മുംബൈ: മഹാരാഷ്‌ട്രയിലെ ഫാല്‍ട്ടണ്‍ ജില്ലാ ആശുപത്രിയിലെ 28 കാരിയായ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാ കുറിപ്പിലെ ആരോപണം നിഷേധിച്ച് അറസ്റ്റിലായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ കുടുംബം. ‘ആത്മഹത്യാ കുറിപ്പ് പുറത്തുവന്നയുടന്‍ പ്രശാന്ത് ബങ്കാറിനോട് കീഴടങ്ങാന്‍ തങ്ങള്‍ നിര്‍ദേശിക്കുകയായിരുന്നു. അവന്റെ സോഷ്യല്‍ മീഡിയയും കോള്‍ റെക്കോര്‍ഡുകളും പോലീസുമായി പങ്കുവച്ചിട്ടുണ്ട്. അവന്‍ ഒരിക്കലും ഡോക്ടറെ വിളിച്ചിട്ടില്ല; ആവര്‍ത്തിച്ച് ബന്ധപ്പെട്ടത് അവളാണ്’ കുടുംബം പറയുന്നു.
മരിച്ച ഡോക്ടര്‍ ഒരു വര്‍ഷമായി പ്രശാന്തിന്‌റെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. പ്രതിമാസം 4,000 രൂപ വാടക നല്‍കിയിരുന്നു. കഴിഞ്ഞ മാസം ഡെങ്കിപ്പനി ബാധിച്ച സമയത്ത് പ്രശാന്തിനെ ഡോക്ടര്‍ ചികിത്സിച്ചിരുന്നു. തുടര്‍ന്ന് അവര്‍ ഫോണ്‍ നമ്പറുകള്‍ കൈമാറി. ഇതിനിടെ ഡോക്ടര്‍ അയാളോട് വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ അയാള്‍ അത് നിരസിച്ചു. ഇതാണ് പീഡന പരാതിയിലേക്കു നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
‘അവള്‍ ഞങ്ങള്‍ക്ക് കുടുംബാംഗം പോലെയായിരുന്നു’ എന്‍ജിനീയറുടെ ഇളയ സഹോദരി ഒരു ഇംഗ്‌ളീഷ് മാധ്യമത്തോടു പറഞ്ഞു.
ഡോക്ടര്‍ തന്നെ വിവാഹം കഴിക്കണമെന്നും ശാരീരിക ബന്ധം നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടിരുന്നതായി പ്രശാന്ത് മൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസും സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ച ചാറ്റുകളും കോള്‍ റെക്കോര്‍ഡിംഗുകളും കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തില്‍ നാലു തവണ മാനഭംഗപ്പെടുത്തിയെന്ന ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശത്തെത്തുടര്‍ന്ന് ഒരു സബ് ഇന്‍സ്‌പെക്ടറും അറസ്റ്റിലായിട്ടുണ്ട്.
















