കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്‌പോണ്‍സര്‍. അംഗോളയില്‍ മാത്രം കളിക്കുമെന്ന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം.
ലയണൽ മെസി നയിക്കുന്ന അർജന്റീന പുരുഷ ഫുട്ബോൾ ടീം അടുത്ത മാസം കൊച്ചിയിൽ ഓസ്ട്രേലിയയ്‌ക്കെതിരെ നടക്കുന്ന അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് വരുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ നവംബറിൽ നിശ്ചയിച്ച മത്സരം മാറ്റിവച്ചു. പകരം കളിക്കുക എപ്പോഴെന്ന കാര്യത്തിൽ പ്രഖ്യാപനം ഉടൻ എന്ന് സ്പോൺസറായ ആന്റോ അഗസ്റ്റിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. “ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റി വയ്‌ക്കാൻ AFAയുമായുള്ള ചർച്ചയിൽ ധാരണ. കേരളത്തിൽ കളിക്കുന്നത് അടുത്ത വിൻഡോയിൽ. പ്രഖ്യാപനം ഉടൻ,” എന്നാണ് പോസ്റ്റ്.
സ്പാനിഷ് മാധ്യമമായ ലാ നാസിയോണിലെ റിപ്പോർട്ട് അനുസരിച്ച്, അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എഎഫ്എ) ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്, മൂന്ന് തവണ ഫിഫ ലോകകപ്പ് ജേതാക്കൾ കൂടിയായ അർജന്റീന കേരളത്തിലേക്ക് വരില്ലെന്നും, മത്സരം നടത്താനുള്ള ആവശ്യകതകൾ ലഭ്യമല്ല എന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. അപ്പോൾ മുതൽക്കേ മെസിയുടെ വരവുണ്ടാവില്ല എന്ന പ്രചാരണം ചൂടുപിടിച്ചിരുന്നു.
കൊച്ചി സ്റ്റേഡിയ നവീകരണം അടക്കം കോടികള്‍ ചെലവിട്ട ശേഷമാണ് മെസി വരില്ലെന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
















