Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്യാഗരാജസ്വാമികൾക്കും വിശന്നിട്ടുണ്ടാവുമല്ലോ!

സദനം. കെ. ഹരികുമാർ കഥകകളി, ചിത്രകല, ശിൽപ്പകല, സംഗീതം, കലാമണ്ഡലം... വിവിധ വിഷയങ്ങളിൽ ജന്മഭൂമിയുടെ ഈ വർഷത്തെ (2025) ഓണം പ്രത്യേക പതിപ്പിൽകാവാലം ശശികുമാറുമായി സംസാരിക്കുന്നു...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 03:24 pm IST
in Samskriti, Interview, Entertainment

കലയെ ഉപജീവനത്തിനപ്പുറം സാധനയായി കാണുന്നവരുടെ എണ്ണം കുറയുകയാണ്. കലയെ ഒരു വിൽപ്പനവസ്തുവെന്ന നിലയിലേക്ക് മാറ്റുകയും വിപിണി പിടിക്കാൻ മറ്റ് ഉപഭോഗവസ്തുക്കളുടെ കാര്യത്തിലെന്നപോലെ കലാരംഗത്തുംചിലത് സംഭവിക്കുകയും ചെയ്യുന്നുണ്ട്. താൽകാലിക നേട്ടങ്ങൾക്ക് ഇത് സഹായിച്ചേക്കാമെങ്കിലും സാംസ്‌കാരികയായി ഗുണമല്ല.
കഥകളി, ആട്ടക്കഥ, കർണാക സംഗീതം, ചിത്രമെഴുത്ത്, ശിൽപ്പ നിർമ്മാണം, പ്രഭാഷണം, അദ്ധ്യാപനം എന്നിങ്ങനെ വിവിധ മേഖലകളിൽ അസാമാന്യമായ കഴിവ് തെളിയിച്ചുകഴിഞ്ഞ സദനം ഹരികുമാർ ഈ കലാരംഗത്തെ ചില പ്രവണതകളെക്കുറിച്ച് തുറന്നു പറയുന്നു.
ഏത് രംഗത്തും ഒറ്റയാന്മാർ ഉണ്ടാകുന്നത് ഇങ്ങനെയാണ്. കൂട്ടത്തിൽ കൂടി ‘ദീപസ്തംഭം മഹാശ്ചര്യം’ എന്നു പറയാൻ എളുപ്പമാണ്. മറിച്ച്, ‘രാജാവ് നഗ്നനാണ്’ എന്ന് വിളിച്ചു പറയാൻ ധീരതയും ധിഷണയും ഉണ്ടാകുന്നവർ കുറവാണ്. അതുകൊണ്ടുകൂടിയാണ് ഈ ദേശത്തിലേക്കാൾ വിദേശങ്ങളിൽ സദനം ഹരികുമാർ ഏറെ കൊണ്ടാടപ്പെടുന്നത്. കലയെ കാലാതിവർത്തിയാക്കാനുള്ള തുടർപ്രവർത്തനത്തിലെ കണ്ണികളിൽ ഒരാളാണ് സദനം. അതുകൊണ്ടുതന്നെയാണ് ഇങ്ങനെയൊരു സംഭാഷണത്തിന് അദ്ദേഹത്തെ കണ്ടെത്തിയത്. സദനം ഹരികുമാർ സംസാരിക്കുന്നു.

? നമ്മുടെ കലകൾ കാലത്തിനനുസരിച്ച് മാറുന്നുവെന്ന് തോന്നുന്നു. ഈ മാറ്റങ്ങൾ കലയ്‌ക്ക് ഗുണകരമാണോ? കലയാകുന്നത് കാലാതിവർത്തിയാകുമ്പോഴല്ലേ? പിന്നെ അതിലെങ്ങനെ കാലം സ്വാധീനിക്കും?
– ഏതു മേഖലയിലായാലും, ശാസ്ത്രീയ കലയിലും കളിയിലും, അടിസ്ഥാന നിയമങ്ങൾ മാറാതിരിക്കുകയും കാലത്തിനനുസരിച്ച് പുതിയ ചിട്ടകൾ,/സാധ്യതകൾ/ നിയമങ്ങൾ രൂപപ്പെടുത്തുകയും വേണം. ചെസ് കളിയിൽ അടിസ്ഥാന നിയമങ്ങൾ മാറിയിട്ടില്ല, പക്ഷേ പുതിയ ക്രമങ്ങൾ, ചിട്ടകൾ വരുന്നു. അപ്പോൾ പുതിയ പ്രതിഭകളും രീതികളും പിറക്കുന്നു. ക്രിക്കറ്റിലും അതുപോലെ തന്നെ. ഭക്ഷണത്തിലും വേഷത്തിലുമൊക്കെ ഇത് ഉണ്ടാവണം. ഭക്ഷണം പോഷകമാകണം ഒപ്പം രുചികരവും. അപ്പോൾ പാചകത്തിൽ പുതിയ രീതികൾ നോക്കണം. വസ്ത്രത്തിന്റെ കാര്യത്തിലും അങ്ങനെയാണ്, അടിസ്ഥാന ലക്ഷ്യം നിർവഹിക്കാതെ ഫലമില്ലല്ലോ; മറ്റെന്തു മാറിയാലും. മോഹിനിയാട്ടത്തെ മോഹിനിയാട്ടമായിനില നിർത്തുന്ന ചില ഘടകങ്ങളുണ്ട്. അത് മാറിയാൽ മോഹിനിയാട്ടമല്ലാതാകും എന്നുകരുതി പുതിയ ചിട്ടകൾ/ സാധ്യതകൾ ആയിക്കൂടെന്നില്ല. അതായത്, സ്ഥിരമായി നിൽക്കേണ്ടവയും മാറികൊണ്ടിരിക്കേണ്ടവയുമുണ്ട്. അങ്ങനെ മാറ്റങ്ങൾ വരണം. പക്ഷേ മാറ്റത്തിനു വേണ്ടി ആകരുത് മാറ്റങ്ങൾ. അത് സ്വാഭാവികമായി വരേണ്ടതാണ്.
ഞാൻ പ്രവർത്തിക്കുന്ന മേഖലയിൽ ഞാൻ മാറ്റങ്ങൾക്ക് ശ്രമിച്ചിട്ടുണ്ട്. 23 ആട്ടക്കഥകൾ ഞാൻ രചിച്ചിട്ടുണ്ട്. വിദേശ സർവകലാശാലയായ ഹവായ് യൂണിവേഴ്സിറ്റി അത് അവരുടെ ഔദ്യോഗിക ജേണലിൽ ഇംഗ്ലീഷിലാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ശാപമോചന’മെന്നാണ് ആ കഥ. എന്നെ സംബന്ധിച്ച് എന്റെ ആട്ടക്കഥ ഹവായ് സർവകലാശാല പ്രസിദ്ധീകരിച്ചത് വലിയ കാര്യമാണ്. രണ്ടാമത് ആനുകാലികമായ ഒരു ആട്ടക്കഥ ഒരു അന്താരാഷ്‌ട്ര ജേണലിൽ അച്ചടിച്ചുവരുന്നുവെന്നത് ആ കലയുടെ നേട്ടവുമാണ്. കേംബ്രിഡ്ജ് സർവകലാശാലയുടെ ‘ന്യൂതീയറ്റർ’ എന്നൊരു ജേണലുണ്ട്. ‘മാഗധേയം’ എന്ന പേരിൽ ഞാനെഴുതിയ ഒരാട്ടക്കഥയുണ്ട്. ജരാസന്ധന്റെ മകൾ അസ്തിയുടെകഥയാണ്. പിന്നീട് കംസന്റെ ഭാര്യയായ ആ അസ്തിയെന്ന കഥാപാത്രത്തെ ആധാരമാക്കി ഒരു ലേഖനം ആ ജേണലിൽ ഇംഗ്ലീഷിൽ വന്നു. ഏഷ്യൻ തീയറ്റർ ജേണലിൽ ‘കർണപരിത്യാഗം’ എന്ന കഥയെക്കുറിച്ച് ഒരു ആർട്ടിക്കിൾ വന്നു; ആസ്ട്രേലിയൻ നിരൂപകനാണ് എഴുതിയത്. അത്തരത്തിൽ ഒരു നിരൂപണമോ ലേഖനമോ എന്റെ രചനകളെക്കുറിച്ച് മലയാളത്തിൽ വന്നിട്ടില്ല.


?ഞാൻ ചോദിച്ചതും അതാണ്. പരീക്ഷണത്തിനുവേണ്ടിയുള്ള പരീക്ഷണങ്ങൾ അനിവാര്യമല്ല. മറിച്ച് കലയുടെ അടിസ്ഥാന ധർമ്മങ്ങൾ കളഞ്ഞ്, പ്രചാരണം, അഥവാ ജനപ്രിയത എന്നതിന് പ്രാധാന്യം കൊടുക്കുമ്പോൾ സംഭവിക്കുന്നത് നല്ലതല്ല എന്ന പക്ഷമാണോ താങ്കൾക്കും?

= തീർച്ചയായും. ‘ദാരികവധം’ എന്നൊരു ആട്ടക്കഥയുണ്ട്. അത് പ്രസിദ്ധമാണ്. അത് ഞാൻ ആടിയിട്ടുണ്ട്. പക്ഷേ അതിൽ ചില യുക്തിഭംഗം തോന്നിയിട്ടുണ്ട്. ഞാൻ ചില പുതിയ കൽപിത കഥാപാത്രങ്ങളെ ചേർത്ത് ‘ദാരികവധം’ പുതുതായി രചിച്ചു. അതിൽ ഒരു ദളിത് യുവതിയെ അവതരിപ്പിക്കുന്നുണ്ട്. ദാരികൻ എന്ന അസുരനാൽ പീഡിതയായ, ദേവദാസിയായ ദളിത യുവതി പുനർജന്മത്തിൽ കാളിയായിവന്ന് ദാരികനെ വധിക്കുന്നുവെന്നാണ് കൽപ്പന. അതിൽ കാലികമായ ഒരു കഥയും വ്യാഖ്യാനവുമുണ്ട്. അത്തരം പരീക്ഷണങ്ങൾ വിജയമാണ്, പലരും അഭിനന്ദിച്ചിട്ടുണ്ട്.

?’സന്താനഗോപാലം’ കഥകളി അവതരിപ്പിക്കുമ്പോൾ മക്കൾ മരിച്ചുപോകുന്ന ബ്രാഹ്‌മണൻ മക്കളെ തിരിച്ചുകിട്ടുമ്പോൾ ശ്രീകൃഷ്ണനെയും അർജുനനെയും ഭത്സിച്ചതിന് ക്ഷമാപണം നടത്തുന്നുണ്ട്. അപ്പോഴാണല്ലോ ബ്രാഹ്‌മണപക്ഷത്തുനിന്ന് കൃഷ്ണനെ കുറ്റപ്പെടുത്താൻ കൂട്ടുനിന്ന കാഴ്ചക്കാരുടെ ചിന്തയും ധർമ്മപക്ഷത്ത് എത്തുന്നത്. എന്നാൽ ആധുനികകാലത്തെ കഥയും കലാവിഷ്‌കാരങ്ങളും വിമർശനമേ നടത്തുന്നുള്ളൂ. ധർമ്മത്തിനെ ശരിവെക്കുന്ന, സ്ഥാപിക്കുന്ന പ്രവർത്തനം നടക്കുന്നില്ല. അത്തരം പരീക്ഷണങ്ങൾ സാമൂഹികമായ അപകടമല്ലേ വരുന്നത്?

– എന്റെ ‘മാഗധേയം’ എന്ന ആട്ടക്കഥയുടെ കാര്യം പറഞ്ഞല്ലോ. അതിൽ ഇതുവരെ കഥകളിയിൽ സ്വീകരിച്ചിട്ടില്ലാത്ത ധാരാളം സമീപനങ്ങൾ ഉണ്ട്. പടപുറപ്പാട് എടുക്കുന്ന സ്ത്രീവേഷം അതിൽ ഉണ്ട്. അത് പരീക്ഷണ മായിരുന്നില്ല മറിച്ച് ആവശ്യമായിരുന്നു.. അത് ആവശ്യമാണെന്ന പക്ഷമാണ് എനിക്ക്.
ഞാൻ വിദേശരാജ്യങ്ങളിൽ യാത്രചെയ്യുമ്പോൾ അവിടത്തെ മ്യൂസിയങ്ങൾ സന്ദർശിക്കും. ആ നാടിന്റെ സംസ്‌കാരം, പൈതൃകം, കലാപാരമ്പര്യം തിരിച്ചറിയാനാണത്. അവിടെ ഞാൻ എന്റെ രാജ്യത്തെ നാട്ടിലെ കലകളും ശിൽപങ്ങളും ചിത്രങ്ങളുമൊക്കെയായി താരതമ്യം ചെയ്യും. വ്യത്യാസം തിരിച്ചറിയും. അതാവശ്യമാണ്. അത് എന്റെ ആവിഷ്‌കരണത്തിൽ വരും. അത് മെച്ചപ്പെടുത്തലിന് വേണ്ടിയാണ്. പിന്നെയും ഞാൻ എന്റെ സർഗ്ഗമേഖലയെക്കുറിച്ച് പറയേണ്ടിവരികയാണ്. ‘ശാപമോചനം’ എന്ന ആട്ടക്കഥ ഉർവശീശാപത്തിന്റെ കഥ ഞാൻ പുനസൃഷ്ടിച്ചതാണ്. പുതിയ വ്യാഖ്യാനം ആണ് അത്. അത് പ്രസിദ്ധമായ ഉർവ്വശീശാപ കഥയിലെ ചില യുക്തിയില്ലായ്‌മയെ മറികടക്കാൻ ഞാൻ മറ്റൊരു രീതിയിൽ, അവതരിപ്പിച്ചതാണ്. കഥകളിയിലെ സംഭോഗ ശൃംഗാരത്തിന്റെ തലത്തിൽനിന്ന് കഥയെയും സങ്കേതത്തെയും പുനസൃഷ്ടിക്കുകയാണ് ചെയ്തത്. ‘അഭിസാരിക’ ആയ ഉർവശിയെ ഇതിൽ മാതൃ പദത്തിലേക്ക് ഉയർത്തുന്നുണ്ട്. അത് ഒരു ഉദാത്തവൽകരണമാണ്. കല ആവശ്യപ്പെടുന്നതും അതാണ്.

? ഇത്തരത്തിലുള്ള സർഗ്ഗസൃഷ്ടികൾക്ക് വേണ്ട തരത്തിലുള്ള അംഗീകാരവും അഭിനന്ദനവും കിട്ടിയിട്ടില്ല എന്ന പക്ഷമുണ്ടോ? ഉണ്ടെങ്കിൽ എന്താണ് കാരണമായി തോന്നുന്നത്?

= കിട്ടിയിട്ടില്ല എന്നതല്ല എന്റെ പരാതി. കഥകളി മേഖലയിൽ വലിയ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. കർഷകൻ, കൃഷിക്കാർ എന്ന കാര്യത്തിൽ സംഭവിച്ച മാറ്റമുണ്ടല്ലോ, കൃഷിഭൂമി കർഷകന്റേത് എന്ന ലൈൻ, അതുപോലെ കഥകളി ഇപ്പോൾ സംഘാടകരുടേത്, അല്ലെങ്കിൽ കഥകളി നിരൂപകരുടേത് ആയി മാറിയിരിക്കുന്നു. അവരാണ് കഥകളിയെ നിയന്ത്രിക്കുന്നത്. അവരാണ് നിശ്ചയിക്കുന്നത് നിങ്ങൾ എന്താസ്വദിക്കണമെന്ന്. നിങ്ങൾ ഏത് കളിക്കാരനെ കാണണം എന്ന് തീരുമാനിക്കുന്നത് അവരാണ്. അതാണ് ഇന്നത്തെ സ്ഥിതി. അവർ ഞാനെഴുതിയതുംപാലെയുള്ള ആട്ടക്കഥകളെ പ്രോത്സാഹിപ്പിക്കില്ല. അങ്ങനെ വേണമെന്നുണ്ടെങ്കിൽ ഞാൻ അവരുടെ പിറകേ നടന്ന് അവരുടെ ശിങ്കിടിയാകണം; അധീനനാകണം. അത് മാത്രമല്ല, ഇങ്ങനെയൊരാസ്വാദനം പൊതുജനങ്ങളിൽ ഉണ്ടാകരുതെന്ന് അവർക്ക് വാശിയുണ്ട്.
ഇപ്പോൾ ‘രാവണോത്ഭവം’ കഥകളി നടക്കുന്നുവെന്ന് കരുതുക. അവിടെ ഞാൻ പറഞ്ഞ ഈ ഗ്രൂപ്പിൽപ്പെട്ട ഒരാൾ മൈക്കും പിടിച്ച് നടന്ന കഥയും കഥാപാത്രങ്ങളുടെ അഭിനയവും മുദ്രയും കളി നടക്കുമ്പോൾ മൈക്കിലൂടെ വിവരിക്കും. അത് അവതരണുത്തിനും ആസ്വാദനത്തിനും വലിയ ശല്യമാണ്. കഥകളി നടക്കുമ്പോൾ മുദ്രയിൽ കാണിക്കേണ്ടത് ഇയാൾ മൈക്കിലൂടെ പറയുകയാണ്. വേഷക്കാരനേക്കാൾ അനൗൺസർക്ക് പ്രാധാന്യം വരുന്നു. അങ്ങനെ അവർക്ക് പറയാനാവുന്ന, അവർ പഠിച്ചുവച്ചിരിക്കുന്നത് മാത്രം അവതരിപ്പിക്കാൻ അവർ കഥകൾ തിരഞ്ഞെടുക്കുകയാണ്. ഇതാണ് കഥകളിയെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇഡ്ഡലി ഭക്ഷണമാണ് എന്ന് പറയാം. പക്ഷേ ഭക്ഷണമെല്ലാം ഇഡ്ഡലിയാണെന്ന് പറയാൻ പറ്റില്ലല്ലോ. അതുപോലെ അന്നുണ്ടായത് മാത്രമാണ് കഥകളി, അന്നുണ്ടായതൊക്കെ കഥകളിയാണ് എന്ന് ഒരു സമവാക്യം അവർ രൂപീകരിക്കും.
പിന്നൊരു പ്രശ്നം, പെയിന്റിങ്ങുകളുടെ അടിയിൽ കലാകാരന്റെ ഒപ്പുണ്ടാകുന്നതുപോലെ ഈ ആട്ടക്കഥകളിലെല്ലാം ഗ്രന്ഥ കാരന്റെ ‘ഒപ്പു’ണ്ട്. അതവർ അംഗീകരിക്കാൻ തയ്യാറല്ല. സദനം ഹരികുമാർ പുതിയ ആട്ടക്കഥ ചെയ്തു എന്ന് പറയുമ്പോൾ ‘അതിനെന്താ’ എന്ന ചോദ്യം അവർ ചോദിക്കും. അത് മലയാളിയുടെ പൊതുസ്വഭാവംകൂടിയാണ്. സദനം ഹരികുമാർ ശിൽപം ചെയ്യുന്നയാളാണ്, ‘അതിനെന്താ?’ എന്നാവും. സദനം ഹരികുമാർ കർണാടക സംഗീതം പാടുന്നയാളാണ്, ‘അതുകൊണ്ടെന്താ?’ എന്നാവും നിലപാട്. ‘രംഭാപ്രവേശം’ പോലുള്ള ആട്ടക്കഥകൾ ഇന്ന് അവതരിപ്പിക്കുന്നതിനോട് പോലും എനിക്ക് വിയോജിപ്പാണ്. ‘രാവണൻ അങ്ങനെ ചെയ്തു, അതുകൊണ്ട് എനിക്കും ചെയ്യാം’ എന്നൊരു തോന്നൽ കാഴ്ചക്കാരിൽ ജനിപ്പിക്കുന്നുവെങ്കിൽ അത് അപകടകരമാണ്. രംഭയെ ബലാത്സംഗം ചെയ്ത ആട്ടക്കഥയുടെ പേര് രാവണ വിജയം എന്ന് കൂടിയാകുമ്പോൾ ബലാത്സഗം എന്നത് ഒരു വിജയം ആണെന്ന ധ്വനി കൂടി ഉണ്ടാവുന്നു. അതിനെ നിഷേധിക്കണമെന്നല്ല. ജനങ്ങൾക്ക് ഉപകാരമുള്ളതാവണ്ടേ. പഴമക്കാർക്ക് മറിച്ചൊരു രഹസ്യ അജണ്ട ഉണ്ടോ എന്ന് തോന്നുന്നു. സാന്ദീപനി ആശ്രമത്തിൽ വച്ച് കൃഷ്ണനെയും കുചേലനെയും വിറകു ശേഖരിക്കുവാൻ കാട്ടിലേക്ക് വിട്ടത് ബാലവേല അല്ലേ എന്ന് ചോദിച്ച കൗമാരക്കാർക്ക് മുന്നിൽ ‘കുംഭി കുംഭം തോഴും നിൻ കുച കുഭം’ എന്നൊക്കെ അവതർപ്പിച്ചാൽ അവർ ചിരിക്കുകയല്ലാതെ എന്ത് ചെയ്യും.

?എന്നാൽ, കഥകളിപോലുള്ള കലകളിൽ ഇത് പാടില്ല, യുക്തിയില്ല എന്നു പറയുമ്പോൾ മറ്റ് ‘ആധുനിക കലകളിൽ’ നഗ്നതയും ശൃംഗാരവും സാമൂഹ്യമായ അരുതായ്‌മകളും പ്രദർശിപ്പിക്കപ്പെടുന്നു. പൊതുവേദിയിൽ ഷേർട്ട് അഴിക്കുന്നതും സ്‌കേർട്ട് അഴിക്കുന്നതും വിപ്ലവകരമായി വ്യാഖ്യാനിക്കപ്പെടുന്നു. അതേക്കുറിച്ച് പറഞ്ഞാൽ? ‘അജിത ഹരേ’ പാടുമ്പോൾ മുട്ടറ്റമുള്ള ഷോർട്സ് ധരിക്കുന്നതുകൊണ്ടല്ലേ മഹത്തരമാണെന്ന് ചിലർ കൈയടിക്കുന്നത്?
= ഇവിടെ ഒരു സ്യൂഡോ ലിബറേഷൻ (കപട വിമോചനം) സങ്കൽപം നമുക്കിടയിൽ വിതച്ച് വിളഞ്ഞുവന്നിട്ടുണ്ട്. അത് മനപ്പൂർവം ചെയ്തിട്ടുള്ളതാണ്. പത്താം ക്ലാസു കഴിഞ്ഞവർക്ക് ഇവിടെയൊന്നും ചെയ്യാനില്ലാ എന്ന സ്ഥിതിയാക്കി. ആ പണികൾക്ക് ഇതരസംസ്ഥാനക്കാരെ കൊണ്ടുവരുന്ന സ്ഥിതി. വിയർക്കുന്ന പണിയൊന്നും നമ്മൾ ചെയ്യേണ്ടതില്ലെന്ന ഒരു കപട ധാരണ  രൂപപ്പെടുത്തിയിരിക്കുന്നു. അത് ‘കീഴാളർ’ ചെയ്യേണ്ടതാണെന്ന തോന്നൽ ഉണ്ടാക്കി. ഞാൻ ജപ്പാനിൽ ഒരു വിദ്യാലയം സന്ദർശിച്ചപ്പോൾ ഓരോ വിദ്യാർത്ഥിയുടെയും പേരെഴുതി വച്ച ചെടിച്ചട്ടി കണ്ടു. അതിൽ ചെടി വളർത്തേണ്ടത് അവരുടെ കർമ്മമാണ്. അതിലെ തക്കാളി വളർത്തുന്നത് അവന്റെ മഹർഷിയെപ്പോലുള്ള ധ്യാനമാണ്. ദിവസേന അതിനെ ശ്രദ്ധിക്കണം.
ഒരു കർഷകൻതന്നെയാണ് ഒരു മഹർഷിയാകുന്നത്. അവൻ പാടത്തുപോയി ദിവസവും ചെയ്യുന്ന പ്രവർത്തനത്തിലൂടെ അനുഭവിക്കുന്ന ആനന്ദം നമ്മുടെ ഊഹങ്ങൾക്ക് അപ്പുറത്താണ്. അങ്ങനെ ഒരാനന്ദം ഇവിടെ നമുക്കില്ലാതെ പോവുകയാണ്; അവസരങ്ങൾ നിഷേധിക്കുകയാണ്. വിദ്യാഭ്യാസം കുറേ സൂത്രവാക്യങ്ങൾ പഠിക്കൽ മാത്രമാകരുത്. സൂത്രവാക്യങ്ങൾക്കപ്പുറം ജീവിതത്തിനോട് വിദ്യാർത്ഥിക്ക് ബന്ധമില്ലാതാകരുത്. ‘ലിബറേഷൻ’ എന്നത് ലഹരി ഇഷ്ടാനുസരണം ഉപയോഗിക്കലാണ്, വസ്ത്രം അഴിച്ചെറിയുന്നതാണ്,  ഫ്രീ സെക്സാണ് എന്നൊക്കെയുള്ള കപട ആശയം പൊതുജനങ്ങളിൽ ഉണ്ടാക്കുകയാണ്. അതിന് സിനിമയും രാഷ്‌ട്രീയവും ഒക്കെ കൂട്ടുനിൽക്കുന്നു. വൃത്തികേടുകൾ ചെയ്യാൻ വിദ്യാർത്ഥികൾക്കു കൂട്ടുനിൽക്കുന്ന രാഷ്‌ട്രീയക്കാർക്ക് അത്തരത്തിൽപെട്ട വിദ്യാർത്ഥികൾ വോട്ടുചെയ്യും. രണ്ടുകൂട്ടർക്കും അതാണ് ആവശ്യം. ഇവിടത്തെ ജനത പുറംരാജ്യങ്ങളിലേക്ക് പോവുകയും ഇവിടെ ജോലിചെയ്യാൻ  ബംഗാളിൽനിന്ന് ആളുകളെ കൊണ്ടുവരികയും ചെയ്യുന്നു. നല്ല ജീവിതം എന്നാൽ, ഒന്നും ചെയ്യാതെ ചാരുകസേരയിലിരിക്കുകയാണെന്ന തെറ്റായ ധാരണ മലയാളികളിൽ ഉണ്ടാക്കാൻ ആർക്കൊക്കെയോ സാധിച്ചു. അതാണ് അടിസ്ഥാന പ്രശ്നം.


? വിദേശ രാജ്യങ്ങളിൽ കലാ പരിപാടികൾ അവതരിപ്പിക്കുമ്പോൾ അവർ ഭാരതീയ കലകളെ അറിഞ്ഞാസ്വദിക്കുന്നതായി അനുഭവപ്പെടാറുണ്ടോ? അതോ ഒരു മാറ്റത്തിനുവേണ്ടി വ്യത്യസ്തമായ കലാരൂപം കാണുന്നവരാണോ അധികം?
– രണ്ടുതരത്തിലുള്ളവരും ഉണ്ടായേക്കാം. പലരോടും സംസാരിക്കുമ്പോൾ അവർ ചിലതൊക്കെ അറിഞ്ഞാസ്വദിക്കുകയാണ്. സമ്പൂർണമായി സമഗ്രമായി ആവണമെന്നില്ല. ഉദാഹരണത്തിന് കഥകളി കാണുന്നവരിൽ ചിലർക്ക് അത് നിറത്തിന്റെ, ആക്ഷനുകളുടെ, ചലനത്തിന്റെ, സംഗീതത്തിന്റെ, വേഷത്തിന്റെ, അലങ്കാരത്തിന്റെ ഒക്കെ കലയാണ്. പലർക്കും പലരീതിയിാണ്, അതാണവരുടെ കാഴ്ച. തെലുഗുപാട്ട് കേൾക്കുമ്പോൾ നമുക്ക് ആ ഭാഷ അറിയണമെന്ന് നിർബന്ധമില്ലാത്തതുപോലെ, ‘താമര’ മുദ്ര കാണിക്കുമ്പോൾ അത് താമരയാണെന്നൊന്നും അവർക്ക് അറിയാൻ ആഗ്രഹമില്ല. അവർ ആ കാഴ്ച ആസ്വദിക്കുന്നു. ഒരു സംഭവം പറയാം, 1983 ൽ പാരീസിൽ കഥകളി അവതരണത്തിനു പോയി. കോട്ടയ്‌ക്കൽ രവിയും ഉണ്ടായിരുന്നു കൂടെ. ആദ്യദിവസം നരകാസുരവധം ചെയ്തു. പിറ്റേന്ന് ‘സന്താനഗോപാലം’ അവതരിപ്പിച്ചു. അതിൽ ‘ബ്രാഹ്‌മണന്റെ കുട്ടികൾ’ വേദിയിലേക്ക് വേണമല്ലോ. ആ നാട്ടുകാരായ കുട്ടികളെ അവിടുന്നുതന്നെ കണ്ടെത്തി വേദിയിൽ കയറ്റി. കൈക്കുഞ്ഞായി ഒരു പാവയെ എടുത്തപ്പോൾ സദസ്സിൽനിന്ന് ഒരു ‘മദാമ്മ’ ആറുമാസം പ്രായമായ കൈക്കുഞ്ഞിനെ ഞങ്ങൾക്ക് തന്നിട്ട്, ‘നോ, യു ടേക് മൈ ബേബി’ എന്നു പറഞ്ഞു. ഞങ്ങൾ സ്വീകരിച്ചു, കുഞ്ഞ് സുഖമായി ‘അഭിനയിച്ചു.’ ഞങ്ങൾക്ക് കഥയിലെ അവസാനപദം- ‘ജയിക്ക ജയിക്ക’ എന്ന പദം- അഭിനയിച്ച് പൂർത്തിയാക്കാനായില്ല. പൊതുവേ വളരെ അച്ചടക്കമുള്ളതാണ് യൂറോപ്പിലെ സദസ്സ്. പക്ഷേ അന്ന് അവർ ആഹ്ലാദവും അതിശയവും അത്ഭുതവും ഒക്കെക്കാട്ടി വേദിയിൽ കയറി. ഞങ്ങൾ ഒരുവിധം ഒപ്പിച്ച് തീർക്കുകയായിരുന്നു. അതൊരനുഭവമാണ്. അവർ പലപ്പോഴും വളരെ സീരിയസാണ്.

? വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളിൽ ക്ലാസെടുക്കുമ്പോൾ എന്താണ് മനസ്സിലാകുന്നത്. അവിടെയൊക്കെ അവർ എങ്ങനെയാണ് കലയെ കാണുന്നത്?
= ഐഎസ്ആർഒയിൽ ഒരു ക്ലാസിൽ, ഗോഹട്ടി ഐഐടിയിൽ, ഒക്കെ കലാവിഷ്‌കാരം നടത്തുമ്പോൾ അവർ ഗൗരവത്തിൽ കാണുന്നതായി തോന്നി. കലാമണ്ഡലത്തിൽ ‘സദനംകാരനായ’ എനിക്ക് വലിയ സ്വീകരണം നൽകുന്നതിന് ചിലർക്കു മടിയുണ്ട്. പക്ഷേ ഇന്ന് കഥകളിയെന്ന പേരിൽ ചിലത് ഒപ്പിച്ച് അരങ്ങിൽ കയറ്റുന്ന ചില രീതികളുണ്ട്. അത് കഥകളിയല്ല, ‘വേഷം കെട്ടാ’ണ്. പഠിപ്പിക്കുന്നവർക്ക് പണം കിട്ടും, അരങ്ങേറുന്നവർക്ക് പേരും സന്തോഷവും കിട്ടും. അറുപത് വയസ്സ് കഴിഞ്ഞവരും നാൽപതു കഴിഞ്ഞവരുമൊക്കെ ഇപ്പോൾ അങ്ങനെ വേഷം കെട്ടുകയാണ്, കുട്ടികൾ ആംഗ്യ പാട്ട് (ആക് ഷൻ സോങ്) കാണിക്കുന്ന പോലെ. പക്ഷേ യഥാർത്ഥ കലയ്‌ക്കാണ് അതിന്റെ കോട്ടവും നഷ്ടവും. ആശാന്മാർക്കും കലാകാരന്മാർക്കും ഗുണമാണ്. എന്തുകൊണ്ട് അങ്ങനെ ആയിക്കൂടാ എന്ന് ചിന്തിക്കുന്നവരുമുണ്ട്.

? എത്ര വയസിൽ തുടങ്ങി കഥകളി അഭ്യാസം.
= മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങി. ഞാൻ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന സദനം കുമാരേട്ടന്റെ മകനാണ്. അച്ഛൻ വിക്ടോറിയ കോളേജിൽ പഠിക്കുമ്പോൾ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി. ക്വിറ്റിന്ത്യാ സമരത്തിൽ അറസ്റ്റ് വരിച്ചു. കാലിൽ ചങ്ങലയൊക്കെയിട്ടാണ് ജയിലിലടച്ചത്. പുറത്തിറങ്ങിയ ശേഷം ‘ഗ്രാമത്തിലേക്ക് മടങ്ങുക’ എന്ന ഗാന്ധിജിയുടെ സന്ദേശം ഉൾക്കൊണ്ട് ‘ഗാന്ധിസേവാ സദനം’ തുടങ്ങി. 1946 ൽ സ്വാതന്ത്ര്യത്തിന് മുമ്പ്, നാട്ടിലെ ഒരു എയ്ഡഡ് ബേസിക്, യുപി, ഹൈസ്‌കൂൾ, ടിടിസി കേന്ദ്രം എന്നിവ ഉണ്ടായിരുന്നു. ഞാൻ 1958 ൽ ജനിച്ചു. 63 ൽ ഒന്നാം ക്ലാസിൽ ചേർന്നു. അന്ന് അറ്റൻഡൻസ് എടുക്കുമ്പോൾ വിദ്യാർത്ഥികൾ ‘പ്രസന്റ് സാർ’ അല്ല പറഞ്ഞിരുന്നത്, ‘വന്ദേമാതരം’ എന്നാണ്. അന്ന് ബിജെപിയില്ല, ജനസംഘമില്ല, അന്ന് വന്ദേമാതരം വിദ്യാർത്ഥികളിൽ ‘സ്പിരിറ്റ്’ ആയിരുന്നു. അച്ഛനായിരുന്നിരിക്കാം ആ രീതി അവിടെ ഇൻട്രൊഡ്യൂസ് ചെയ്തത്. പിന്നെ 70 കളിൽ അവിടെ സമരമൊക്കെയായി അത് പൂട്ടി; ട്രെയിനിങ് സ്‌കൂൾ ഒഴികെ. ഇന്ന് അങ്ങനെ ഹാജർ വിളിക്കുമ്പോൾ’വന്ദേമാതരം’ പറഞ്ഞാലോ? വന്ദേമാതരത്തിന്റെ അർത്ഥം മാറിപ്പോയി. ഞാൻ ഇയ്‌ക്ക് ഒരു ഓർമ്മ പറഞ്ഞുവെന്നേയുള്ളൂ.
ഞാൻ 1965 ലാണ് കഥകളി പഠിക്കാൻ തുടങ്ങിയത്. 70 കളിൽ സദനം പൂട്ടി. ഞാൻ ഏഴുവർഷം തുടർച്ചയായി കഥകളി പഠിച്ചു; പൂട്ടുമ്പോഴേക്കും എന്റെ ഡിപ്ലോമാ കഴിഞ്ഞിരുന്നു. അത് അടിസ്ഥാനമുണ്ട്. പിന്നെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽനിന്ന് സുവോളജിയിൽ ഡിഗ്രി പാസായി. അപ്പോഴാണ് മനസ്സിലായത് അത് എന്റെ വിഷയമല്ല എന്ന്. പിന്നീട് കേന്ദ്രസർക്കാർ സ്‌കോളർഷിപ്പിൽ ഹയർ സ്റ്റഡി നടത്തി. അതിന് അന്തരിച്ച പത്മശ്രീ കീഴ്പ്പടം കുമാരൻനായർ ആശാന്റെ അടുത്തായിരുന്നു കഥകളി അഭ്യസിച്ചത്. അതിനൊപ്പം എംഎ മലയാളം പാസായി. ആ കാലത്ത് കർണാടകസംഗീതം പഠിച്ചു; കൃഷ്ണയ്യർ സാറിന്റെ കീഴിൽ. തുടർന്ന് അച്ഛൻ നിർബന്ധിച്ചപ്പോൾ ബിഎഡ് പഠിക്കാൻ ചേർന്നു. എനിക്ക് താൽപര്യമില്ലായിരുന്നു. ‘ബിഎഡിന് ചേർന്നില്ലെങ്കിൽ വീടിനു പുറത്ത്, എന്ന് അച്ഛൻ. പഠിച്ചു കഴിഞ്ഞപ്പോഴാണ് മനസിലായത് ചേർന്നില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായിപ്പോയേനെ എന്ന്.
അച്ഛനും ഞാനും തമ്മിൽ എപ്പോഴും സംഘർഷമായിരുന്നു. രണ്ടുപേർക്കും സ്വതന്ത്ര ചിന്തകൾ, അവ തമ്മിൽ ഉരസലായിരുന്നു. അങ്ങനെ ഞാൻ കൊൽക്കത്തയിലെ ശാന്തിനികേതനിൽപോയി വിശ്വഭാരതിയിൽ ചേർന്നു, നാലഞ്ചുവർഷം പ്രൊഫസറായി അവിടെ ജോലി ചെയ്തു. അവിടെവച്ച് സെറിബ്രൽ മലേറിയ വന്നു. രണ്ടു മിനിറ്റ് പൾസ് വരെ നിന്നു. വീട്ടുകാരെ അറിയിച്ചുകൊള്ളാൻ ഡോക്ടർ പറഞ്ഞു. അറ്റകൈ പ്രയോഗത്തിൽ ഞാൻ വീണ്ടും ജനിച്ചു- അന്ന് 34 വയസ്സ്. ചെറുതായി ഓർമ്മക്കേട് വന്നു. സെറിബ്രൽ മലേറിയ പിടിച്ചാൽ ഏതെങ്കിലും അവയവങ്ങൾ പോവുകയോ അവയുടെ ശേഷി നഷ്ടപ്പെടുകയോ ചെയ്യാറാണ് പതിവ്. പക്ഷേ വലിയ അപകടം കൂടാതെ രക്ഷപ്പെട്ടു.
അമ്മ നിർബന്ധിച്ച കാരണം പിന്നെ ശാന്തിനികേതനിൽ പോയില്ല. അതിനിടെ സദനത്തിന്റെ ട്രെയിനിങ് സ്‌കൂളിൽ മലയാളത്തിന് ഒരു ഒഴിവു വന്നു. അവിടെ ജോലിക്ക് ചേരാൻ അമ്മ പറഞ്ഞു. എനിക്ക് മലയാളം എംഎയും ബിഎഡും ഉണ്ട്. പക്ഷേ അച്ഛന്റെയും എന്റെയും രണ്ടു വഴികൾ പ്രശ്നമുണ്ടാക്കുമെന്നു വന്നതിനാൽ ഞാൻ ശാന്തിനികേതനിൽനിന്നു വന്നില്ല. സ്‌കൂളിൽ മറ്റൊരാളെ നിയമിച്ചു. മാനേജ്മെന്റ് സ്‌കൂളാണ്. പിന്നീട് പുതുതായി ഒരു സയൻസ് അധ്യാപക ഒഴിവിൽ നിയോഗിച്ച സ്ത്രീയുടെ ഡിഗ്രി അംഗീകാരമില്ലാത്തതാണെന്നുവന്നു. എനിക്ക് സുവോളജി ബിരുദമുള്ളതിനാൽ ആ പോസ്റ്റിൽ ഞാൻ നിയമിതനായി. അങ്ങനെ അധ്യാപകനായി. സമാന്തരമായി കഥകളി അക്കാദമിയിലും പ്രവർത്തിക്കാൻ അവസരം കണ്ടു. 2005 ൽ അച്ഛൻ മരിച്ചപ്പോൾ ഞാൻ സദനത്തിന്റെ സെക്രട്ടറിയായി.
ഞാൻ ‘പറന്നുനടന്ന്’ കഥകളി പരിപാടികൾ നടത്തുന്നയാളല്ല. സദനം പരിപാടികൾ ചെയ്യും. പിന്നെ കർണാടക സംഗീതത്തിലാണ് ശ്രദ്ധിക്കുന്നു.. ഞാൻ ആസ്വദിക്കുന്നതും പല കാര്യങ്ങൾ ചെയ്യുന്നതിലാണ് . പുതിയ ആട്ടക്കഥകൾ എഴുതി ചിട്ടപ്പെടുത്തുന്നതിലാണ് കൂടുതൽ ശ്രദ്ധിക്കാറ്. കല എന്നാൽ സൃഷ്ടിയും ആണല്ലോ.

? ശിൽപത്തിന്റെ മേഖലയിൽ എത്തിയതെങ്ങനെയാണ്? വിവിധ മേഖലയിലാണ് താങ്കളുടെ കലാപ്രവർത്തനങ്ങളെന്ന് നിരീക്ഷിക്കുമ്പോൾ വ്യക്തമാകുന്നു. എന്താണതിന് കാരണം, സാഹചര്യം?
– ശാന്തിനികേതനിൽ ജോലി ചെയ്യുമ്പോഴാണ് ഞാൻ ശിൽപകലയിൽ ആകൃഷ്ടനായത്. അവിടെ ധാരാളം മലയാളി കലാകാരന്മാരുണ്ടായിരുന്നു. സന്തോഷ്.ടി.വി എന്ന് ഇപ്പോൾ ലോകമാകെ അറിയപ്പെടുന്ന ശിൽപകാരനും മറ്റും ഉണ്ടായിരുന്നു. അവർ പ്രോത്സാഹിപ്പിച്ചു. അവർ കളിമണ്ണൊക്കെ സംഘിപ്പിച്ചുതന്നു. ഞാൻ ശിൽപങ്ങൾ ചെയ്തു. കൊള്ളാമെന്ന് അവിടത്തെ അധ്യാപകരും പറഞ്ഞു. പിന്നെ എന്റെ ശിൽപങ്ങൾ ചൂളയ്‌ക്ക് വച്ചു. കാമ്പസിൽത്തന്നെയുള്ള സൗകര്യമാണത്; ആർക്കും വിനിയോഗിക്കാം. ഗാന്ധിയനും ലോകോത്തര ചിത്രകാരനും ആയ കെ.ജി. സുബ്രഹ്‌മണ്യം അന്നവിടെ ഉണ്ടായിരുന്നു. എന്റെ അച്ഛനും അദ്ദേഹവും ‘ജയിൽമേറ്റ്സാ’യിരുന്നു; സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത്. ജയിൽ ചാടിയ ചരിത്രമൊക്കെ അദ്ദേഹം പറഞ്ഞു. വളരെ പ്രചോദിപ്പിക്കുന്നയാളാണ് സുബ്രഹ്‌മണ്യം. ശിൽപം കണ്ട് ഏറെ പ്രോത്സാഹിപ്പിച്ചു, എന്റെ ശിൽപശൈലിയിൽ ‘ശാന്തിനികേതൻ സ്വാധീന’മില്ല, എന്നും തുടരണമെന്നും പറഞ്ഞു. കഥകളി വേഷങ്ങൾ ചെയ്യാൻ ആളേറെയുണ്ട്, ശിൽപം ചെയ്യുന്നവർ അധികം ഇല്ലല്ലോ, അതിനാൽ ഞാൻ കൂടുതൽ ഈ രംഗത്ത് ശ്രദ്ധിച്ചു. പത്തോൻമ്പതോളം മൺമറഞ്ഞ കലാകാരന്മാരുടെ ശിൽപം ഞാൻ ചെയ്തു. പിന്നെ ആനുകാലിക വിഷയങ്ങളിലും ധാരാളം ശിൽപ രചനയുണ്ട്.
എനിക്ക് 2020 ലെ സംസ്ഥാന മികച്ച ശിൽപത്തിനുള്ള അവാർഡ് കിട്ടി. അത് യാദൃച്ഛികം. ഒരു യുവജനോത്സവത്തിൽ വിജയകുമാർ എന്നൊരു സാർ അപ്പീൽ കമ്മിറ്റിയിൽ ഉണ്ടായിരുന്നു;ഞാൻ കഥകളിക്ക് ജഡ്ജായും. അദ്ദേഹം എന്റെ ശിൽപ നിർമ്മാണത്തെക്കുറിച്ച് അറിഞ്ഞ്, ലളിത കലാ ആക്കാഡമിയുടെ എക്സിബിഷനിൽ പങ്കെടുക്കണം അംഗീകരിക്കപ്പെടണം, അടയാളപ്പെടുത്താതെ പോകരുത് എന്നെല്ലാം അഭിപ്രായം പറഞ്ഞു. അങ്ങനെ അതിന് തയ്യാറായി. അവാർഡും ലഭിച്ചു. ഒരു കഥകളി ആർട്ടിസ്റ്റ് ശിൽപികൂടിയായി അംഗീകരിക്കപ്പെടുന്നത് നല്ലതേല്ല. ഐൻസ്റ്റീൻ നല്ല വയലിനിസ്റ്റുകൂടി ആയിരുന്നല്ലോ.

? പക്ഷേ കലാമേഖലയിൽ, ചില കലകളുടെ കാര്യത്തിലെങ്കിലും, അതിനെയൊക്കെ മോശപ്പെടുത്താനുള്ള ആസൂത്രിത പദ്ധതികൾ നടക്കുന്നുണ്ട് എന്ന് തോന്നുന്നുണ്ടോ?

= ഉണ്ടാകുന്നുണ്ടാവണം. കുറേ വിഡ്ഢികൾ ഉണ്ടായാലേ ചിലർക്ക് രാജാവാകാൻ പറ്റൂ എന്നാണല്ലോ.

? സ്‌കൂൾ തലത്തിലൊക്കെ കലാപഠനത്തിന് ഉണ്ടായിരുന്ന സംവിധാനങ്ങൾ ആരോ ഏതോ കാലത്ത് നിർത്തിച്ചു. ഇപ്പോൾ വിദ്യാർത്ഥികളുടെ കലോത്സവമൊക്കെ യൂട്യൂബിൽനിന്ന് പഠിച്ചും ക്യാപ്സൂളാക്കി പഠിപ്പിച്ചുമൊക്കെയാണ്. ഇത് കലയ്‌ക്ക് ഗുണമാണോ?
= ഒരിക്കൽ, പ്രസിദ്ധനായ ടി.എം. കൃഷ്ണയുടെ പാട്ടുകച്ചേരി പരിപാടിസംഘടിപ്പിക്കാനുള്ള ഒരു സർക്കാർതല യോഗത്തിൽ എന്നെ വിളിച്ചു. പാട്ടുമേന്മയ്‌ക്കപ്പുറം കൃഷ്ണയുടെ ‘റിബൽ രാഷ്‌ട്രീയ’ വർത്തമാനങ്ങളും അദ്ദേഹത്തെ പരിപാടിക്ക് നിശ്ചയിക്കാൻ കാരണമാണ്. നാടൻപാട്ടിന്റെ മേന്മയും ബ്രാഹ്‌മണ- സവർണ സംഗീതവുമൊക്കെ യോഗത്തിൽ ചർച്ചയായി. ഞാൻ ചോദിച്ചു, പല്ലാവൂർ അപ്പുമാരാർ, പല്ലാവൂർ കുഞ്ഞിക്കുട്ടമാരാർ, പല്ലാവൂർ മണിയൻമാരാർ എന്നീ സഹോദരങ്ങൾ പഞ്ചവാദ്യരംഗത്തെ മുടിചൂടാമന്നന്മാരായിരുന്നു. ഇവർ മൂന്നും ഒരമ്മയുടെ മക്കളായിരുന്നു. അച്ഛൻമാർ വേറെ; സംബന്ധ സമ്പ്രദായമായിരുന്നു. ‘സംബന്ധം’ നമ്മൾ സാമൂഹ്യമായും നിയമപരമായും നിരോധിച്ചതാണ്. പക്ഷേ ഈ മൂന്ന് ആൾക്കാരെ അതിന്റെ പേരിൽ നമ്മൾ എതിർക്കേണ്ടതുണ്ടോ. എതിർത്താൽ എന്താണുണ്ടാവുക, ഈ മൂന്നു പ്രതിഭകൾ ഇല്ലാതാകുകയല്ലേ. അതുപോലെ, ബ്രാഹ്‌മണർ ഒരുകാലത്ത് എന്തോ ചെയ്തു എന്നു കരുതി എക്കാലത്തും അവരുടെ പുതുതലമുറയേയും അതിന്റെപേരിൽ ആക്ഷേപിക്കണമോ. എന്റെ ഗുരു സി.എസ്. കൃഷ്ണ അയ്യർ ബ്രാഹ്‌മണനായിരുന്നു. ഞാൻ നായരാണ്. ഞാൻ കർണാടക സംഗീതത്തിൽ ഒരു പൂവ് ചോദിച്ചു, അദ്ദേഹം എനിക്ക് പൂന്തോട്ടംതന്നെ തന്നു. സദനത്തിൽനിന്ന് ആറോ ഏഴോ പാട്ടുകാർ പഠിച്ചിറങ്ങി. സദനം ശിവദാസൻ, സദനം ജ്യോതിഷ് ബാബു, സദനം സായി, സദനം പ്രേമൻ, സദനം ജ്യോതി, സദനം ശ്യാമളൻ രണ്ടുപേരും സർക്കാർ സംഗീത കോളെജിൽ അധ്യാപകരായി റിട്ടയർ ചെയ്തവരാണ്.  ആ ആറുപേർ ഏതു സമുദായമാണെന്ന് അവിടെ അന്വേഷിച്ചിട്ടില്ല. അവരാരാണെന്ന് അവരുടെ അപേക്ഷ കിട്ടുമ്പോഴാണറിയുന്നത്. ആ കാലഘട്ടത്തിൽ അതൊരു വിഷയമില്ലായിരുന്നു. സംഗീതത്തിന്റെ സാക്ഷരതയുണ്ടെങ്കിൽ പഠിക്കാൻ യോഗ്യതയാണ്; അത് സ്വരസ്ഥാനങ്ങളാണ്. അത് രൂപപ്പെടുത്തിയത് ബ്രാഹ്‌മണരായിപ്പോയി എന്നതുകൊണ്ട് ബ്രാഹ്‌മണ്യമെന്ത് പിഴച്ചു. ഇക്കാര്യങ്ങൾ ഞാൻ യോഗത്തിൽ ചോദിച്ചു. സാഹിത്യം നിങ്ങൾ എന്തു വേണമെങ്കിൽ പാടിക്കൊള്ളൂ, സംഗീതത്തിന് രാഗമനുസരിച്ചുള്ള സ്വരസ്ഥാനം വിനിയോഗിച്ചാൽ മാത്രം മതി. ആരാണ് എതിർക്കുന്നത്. ‘ശ്രീഗണനാഥാ സിന്ദൂരവർണാ’ തന്നെ പാടണമെന്നില്ല, പഠിപ്പിക്കണമെന്നുമില്ല. പക്ഷേ, അത് പാടുന്നവരെ എന്തിന് പഴിപറയാൻ പോകുന്നു. എന്തുകൊണ്ട് അങ്ങനെ പഠിപ്പിക്കാൻ തയ്യാറാകുന്നില്ല. ‘സിസ്റ്റമാറ്റിക് അറേഞ്ച്മെന്റ് ഓഫ് നോളജ്’ ആണല്ലോ സയൻസ്. അത് ആരു ചെയ്തുവെന്നത് എന്തിന് വിഷയമാക്കണം. സംഗീതത്തിന്റെ ഡോക്യുമെന്റേഷനാണ് രാഗപദ്ധതി. നാടൻപാട്ടുകാരന്റേതു മാത്രമല്ല വിശപ്പിൽനിന്നുള്ള കല. ത്യാഗരാജസ്വാമികൾക്കും വിശന്നിട്ടുണ്ടാവുമല്ലോ! അദ്ദേഹവും ഉഞ്ഛവൃത്തി( യാചന) ചെയ്താണല്ലോ കഴിഞ്ഞത്.


? അടുത്ത തലമുറയ്‌ക്ക് ഈ സംസ്‌കാരം താങ്കൾ എങ്ങനെ കൈമാറിയെന്നു പറയാമോ?
– മക്കൾ രണ്ടുപേരാണ്. രണ്ടുപേരും എഞ്ചിനീയർമാർ, ദുബായിലാണ്. മൂത്തയാൾ കച്ചേരി ചെയ്യും, കാർത്തിക് മേനോൻ. ഭാരതത്തിൽനിന്നുള്ള പ്രമുഖ സംഗീതക്കാരിൽ പലരും ആ നാട്ടിൽ എത്തുമ്പോൾ അവർക്കും, അയാൾ വയലിൻ വായിക്കാറുണ്ട്.
ഈ ‘മേനോനും’ ഒരു കഥയുണ്ട് കേട്ടോ. ശാന്തിനികേതനിൽ ജോലി ചെയ്യുമ്പോൾ എന്റെ പേര് ഹരികുമാർ. കെ എന്നാണ്. ബംഗാളിയിൽ ‘കെ’ എന്നു പറഞ്ഞാൽ അർത്ഥം ‘എന്ത്?’ എന്നാണ്. അപേക്ഷയൊക്കെ എഴുതിക്കൊടുക്കുമ്പോൾ അവർ ‘കെ?’ എന്ന് ചോദിക്കും. അവർക്ക് പേരിനൊപ്പം ഒരു ചാറ്റർജി, ആചാരി, ബാനർജി ഒക്കെ വേണം. എനിക്കാണെങ്കിൽ അതൊന്നുമില്ല. കുട്ടികളെ സ്‌കൂളിൽ ചേർക്കാൻ എനിക്ക് അങ്ങനെ കോടതിയിൽ പോകേണ്ടി വന്നു. ഹരികുമാർ മേനോൻ എന്ന് പേര് മാറ്റുവാൻ, ഹരികുമാർ കെ. എന്നതിലെ ‘കെ’ ജാതി പേര് അല്ലെന്നു സ്ഥാപിച്ച് മക്കളുടെ പേരിൽ ‘മേനോൻ’ ചേർക്കേണ്ടിവന്നു. രണ്ടാമത്തേയാൾ മൃദംഗം വായിക്കും; കച്ചേരി ചെയ്യും വേഷവും കെട്ടിയിരുന്നു. അവരുടെ ഭാര്യമാർ പാടും, സംഗീതമുണ്ട്.

? സദനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്?
= ഡിപ്ലോമ കൊടുക്കുന്ന സ്ഥാപനമാണ്; സർക്കാർ  ഗ്രാന്റുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനിൽ കഥകളിയിൽ ഡിഗ്രി കോഴ്സ് തുടങ്ങാൻ അനുമതി കഴിഞ്ഞ വർഷം കിട്ടി. സെൽഫ് ഫിനാൻസിങ്ങാണ്. ആ കോഴ്സുകൾ തിരക്കുള്ള വിഷയമല്ല. അതിൽനിന്ന് ഫീസ് കിട്ടിമാത്രം അധ്യാപകരെ പുലർത്താൻ കഴിയില്ലല്ലോ.
കൗതുകകരമായ ഒരു കാര്യംകൂടി; ഇത്രയേറെ ആട്ടക്കഥകൾ രചിച്ച സദനം ഹരികുമാറിന്റെ ഒരു രചനയെ കുറിച്ചുമുള്ള നിരൂപണങ്ങൾ മലയാള ഭാഷാ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടില്ല. അവ വിദേശ സർവ്വകലാശാലകളുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആരാണ് തടസം, എന്തുകൊണ്ടാണ് തടസപ്പെടുത്തുന്നത്. 23 നവീന ആട്ടക്കഥകളുടെ രചയിതാവിനോട് ഇതിനു കാരണം ചോദിച്ചാൽ നിശബ്ദമായ നീണ്ട ചിരിയിലാണ് സദനം ഹരികുമാറിന്റെ മറുപടി. അതിൽ നവരസങ്ങളും മാറിമാറി വരുന്നതായി തോന്നും…

Tags: KathakaliInterviewKalamandalam#KavalamSasikumar#SadanamHarikumar#Sadanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ് ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ അവതരിപ്പിച്ച നളചരിതം കഥകളി
Varadyam

നളചരിതം അന്നും ഇന്നും എന്നും

Entertainment

ടി.ജി. രവി മനോഹരമായ ബലാത്സംഗങ്ങൾ സ്ക്രീനിൽ ചെയ്ത ആളെന്ന് മീര;വിമർശനം

1. ശ്രീനന്ദ. ഇ നങ്ങ്യാര്‍കൂത്ത് എച്ച്എസ് (മട്ടന്നൂര്‍ എച്ച്എസ്എസ്, കണ്ണൂര്‍), 2. സാംരംഗി എസ്. ശേഖര്‍
Kerala

കലോത്സവം: കത്തിക്കയറി സാംരഗിയുടെ കത്തിവേഷം

Samskriti

മണ്ഡലവഴിയില്‍

Kerala

മാത്തൂർ പുരസ്‌കാരങ്ങൾ 25 ന് സമർപ്പിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.