമായി നെല്‍കര്‍ഷകരോട് നിഷേധാത്മക നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. യാതൊരാനുകൂല്യവും നെല്‍കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. വിള നശിച്ചവര്‍ക്ക് ഇന്‍ഷുറന്‍സ് തുക പോലും നല്‍കുന്നില്ലെന്നും സംയുക്ത കര്‍ഷക വേദി ഭാരവാഹികള്‍ പറഞ്ഞു.
പാലക്കാട് ഉള്‍പ്പെടെ കൊയ്‌ത്ത് കഴിഞ്ഞ നെല്ല് വയലില്‍ത്തന്നെ കിടക്കുകയാണ്. നെല്ല് മഴ നനഞ്ഞ് കിളിര്‍ക്കുന്നുമുണ്ട്. കൊയ്‌ത്തു കഴിഞ്ഞ് 10-15 ദിവസമായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ നെല്ലെടുത്തിട്ടില്ല.
സീസണ് ഒരു മാസം മുമ്പേ നെല്ല് എടുക്കുന്ന മില്ലുടമകളുമായി സര്‍ക്കാര്‍ ധാരണയില്‍ എത്തേണ്ടതാണ്. എന്നാല്‍ ഇത്തവണ മുഖ്യമന്ത്രി വിദേശയാത്രയില്‍ ആയിരുന്നതിനാല്‍ മില്ലുടമകളുമായി സംസാരിക്കാനോ ധാരണയില്‍ എത്താനോ ആയില്ല. കഴിഞ്ഞ ദിവസം എറണാകുളം ഗസ്റ്റ് ഹൗസില്‍ ഭക്ഷ്യ, വൈദ്യുത, ധന മന്ത്രിമാരുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ നിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ രോഷാകുലനായി ഇറങ്ങിപ്പോയ സാഹചര്യത്തിലാണ് നെല്ല് സംഭരണം എത്രയും വേഗം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കര്‍ഷക വേദി മന്ത്രിക്ക് നിവേദനം നല്‍കിയത്. സംഭരിക്കുന്ന നെല്ലിന്റെ വില 48 മണിക്കൂറിനകം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കണം. കേന്ദ്രം എംഎസ്പിക്കൊപ്പം സംസ്ഥാന വിഹിതമായ എട്ട് രൂപ അറുപത് പൈസ ബോണസും ലഭ്യമാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കേരള സംയുക്ത കര്‍ഷക വേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയും കര്‍ഷക മോര്‍ച്ച സംസ്ഥാന അധ്യക്ഷനുമായ ഷാജി രാഘവനു പുറമേ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, സംയുക്ത കര്‍ഷക വേദി കണ്‍വീനര്‍ എം.വി. രാജേന്ദ്രന്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. രന്‍ജിത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.
















