സുരേന്ദ്രൻ ചുനക്കര
(മുൻ പിആർഒ, ആർസിസി)
“എന്നെ കൊല്ലാൻ വന്ന കാൻസറിനെ ഞാൻ കൊന്നു. ”
കൊല്ലം തുളസിയുടെ പ്രഭാഷണത്തിൽ പലപ്പോഴും കേൾക്കാറുള്ള ഒരു വാചകമാണിത്.
ഇത് വെറും വാക്കല്ല. സഹനത്തിന്റെയും വേദനയുടെയും തടവറയിൽ നിന്ന് മോചിതനായ ഒരു മനുഷ്യന്റെ ഹൃദയാക്ഷരികൾ ആണ് അവ.
ആരോഗ്യം, സൗന്ദര്യം, പണം, പ്രശസ്തി, ആരാധകവൃന്ദം, അധികാരം എന്നിങ്ങനെ ഈ ഭൂമിയിൽ ഒരു മനുഷ്യന് അഭിമാനിക്കാൻ വക നൽകുന്ന ക്ഷണിക സൗഭാഗ്യങ്ങളുടെ നേരെ കൊഞ്ഞനം കാട്ടിക്കൊണ്ട് മരണത്തിന്റെ കോമാളി കടന്നു വരുമ്പോൾ ഞെട്ടിത്തരിച്ചു നിൽക്കുന്നവരാണ് നമ്മൾ. എന്നാൽ ലിംഫോമ എന്ന അർബുദഭീകരൻ ശരീരത്തിന്റെ ഗ്രന്ഥിപ്പുരയിൽ സ്ഫോടനം നടത്താൻ വന്നപ്പോൾ തന്റെ ഉള്ളിലെ വില്ലനെയും വില്ലാളിയെയും പുറത്തെടുത്തു കൊല്ലം തുളസി പറഞ്ഞത് ഞാൻ ഓർക്കുന്നു -“പിന്നേ –നീയെന്നെയങ്ങു ഞൊട്ടും ”!!
അർബുദ ഭീകരൻ വജ്ര കാഠിന്യമുള്ള നെഞ്ചിൽ നിന്നും പുറത്തേക്കുവന്ന ലോഹക്കരുത്തുള്ള ഈ ശബ്ദം കേട്ട് പകച്ചു പോയി. ഇച്ഛാശക്തിയുടെ ലാവ പ്രവഹിപ്പിക്കുന്ന ഈ അഗ്നിപർവതത്തോട് ഏറ്റുമുട്ടുന്നത് അപകടമാണെന്ന് അർബുദത്തിന്റെ ആർ ഡി എക്സ് ബോംബുമായി ശരീരത്തെ തകർക്കാൻ വന്ന അദൃശ്യ ഭീകരന് തോന്നിക്കാണും!
ഞാൻ ഇത് ആലങ്കാരികമായി പറഞ്ഞെങ്കിലും അതിൽ വസ്തുത ഉണ്ട്. അർബുദചികിത്സക്കായി തുളസിച്ചേട്ടൻ വന്ന ദിവസം മുതൽ അദ്ദേഹത്തിന്റെ പോസിറ്റീവ് ചിന്തകളും ആത്മവിശ്വാസവും ധൈര്യവും എന്നെ അത്ഭുത പ്പെടുത്തിയിട്ടുണ്ട്. പത്തോളജി റിപ്പോർട്ട് കാണുമ്പോൾ വിഭ്രമത്തിന്റെ തുരങ്കത്തിൽ കയറിയതുപോലെ പരിഭ്രാന്തരാകുന്ന രോഗികളെ കണ്ടു ശീലിച്ച എനിക്ക് കൊല്ലം തുളസി എന്ന സിനിമാ വില്ലൻ ജീവിതത്തിൽ ധീര വീര പരാക്രമിയായ നായകനായി തീരുന്ന കാഴ്ച കൗതുകകരമായിരുന്നു.
മരങ്ങളും മഞ്ഞു തുള്ളിയും പുഴമീനും പുൽക്കൊടിയും മാത്രമല്ല കോടാനുകോടി കോശ സഞ്ചയത്തിന്റെ പരമ പിതാമഹാനായ ദൈവം തമ്പുരാൻ പറഞ്ഞത് പോലും കേൾക്കാതെ, പ്രകൃതി നിയമങ്ങളെ ധിക്കരിച്ചുകൊണ്ട്,മരിക്കാൻ ഞങ്ങൾക്ക് മനസില്ല എന്ന് പറഞ്ഞുകൊണ്ട് തുളസിധരൻ പിള്ളയുടെ ലിംഫ് ഗ്രന്ഥിയിലെ കോശങ്ങൾ വിപ്ലവത്തിനിറങ്ങി. അങ്ങനെ ആ മഹാനായ നടന് ലിംഫോമ എന്ന അർബുദം സ്ഥിരീകരിക്കുന്നു.
രക്തത്തിന്റെയും മജ്ജയുടെയും അപഥ സഞ്ചാരങ്ങൾ അറിഞ്ഞിട്ടും ക്ഷമയുടെ ആൾരൂപമായി ഈ ആജാനു ബാഹു നിൽക്കുമ്പോൾ മറ്റു രോഗികൾക്കും അത് ആത്മ വിശ്വാസം പകരുന്നു.
സ്കാനറുകളുടെ പ്രോബുകളും കാനുലയുടെ സൂചി മുഖവും തീഗന്ധമുള്ള കീമോതെറാപ്പി മരുന്നുകളും കാക്കത്തൊള്ളായിരം പരിശോധനകളുമൊക്കെ കൊല്ലം തുളസിയുടെ യുദ്ധ സന്നദ്ധമായ മനസിനെ പേടിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അതൊന്നും വിലപ്പോയില്ല.
കാറ്റിൽ ഉലയാത്ത ദീപനാളം പോലെ തളരാതെ നിൽക്കാനുള്ള ഊർജം തുളസിച്ചേട്ടന് കിട്ടിയത് നക്ഷത്രങ്ങളിൽ നിന്ന് നേരിട്ടാണ്. സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിച്ചു തകർക്കുമ്പോഴും തന്റെ ആദി സ്രോതസ്സായ കോസ്മിക് സ്റ്റാറുകളാണ് ഈ അഭിനയ പ്രതിഭക്കു കരുത്തു നൽകുന്നത്.
ധൈര്യോതെറാപ്പി എന്ന മൃത സഞ്ജീവനി ആണ് മരണഭീതിയുടെ മോഹാലസ്യത്തിൽ നിന്ന് ഇദ്ദേഹത്തെ രക്ഷിച്ചത്.
ബന്ധങ്ങളും ബന്ധനങ്ങളും എന്താണെന്നും സ്വന്തമെന്ന പദത്തിനർത്ഥമെന്താണെന്നും പഠിപ്പിച്ച സഫല കാലം കൂടിയായിരുന്നു ലിംഫോമ അദ്ദേഹത്തിന് നൽകിയത്. നിനച്ചിരിക്കാത്ത നിരാകരണവും സ്നേഹവുമൊക്കെ ജീവിതത്തിന്റെ വൈവിധ്യവും അത്ഭുതവും നിറഞ്ഞ സത്യങ്ങളിലേക്ക് ഈ മനുഷ്യനെ കൊണ്ടുപോയി.
ശരീരവേദനകളും മനസിന്റെ ആശങ്കകളും, ജീവിതവും മരണവും തമ്മിലുള്ള നിഴൽ യുദ്ധവുമൊക്കെ രോഗത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തി കൊല്ലം തുളസി എന്ന കലാകാരൻ ദാർശനിക തലത്തിൽ നമ്മെ എത്തിക്കും. കാൻസർ നന്മയും നല്ല ശമര്യാക്കാരനു മായി മാറുന്ന അനുഭവങ്ങളും അദ്ദേഹത്തിനുണ്ട്. ജീവിതത്തെ കുറിച്ചും അതിന്റെ പേരറിയാത്ത വഴികളെക്കുറിച്ചും , വിധിയുടെ ദുരൂഹമായ സമ്പ്രദായങ്ങളെക്കുറിച്ചും പുതിയ അവബോധമുണ്ടാകാൻ രോഗം സഹായിച്ചിട്ടുണ്ട്.
ഞരമ്പുകൾ രാസദ്രാവകങ്ങളുടെ തീപ്പുഴയിൽ സ്നാനം ചെയ്യപ്പെടുകയും കോശങ്ങൾ സ്പർശബോധം മറന്നു ഭ്രാന്തരെപ്പോലെ പെരുമാറുകയും ചെയ്തിട്ടും തുളസിച്ചേട്ടൻ അത് ഒരു നവ്യാനുഭവത്തിന്റെ രസാനുഭൂതിയായാണ് കണക്കാക്കിയത്. മരവിപ്പിന്റെ സുഖത്തിൽ അദ്ദേഹം രാസൗഷധങ്ങളോട് വക്രിച്ച ഒരു ചിരി ചിരിച്ച്, എനിക്കും വില്ലനാകാൻ പറ്റും എന്നൊരു താക്കീതു കൊടുത്തു!
മജ്ജയിലും മാംസത്തിലും ലിംഫ് നാളികളുടെ നാൽക്കവലയിലും ഗുണ്ടായിസം കാണിക്കുന്ന ചട്ടമ്പികോശങ്ങളോട് ക്ലൈമാക്സ് സ്റ്റണ്ട് നടത്തി വിജയശ്രീലാളിതനായി ജീവിതത്തിന്റെ വെള്ളിത്തിരയിൽ ഈ മനുഷ്യൻ നിൽക്കുമ്പോൾ ധൈര്യോതെറാപ്പി എന്ന തുളസീവിയൻ പ്രയോഗത്തിന്റെ അർത്ഥ പൂർണിമ നമുക്ക് ലഭിക്കുന്നു.
കാൻസർ എന്ന ഒളിപ്പോരാളി ഗറില്ലയുദ്ധത്തിലൂടെ തകർത്തെറിഞ്ഞ കുടുംബങ്ങൾക്കും സഹ രോഗികൾക്കും പോരാട്ട വീര്യം പകരുന്നതാണ് കൊല്ലം തുളസിയുടെ വാക്കുകൾ. കാൻസറിനെക്കുറിച്ചോർത്തു ജീവിതം പാഴാക്കാതിരിക്കാൻ “ ഉത്തിഷ്ഠതാ ജാഗ്രതാ ”എന്ന മന്ത്രമോതി കൊടുക്കുകയാണ് ഈ മനുഷ്യ സ്‌നേഹി! തന്റെ കാൻസറിനെ വിപദി ധൈര്യം കൊണ്ടും ശാസ്ത്രീയമായ ചികിത്സകൊണ്ടും നേരിട്ട വിധം തുളസിധരൻ പിള്ള ആൾക്കൂട്ടത്തോടും ഒറ്റ മനുഷ്യനോടും പറഞ്ഞു കൊണ്ടിരിക്കുന്നു. അത് രോഗികൾക്ക് മാത്രമല്ല സമൂഹത്തിനാകെ പ്രചോദനത്തിന്റെയും ആത്മ ധൈര്യത്തിന്റെയും ഔഷധമാണ്. അമൃതിനു സമാനമായ ധൈര്യമരുന്ന്. !!!!
















