പത്തനംതിട്ട: കേരളത്തിന്റെ ധനമാനേജ്‌മെന്റ് വന്‍പരാജയമെന്നും റവന്യൂ കമ്മി 10 വര്‍ഷം കൊണ്ട് മൂന്നരട്ടിയായി വര്‍ദ്ധിച്ചെന്നും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. 2023-2024 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2013-14 സാമ്പത്തിക വര്‍ഷം 1,24,000 കോടി രൂപയായിരുന്ന റവന്യൂ കമ്മി 2023-24 ല്‍ 3,85,000 കോടിയായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 10 വര്‍ഷമായി സംസ്ഥാനം നിത്യച്ചെലവിന് കടം എടുക്കേണ്ട സാമ്പത്തിക പ്രതിസന്ധിയിലാണ്. കടക്കെണിയില്‍ നിന്ന് കരകയറാന്‍ പറ്റാത്ത സ്ഥിതിയാണ് സംസ്ഥാനത്തിന്റേതെന്നും ഓഡിറ്റില്‍ സൂചിപ്പിക്കുന്നു.
എല്ലാ സംസ്ഥാനങ്ങളുടെയും 2023-24 സാമ്പത്തിക വര്‍ഷത്തെ വരവ്, ചെലവ്, കടം എന്നിവയുടെ സമഗ്ര റിപ്പോര്‍ട്ടാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ സ്റ്റേറ്റ് ഫൈനാന്‍സ് ഓഡിറ്റില്‍ ഉള്ളത്. സംസ്ഥാന വരുമാനത്തിന്റെ 66 ശതമാനം തുകയും ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, പലിശ, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഗ്രാന്റ് എന്നിവക്കായാണ് ചെലവഴിക്കുന്നത്. അതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പണമില്ലാത്ത അവസ്ഥയാണ്. വന്‍ വികസന പദ്ധതി റാങ്കില്‍ 28 സംസ്ഥാനങ്ങളില്‍ അവസാനമായ 28ല്‍ ആണ് കേരളമെന്നും ഓഡിറ്റില്‍ സൂചിപ്പിക്കുന്നു. മറ്റു സംസ്ഥാനങ്ങള്‍ വികസനകാര്യങ്ങള്‍ക്ക് 18 മുതല്‍ 20 ശതമാനം വരെ ചെലവഴിക്കുമ്പോള്‍ 1.18 ശതമാനം മാത്രമാണ് വികസനമേഖലയില്‍ കേരളത്തിന് ഉപയോഗിക്കാന്‍ സാധിക്കിന്നുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര ധനകാര്യ കമ്മിഷന്റെ നിര്‍ദേശം സംസ്ഥാനങ്ങള്‍ ജിഡിപി വരുമാനത്തിന്റെ 33 ശതമാനമേ കടമെടുക്കാവൂ എന്നാണ്. എന്നാല്‍ കേരളത്തിന്റെ കടം ജിഡിപിയുടെ 37 ശതമാനത്തില്‍ അധികമായെന്നും ഇത് സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന കടമെടുപ്പ് ആണെന്നും സിഎജി പറയുന്നു. എന്നാല്‍ സിഎജി റിപ്പോര്‍ട്ട് മുഖവിലക്ക് എടുക്കുന്നില്ലെന്നും കിഫ്ബി വായ്‌പ നേരിട്ടുള്ള ബാധ്യതയല്ലെന്നും എടുക്കുന്ന വായ്‌പ അതത് വര്‍ഷം തിരിച്ചടയ്‌ക്കാറുണ്ടെന്നുമാണ് ധനമന്ത്രി ബാലഗോപാലന്റെ നിലപാട്.
















