ന്യൂദല്‍ഹി: 37 വര്‍ഷങ്ങള്‍ക്കുമുന്‍പ് 37 വയസ്സുണ്ടായിരുന്ന ടിടിഇയെ പിരിച്ചുവിട്ട നടപടി സുപ്രീം കോടതി റദ്ദാക്കി. ഇയാള്‍ക്കെതിരായ കണ്ടെത്തലുകള്‍ വികലവും തെളിവുകളുടെ പിന്തുണയില്ലാത്തതുമാണെന്ന് കോടതി വിധിച്ചു. കേസിനിടെ മരിച്ച വി. എം. സൗദാഗര്‍ എന്ന ജീവനക്കാരന്‌റെ അനന്തരാവകാശികള്‍ക്ക് എല്ലാ അനന്തരഫല ആനുകൂല്യങ്ങളും നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. റെയില്‍വേ അധികൃതരുടെ അന്വേഷണ പ്രക്രിയയെയും അതംഗീകരിച്ച ബോംബെ ഹൈക്കോടതിയുടെ വിധിയെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.
1988 മെയ് 31-ന് ദാദര്‍-നാഗ്പൂര്‍ എക്‌സ്പ്രസില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തിയപ്പോഴാണ് റെയില്‍വേ ട്രാവല്‍ ടിക്കറ്റ് എക്‌സാമിനറായിരുന്ന സൗദാഗറിനെ അധിക പണം കൈവശം വച്ചതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പിടികൂടിയത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, 1996-ല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. 2002-ല്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂല്‍ (സിഎടി) പിരിച്ചുവിടല്‍ റദ്ദാക്കി. പിന്നീട് ഈ തീരുമാനം ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരയാണ് ജീവനക്കാരന്‍ 2019 ല്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനിടയില്‍ സൗദാഗര്‍ മരിച്ചു.
















