പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സമാനതകളില്ലാത്ത സാമ്പത്തികത്തട്ടിപ്പ് നടന്നതില്‍ സമാന്തര അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി).
സ്വര്‍ണപ്പാളികള്‍ കാട്ടി നിരവധി പേരില്‍ നിന്നു പോറ്റി പണം തട്ടിയതായി വ്യക്തമായതിനാലാണ് ഇ ഡി വിവര ശേഖരണം തുടങ്ങിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പിഎംഎല്‍എ) പ്രകാരം സന്നിധാനത്തെ സ്വര്‍ണക്കൊള്ളയില്‍ കേസിനു വകുപ്പുണ്ടെന്നാണ് ഇ ഡിക്ക് ലഭിച്ച നിയമോപദേശം. ശബരിമലയില്‍ നിന്നു സ്വര്‍ണപ്പാളികള്‍ മാറ്റിയതിനെ തുടര്‍ന്നു പലര്‍ക്കും കൊള്ള ലാഭമുണ്ടായി. സംഭവങ്ങളില്‍ കടുത്ത സാമ്പത്തിക അഴിമതി നടന്നതിനാലാണ് ഇ ഡിയുടെ വിവര ശേഖരണം.
വാതില്‍പ്പാളികള്‍, കട്ടിളപ്പാളികള്‍, ദ്വാരപാലക പാളികള്‍ എന്നിവയില്‍നിന്ന് സ്വര്‍ണം നീക്കി പൂശാന്‍ പോറ്റി പല സ്‌പോണ്‍സര്‍മാരില്‍ നിന്നു പണവും സ്വര്‍ണവും സ്വീകരിച്ചതായി എസ്‌ഐടി കണ്ടെത്തിയതിനാലാണ് ഇ ഡി രംഗപ്രവേശം. ഇപ്പോള്‍ ദ്വാരപാലക ശില്‍പ പാളികളിലെ സ്വര്‍ണക്കൊള്ള മാത്രമാണ് എസ്‌ഐടി അന്വേഷിക്കുന്നത്. എന്നാല്‍ ശബരിമല ശ്രീകോവിലില്‍ 2019 മാര്‍ച്ച് 11നു സ്ഥാപിച്ച പുതിയ വാതില്‍പ്പാളികള്‍ക്കു സ്വര്‍ണം പൂശാന്‍ നാല് പേരില്‍ നിന്നു പോറ്റി പണമായും സ്വര്‍ണമായും കോടികള്‍ പിരിച്ചെടുത്തതാണ് ഇ ഡി ഇടപെടലിനു വഴിവച്ചത്.
പള്ളിക്കത്തോട് സികെ കണ്‍സ്ട്രക്ഷന്‍ ഉടമ സി.കെ. വാസുദേവന്‍, ബെംഗളൂരു സ്വദേശി പി.ആര്‍. അജികുമാര്‍, രാംപുര സ്വദേശി രമേശ് റാവു, ബെല്ലാരി സ്വദേശി ഗോവര്‍ദ്ധന്‍ എന്നിവരെക്കൂടാതെ ഉണ്ണികൃഷ്ണന്‍ പോറ്റിയും വാതില്‍പ്പാളികളുടെ സ്‌പോണ്‍സര്‍ പട്ടികയിലുണ്ട്. ഇതേപേരില്‍ കൂടുതല്‍ വ്യക്തികളില്‍ നിന്നു പണം വാങ്ങിയോയെന്നത് ഇ ഡി അന്വേഷണത്തിലേ വ്യക്തമാകൂ. ബെല്ലാരി സ്വദേശി ഗോവര്‍ദ്ധന്റെ പക്കല്‍ നിന്ന് മാത്രം മുപ്പത്തിയേഴര പവനിലധികം (300 ഗ്രാമിനു മുകളില്‍) സ്വര്‍ണം പോറ്റി കൈപ്പറ്റി. തേക്കുതടിയില്‍ തീര്‍ത്ത വാതില്‍പ്പാളിയില്‍ ചെമ്പ് പൊതിഞ്ഞു സ്വര്‍ണം പൂശുന്നതുവരെയുള്ള സര്‍വ ചെലവുകളും താനാണ് വഹിച്ചതെന്നു കഴിഞ്ഞ ദിവസം ഗോവര്‍ദ്ധന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ദേവസ്വം രേഖയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമാണ് സ്‌പോണ്‍സര്‍.
ദ്വാരപാലക ശില്‍പ പാളികളില്‍ പൊതിഞ്ഞ തനിത്തങ്കം തന്നെയാണൊ ഗോവര്‍ദ്ധനില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയതെന്നും സംശയമുണ്ട്. സ്വര്‍ണ വ്യാപാരിയായ ഗോവര്‍ദ്ധന്‍ ആറു വര്‍ഷമായി എന്തുകൊണ്ട് ഈ സ്വര്‍ണം സൂക്ഷിച്ചുവെന്നതിലാണ് ഉത്തരം കിട്ടേണ്ടത്. 100 ഗ്രാം വീതം വരുന്ന അഞ്ചു സ്വര്‍ണക്കട്ടികള്‍, 74 ഗ്രാമുള്ള ഒരു സ്വര്‍ണക്കട്ടി, രണ്ടു പവന്‍ 400 മില്ലിഗ്രാം, ഒരു പവന്‍ 700 മില്ലിഗ്രാം, ഒരു പവന്‍ 500 മില്ലിഗ്രാം, 400 മില്ലിഗ്രാം എന്നിങ്ങനെ നാലു ചെറിയ കട്ടികള്‍ ഇതിലുണ്ട്.
ഈ സ്വര്‍ണം റാന്നി ഫസ്റ്റ് ക്ലാസ് ജുഡീ. മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം ഹാജരാക്കി.
ദ്വാരപാലക ശില്‍പ പാളികള്‍ സ്വര്‍ണം പൂശുന്നതിന് ഗോവര്‍ദ്ധനെക്കൂടാതെ ആരില്‍ നിന്നൊക്കെ പണം വാങ്ങിയെന്നതില്‍ വ്യക്തതയില്ല.
















