തിരുവനന്തപുരം:കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും സ്വര്‍ണക്കൊള്ള നടക്കുന്നതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. പോറ്റിയെ ഉപയോഗിച്ച് പിണറായി വിജയന്‍ ശബരിമലയില്‍ നിന്ന് സ്വര്‍ണം കടത്തി. നികുതി കക്കുന്നവര്‍ ശബരിമലയിലെ സ്വര്‍ണം മോഷ്ടിക്കുന്നു. ക്ഷേത്രങ്ങളിലെ അമൂല്യ സാധനങ്ങള്‍ കവരാനാണ് ക്ഷേത്രഭരണം വിട്ടുകൊടുക്കാത്തത്. സത്യം പുറത്ത് വരണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നും കൃഷ്ണദാസ് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ ബിജെപിയുടെ രാപ്പകല്‍ സെക്രട്ടേറിയറ്റ് ധര്‍ണയും ഉപരോധവും നടക്കുകയാണ്. വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.സ്വര്‍ണമോഷണത്തില്‍ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ദേവസ്വം മന്ത്രി രാജിവെക്കണം, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം തുടങ്ങിയ ആവശ്യങ്ങളും ഉണ്ട്. ദേവസ്വം ബോര്‍ഡിലെ കഴിഞ്ഞ 30 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ വഴി അന്വേഷിപ്പിക്കണം, എല്ലാ ദേവസ്വം ബോര്‍ഡുകളിലും അടിയന്തരമായി സി.എ.ജി. ഓഡിറ്റ് നടത്തണമെന്നും ആവശ്യമുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മുതിര്‍ന്ന സംസ്ഥാന നേതാക്കളും ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
















