ന്യൂദല്‍ഹി: ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കുമെന്ന് അവകാശപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഒരു യുവ നിയമ ബിരുദധാരിക്കെതിരെ എടുത്ത ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. മുഹമ്മദ് ഫയാസ് മന്‍സൂരി എന്നയാള്‍ക്കെതിരെ എടുത്ത കേസിലാണ് സുപ്രീം കോടതി വിധി. ഇതേത്തുടര്‍ന്ന് പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ പരാതിക്കാരന്‍ ഹര്‍ജി പിന്‍വലിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് കോടതി കണ്ടതായും ക്രിമിനല്‍ നടപടികളില്‍ ഇടപെടാന്‍ ഒരു കാരണവും കാണുന്നില്ലെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത് , ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
2020-ല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ട് തനിക്ക് അയച്ച സമന്‍സ് റദ്ദാക്കണമെന്ന ഹര്‍ജിക്കാരന്റെ അപേക്ഷ തള്ളിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
‘തുര്‍ക്കിയിലെ സോഫിയാന്‍ പള്ളി പുനര്‍നിര്‍മ്മിച്ചതുപോലെ, ബാബറി മസ്ജിദും ഒരു ദിവസം പുനര്‍നിര്‍മ്മിക്കപ്പെടും.’ എന്നായിരുന്നു മുഹമ്മദ് ഫയാസ് മന്‍സൂരിയുടെ ഫേസ് ബുക്ക് പോസ്റ്റ്.
















