ദോശയ്‌ക്കും ഇഡ്ഡലിക്കുമുള്ള മാവിന്റെ പുളി കൂടിപ്പോവുന്നത് പലരുടെയും പ്രശ്‌നമാണ്. ചിലപ്പോൾ പുളിപ്പ് തീരെയുണ്ടാവില്ല, മറ്റു ചിലപ്പോൾ പുളിപ്പ് കൂടുതലായിരിക്കും. കാലാവസ്ഥയാണ് ദോശയുടെ പുളിപ്പ് നിർണയിക്കുന്ന ഒരു പ്രധാനകാരണം. മറ്റൊന്ന് അതൊഴിച്ചുവെക്കുന്ന പാത്രത്തിലെ വെള്ളവും.
തലേദിവസം അരച്ചുവെച്ച ദോശമാവ് പുളിക്കാൻ പുറത്തുവെക്കുകയാണല്ലോ ചെയ്യുന്നത്. അങ്ങനെ വെയ്‌ക്കുമ്പോൾ, അധികം ചൂടില്ലാത്ത സ്ഥലമാണെന്ന് ഉറപ്പിക്കണം. ചൂടുകൂടുതലുള്ളപ്പോഴാണ് മാവ് പെട്ടെന്ന് പുളിച്ചുപോവുന്നത്.
ദോശമാവ് ഒഴിച്ചുവെക്കുന്ന പാത്രം നന്നായി കഴുകി തുടച്ചെടുക്കണം. അതിൽ അല്പം പോലും വെള്ളമില്ലെന്ന് ഉറപ്പാക്കുകയും വേണം. പാത്രത്തിൽ വെള്ളമുണ്ടെങ്കിൽ, പെട്ടെന്ന് പുളിക്കാനിടയുണ്ട്.
പുളിപ്പ് കൂടിപ്പോയാൽ അതെങ്ങനെ കുറയ്‌ക്കുമെന്ന് നോക്കാം. ദോശമാവിൽ ഒരു ചെറിയ സ്പൂൺ പഞ്ചസാര ചേർക്കുന്നത് നല്ലതാണ്. മാവിന് രുചികൂടും.
ദോശമാവ് പാത്രത്തിലേക്ക് മാറ്റിയശേഷം അതിനുമുകളിൽ, ഞെട്ടോടുകൂടിയുള്ള ഒരു വെറ്റില ഇടുക. എന്നിട്ട് ഫ്രിഡ്ജിൽവെച്ചാൽ ഒരാഴ്ചയോളം രുചിവ്യത്യാസം കൂടാതെ നിൽക്കും. മാവിൽ കറിവേപ്പിലയുടെ ഒരു കതിർപ്പ് ഇട്ടുവെക്കുന്നതും, മാവ് പുളിക്കാതിരിക്കാനും കൂടുതൽ കാലം നിൽക്കാനും സഹായിക്കും.
ദോശമാവിന് പുളിപ്പ് കൂടിയാൽ അതിൽ അല്പംകൂടി അരിപ്പൊടിയോ റവ പൊടിച്ചതോ ചേർത്താൽ മതി. നല്ല ക്രിസ്പിയായിട്ടുള്ള ദോശ കിട്ടും. നല്ല ദോശമാവ് തയ്യാറാക്കുന്നതിനായി അരിയും ഉഴുന്നും വെവ്വേറെ അരയ്‌ക്കുന്നതാണ് നല്ലത്. അരി അരയ്‌ക്കുമ്പോൾ അല്പം ചോറുകൂടി ഇതിലേക്ക് ചേർക്കാം. ഇനി അരച്ചെടുത്ത ഉഴുന്നും അരിയും നന്നായി യോജിപ്പിക്കുക. അവസാനം അരച്ച ഉലുവ കൂടി ചേർത്ത് മാവ് തയ്യാറാക്കാം. അരച്ചെടുത്ത മാവ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. പെട്ടെന്ന് പുളിച്ചുപോവില്ല.
















