തൃശൂര്‍: ലൈംഗികാരോപണത്തില്‍ അച്ചടക്ക നടപടി നേരിട്ട ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെ സിപിഎം കൊടകര ഏരിയാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു.വൈശാഖനെ ഏരിയ കമ്മിറ്റിയിലേക്ക് മടക്കി കൊണ്ടുവരാനുള്ള നിര്‍ദ്ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച കാര്യം സിപിഎം ജില്ലാ സെക്രട്ടറി കൊടകര ഏരിയ കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു.
വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം വൈശാഖനെ സിപിഎം അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിവൈഎഫ്ഐയുടെ മുഴുവന്‍ ചുമതലകളില്‍ നിന്നും വൈശാഖനെ നീക്കി. പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്‌ത്തി.
പാര്‍ട്ടിക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ അടക്കം പങ്കെടുത്തിരുന്ന വൈശാഖനെ പാനല്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു.എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ചാനല്‍ ചര്‍ച്ചയ്‌ക്കുള്ള പാനല്‍ ലിസ്റ്റില്‍ വീണ്ടും ഉള്‍പ്പെടുത്തിയിരുന്നു.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് വൈശാഖനെ തിരികെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഈ തീരുമാനം സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതോടെയാണ് ഏരിയാ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ വൈശാഖന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.
















