തൃശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘ ഒറ്റ തന്തയ്‌ക്ക് പിറന്നവൻ ‘ പരാമർശം ഇഷ്ടപ്പെടാതെ മന്ത്രി വി ശിവൻ കുട്ടി . ഒരു കുഞ്ഞിന്റെ ജനനത്തിൽ അച്ഛനോടൊപ്പം തുല്യ പങ്കുവഹിക്കുന്ന അമ്മയെ പൂർണ്ണമായും അദൃശ്യമാക്കുന്ന ഒരു ഫ്യൂഡൽ പ്രയോഗമാണിതെന്നാണ് ശിവൻ കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. മാത്രമല്ല ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണ് നേരിടേണ്ടതെന്നും ശിവൻ കുട്ടി പറയുന്നു.
മനുഷ്യർക്ക് ഒന്നിലധികം ബയോളജിക്കൽ പിതാക്കൾ ഉണ്ടാവുക എന്നത് ശാസ്ത്രീയമായി അസാധ്യമായ കാര്യമാണ്. എന്നിട്ടും, “ഒറ്റ തന്തയ്‌ക്ക്” എന്ന പ്രയോഗം ഒരു അസാധാരണമായ യോഗ്യതയായി അവതരിപ്പിക്കുന്നത് തികഞ്ഞ അസംബന്ധമാണ്. ഇത് കേവലം അധിക്ഷേപം മാത്രമല്ല, അടിസ്ഥാനപരമായ ജീവശാസ്ത്രപരമായ അറിവില്ലായ്‌മയെ കൂടിയാണ് തുറന്നുകാട്ടുന്നതെന്നും ശിവൻ കുട്ടി പറയുന്നു.
പാരമ്പര്യവും കുലമഹിമയും” നോക്കി മനുഷ്യരെ വിലയിരുത്തിയിരുന്ന ഒരു കാലഘട്ടത്തിന്റെ ബാക്കിപത്രമാണ് ഇത്തരം പ്രയോഗങ്ങൾ.നമ്മൾ കുട്ടികളെ പഠിപ്പിക്കുന്നത് പരസ്പര ബഹുമാനത്തിന്റെയും ശാസ്ത്രീയ മനോഭാവത്തിന്റെയും ലിംഗസമത്വത്തിന്റെയും പാഠങ്ങളാണ്. നമ്മുടെ പൊതുമണ്ഡലം കൂടുതൽ സംസ്കാരസമ്പന്നമാകാൻ ഇത്തരം പിന്തിരിപ്പൻ പ്രയോഗങ്ങളെ ഒഴിവാക്കണമെന്നും ശിവൻ കുട്ടി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
















