കോട്ടയം: വൈക്കത്തഷ്ടമി മഹോല്‍സവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല 27 ന് ആരംഭിക്കും. രാവിലെ 8 ന് ശ്രീബലിക്കായി വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കും.
രാവിലെയും വൈകിട്ടും ആനപ്പുറത്ത് ശ്രീബലി, മണ്ഡപത്തില്‍ വാരമിരിക്കല്‍, പ്രാതല്‍, വിളക്ക് എന്നിവയാണ് സന്ധ്യ വേലയുടെ പ്രധാന ചടങ്ങുകള്‍.
ദേവസ്വം ഭാരവാഹികളും ഭക്തരും ഉല്‍സവത്തിന് മുന്നോടിയായി വൈക്കത്തപ്പനെ വന്ദിച്ച് ആഘോഷപൂര്‍വം നടത്തുന്ന ചടങ്ങാണ് പുള്ളി സന്ധ്യ വേല .
തിരുവിതാംകൂര്‍ മഹാരാജാവ് ചേര്‍ത്തല, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങള്‍ യുദ്ധം ചെയ്തു പിടിച്ചടക്കിയപ്പോള്‍ അതില്‍ മരണമടഞ്ഞ അവകാശികളില്ലാത്ത പടയാളികളുടെ കുടിശിക ശമ്പളത്തിന്റെ പലിശ കൊണ്ട് വര്‍ഷം തോറും ഒന്നിടവിട്ട നാലു ദിവസങ്ങളിലായി നടത്തിയിരുന്ന ചടങ്ങാണ് പുള്ളി സന്ധ്യ വേല . ഇപ്പോള്‍ ദേവസ്വത്തിന്റെ അടിയന്തരമാണ്.
മുഖ സന്ധ്യ വേലയുടെ കോപ്പുതുക്കല്‍ നവംബര്‍ 3 നും മുഖ സന്ധ്യ വേല നവംബര്‍ 4 മുതല്‍ 7 വരെ തുടര്‍ച്ചയായി നാലു ദിവസങ്ങളിലും നടക്കും.
സമൂഹ സന്ധ്യ വേല 26 ന് തുടങ്ങും.
30 ന് കൊടിയേറ്ററിയിപ്പ് , വൈക്കത്തഷ്ടമിയുടെ കോപ്പു തൂക്കല്‍ ,കുലവാഴ പുറപ്പാട് എന്നി ചടങ്ങുകളും നടത്തും.
വൈക്കത്തഷ്ടമിയുടെ കൊടിയേറ്റ് ഡിസംബര്‍ 1 ന് രാവിലെ 6.30 നും 7.30 നും ഇടയിലാണ്. പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബര്‍ 12 നാണ്. 13 നു ആറാട്ടും 14 ന് മുക്കുടി നിവേദ്യവും നടക്കും.
















