തിരുവനന്തപുരം: പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതില്‍ പുനപരിശോധന നടത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ ഏഴംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും.
റിപ്പോര്‍ട്ട് ലഭിക്കും വരെ പദ്ധതി നടപ്പാക്കുന്നത് നിര്‍ത്തിവയ്‌ക്കും.ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഉളള സമിതിയില്‍ കെ.രാജന്‍, റോഷി അഗസ്റ്റിന്‍, പി.രാജീവ്, പി.പ്രസാദ്, കെ.കൃഷ്ണന്‍കുട്ടി, എ.കെ.ശശീന്ദ്രന്‍ എന്നിവരാണ് അംഗങ്ങള്‍.
കേന്ദ്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ച് ഏഴാം ദിവസമാണ് പദ്ധതിയില്‍നിന്നുളള സര്‍ക്കാരിന്റെ പിന്‍മാറ്റം.രാഷ്‌ട്രീയ കാരണങ്ങളാല്‍ സിപിഐയുടെ ശക്തമായ പ്രതിഷേധമാണ് സര്‍ക്കാരിന്റെ പിന്‍മാറ്റത്തിന് കാരണം. ഉപസമിതിയില്‍ സിപിഐയില്‍നിന്ന് 2 മന്ത്രിമാരുണ്ട്.
സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആര്‍) നടപ്പാക്കുന്നതില്‍ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍നടപടി തീരുമാനിക്കാന്‍ നവംബര്‍ 5ന് വൈകിട്ട് നാലിന് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
















