തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബംഗളൂരുവിലെയും ചെന്നൈയിലെയും തെളിവെടുപ്പിന് ശേഷം തിരികെ തിരുവനന്തപുരം ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു. ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്ന് കണ്ടെത്തിയ 400 ഗ്രാം സ്വര്‍ണം ദ്വാരപാലക ശില്‍പ്പത്തിലേതെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയയ്‌ക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ലാറ്റില്‍ നിന്നും കണ്ടെടുത്ത ഭൂമിയിടപാട് രേഖകള്‍ വിശദമായി പരിശോധിക്കും. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്റെ ശബരിമല ഇടപാടുകള്ളും അന്വേഷിക്കും.
ബംഗളൂരുവിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ലാറ്റിലും ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധന്റെ ജ്വല്ലറിയിലും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലും മണിക്കൂറുകള്‍ നീണ്ട പരിശോധനയാണ് പ്രത്യേക അന്വേഷണ സംഘം നടത്തിയത്. ബംഗളൂരുവിലും ഉണ്ണികൃഷ്ണന്‍ പോറ്റി കോടികളുടെ ഭൂമിയിടപാടുകള്‍ നടത്തിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സുഹൃത്ത് രമേശ് റാവുവിനെ മറയാക്കി ബംഗളൂരുവില്‍ പണം പലിശയ്‌ക്ക് കൊടുത്തിരുന്നു പോറ്റി.
ശബരിമല ശ്രീകോവില്‍ വാതില്‍പ്പാളികളിലും കട്ടിളയിലും സ്വര്‍ണം പൂശിയത് താന്‍ ആണെന്നാണ് ഗോവര്‍ദ്ധന്റെ മൊഴി. ദേവസ്വം ബോര്‍ഡിന് സ്‌പോണ്‍സര്‍ഷിപ്പിന്റെ രേഖകള്‍ നല്‍കി. സന്നിധാനത്തെത്തി ബോര്‍ഡ് അംഗങ്ങളെയും കണ്ടിരുന്നന്നെങ്കിലും ഔദ്യോഗിക രേഖകള്‍ വന്നപ്പോള്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയായി മാറിയെന്നും ഗോവര്‍ദ്ധന്‍ പറഞ്ഞു.എന്നാല്‍ സ്വര്‍ണം പൂശാനുള്ളത് നിയോഗമായി കരുതിയതിനാല്‍ കാര്യമാക്കിയില്ല .
അതേസമയം, ഗൂഢാലോചനയില്‍ പങ്കില്ലെന്ന് കണ്ടെത്തിയാല്‍ ഗോവര്‍ധനെ സാക്ഷിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും. സ്വര്‍ണം വേര്‍പ്പെടുത്തിയതിന് പണിക്കൂലിയായി നല്‍കിയ 109 ഗ്രാം സ്വര്‍ണം തിരിച്ചെടുക്കുന്നതിനായാണ് ചെന്നൈയിലെ സ്മാര്‍ട് ക്രിയേഷന്‍സില്‍ അന്വേഷണസംഘം പരിശോധന നടത്തിയത്. സ്ഥാപനത്തിന്റെ സിഇഒ പങ്കജ് ഭണ്ഡാരിയെ ചോദ്യം ചെയ്തു.
അതിനിടെ, സുരക്ഷ ചുമതലയില്‍ ഉണ്ടായിരുന്ന ദേവസ്വം വകുപ്പ് ഉദ്യോഗസ്ഥരുടെയും മരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി.
















