ഹൈദരാബാദ് ; നാമെല്ലാവരും ക്ഷേത്രത്തിൽ പോകുമ്പോൾ, ശ്രീകോവിലിനെയോ ക്ഷേത്രപരിസരത്തെയോ പ്രദക്ഷിണം വയ്ക്കാറുണ്ട്. എന്നാൽ ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ബടസിംഗാരത്തുള്ള യുഗതുലസി ഫൗണ്ടേഷൻ ഗോമഹാക്ഷേത്രത്തിൽ കൃഷ്ണ വിഗ്രഹത്തെ വലം വയ്ക്കുന്നത് കണ്ണ് കാണാനാകാത്ത ഒരു പശുക്കിടാവാണ് . ഫൗണ്ടേഷൻ പ്രസിഡന്റും മുൻ ടിടിഡി ബോർഡ് അംഗവുമായ കോളിസെറ്റി ശിവകുമാറാണ്, പശുക്കിടാവ് ഭഗവാൻ കൃഷ്ണന്റെ വിഗ്രഹത്തെ വലംവയ്ക്കുന്ന രംഗം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
‘ രണ്ട് വർഷം മുമ്പ്, കശാപ്പുശാലയിലേക്ക് കൊണ്ടുപോകുകയായിരുന്ന ഒരു പശുവിനെ ഞങ്ങൾ രക്ഷപ്പെടുത്തി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ പശു ഈ പശുക്കുട്ടിയെ പ്രസവിച്ചു. ഈ പശുക്കുട്ടിക്ക് ഞങ്ങൾ സന്ധ്യ എന്ന് പേരിട്ടു. ഈ അന്ധയായ പശുക്കുട്ടി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഏകദേശം 15 മിനിറ്റ് ഗോമഹാ ക്ഷേത്രത്തിലെ കൃഷ്ണ പ്രതിമയെ വലംവയ്ക്കുന്നു. ഈ പശുക്കുട്ടിയെ ഇത് ആരും പരിശീലിപ്പിച്ചതല്ല, ” ശിവകുമാർ പറഞ്ഞു. അയൽ ഗ്രാമങ്ങളിൽ നിന്ന് പോലും നിരവധി പേരാണ് ഈ കാഴ്ച്ച കാണാനായി എത്തുന്നത്.
















