പട് ന: വോട്ട് ചോരിയെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് രാഹുല്‍ ഗാന്ധിയോട് തേജസ്വി യാദവ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. വോട്ട് ചോരി ഒഴിവാക്കിയുള്ള പ്രചാരണം മാത്രമാണ് തേജസ്വി യാദവ് നടത്തുന്നത്. ഇന്ത്യയെ തന്നെ കത്തിക്കുമെന്ന പ്രഖ്യാപനത്തോടെ രാഹുല്‍ ഗാന്ധി കൊണ്ടുവന്ന വോട്ട് ചോരി ആരോപണം ഇപ്പോള്‍ ബീഹാറില്‍ ചവറ്റുകൊട്ടയില്‍ കിടക്കുകയാണ്.
സീറ്റ് വിഭജനചര്‍ച്ചയില്‍ തേജസ്വി യാദവ് കോണ്‍ഗ്രസിനെ പാടെ തള്ളിയതിന് ശേഷം ബീഹാറിലേക്ക് രാഹുല്‍ ഗാന്ധി തിരിഞ്ഞുനോക്കിയിട്ടില്ല. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 70 സീറ്റുകള്‍ ചോദിച്ചെങ്കിലും അത് നല്‍കാതെ 61 സീറ്റുകള്‍ മാത്രമാണ് നല്‍കിയത്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവ് സ്വയം പ്രഖ്യാപനം നടത്തിയതിലും രാഹുല്‍ ഗാന്ധിക്ക് അമര്‍ഷമുണ്ട്. ഇതോടെ ഒറ്റക്കെട്ടായി കുതിക്കാനുള്ള ഇന്ത്യാമുന്നണിയുടെ ഊര്‍ജ്ജം ചോര്‍ന്നുപോയിരിക്കുകയാണ്.
പ്രസംഗങ്ങളില്‍ പ്രധാനമായും അധികാരത്തില്‍ വന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ റദ്ദാക്കും എന്നും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും എന്ന് മാത്രമാണ് തേജസ്വി യാദവ് പ്രസംഗിക്കുന്നത്. ഇത് രണ്ടും പ്രായോഗികമായി നടപ്പാക്കാന്‍ കഴിയാത്ത കാര്യങ്ങളാണെന്ന് എന്‍ഡിഎ ശക്തമായ പ്രചാരണം നടത്തുന്നതിനാല്‍ തേജസ്വി യാദവ് പ്രതിരോധത്തിലാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വഖഫ് ഭേദഗതി നിയമം ഇനി റദ്ദാക്കാന്‍ ഒരു സംസ്ഥാനസര്‍ക്കാര്‍ വിചാരിച്ചാല്‍ നടക്കില്ല എന്നതാണ് വാസ്തവം. എല്ലാവീടുകളിലേയും ഒരാള്‍ക്ക് തൊഴില്‍ നല്‍കും എന്ന് പറയുമ്പോള്‍ അത് എങ്ങിനെ എന്ന ചോദ്യത്തിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ തേജസ്വി യാദവിന് ആകുന്നില്ല. സര്‍ക്കാര്‍ തലത്തില്‍ പരിമിതമായ ഒഴിവുകളേ ഉള്ളൂ എന്നിരിക്കേ എങ്ങിനെയാണ് ഇത്രയധികം പേര്‍ക്ക് തൊഴില്‍ നല്‍കാനാവുക എന്നതിന് ഉത്തരമില്ല. തേജസ്വി യാദവിന് വേണ്ടി വാദിക്കുന്ന കനയ്യ കുമാറിനോട് എങ്ങിനെയാണ് നിങ്ങള്‍ ഇത്രയധികം പേര്‍ക്ക് ബീഹാറില്‍ തൊഴില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത് എന്ന് ഒരു ജേണലിസ്റ്റ് ചോദിച്ചപ്പോള്‍ അദ്ദേഹത്തിനും കാര്യമായി മറുപടി പറയാന്‍ കഴിഞ്ഞിരുന്നില്ല.
















