ലഖ്‌നൗ: ഹലാൽ സർട്ടിഫിക്കേഷൻ നേടി, ആ ലേബൽ വഴി ശേഖരിക്കുന്ന ഫണ്ട് ‘ഭീകരത, ലവ് ജിഹാദ്, മതപരിവർത്തനം’ എന്നിവയ്‌ക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെളിപ്പെടുത്തി. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കവെ, സർക്കാർ മേൽനോട്ടമില്ലാതെ പ്രവർത്തിക്കുന്നതും ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നതുമായ സാമ്പത്തിക ശൃംഖലകളെ നിയന്ത്രിക്കുക എന്നതാണ് തന്റെ ഭരണകൂടത്തിന്റെ ഉറച്ച ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘ഏതെങ്കിലും സാധനം വാങ്ങുമ്പോൾ, അതിന് ഹലാൽ സർട്ടിഫിക്കേഷൻ ലേബൽ ഉണ്ടോ എന്ന് പരിശോധിക്കുക. യുപിയിൽ ഞങ്ങൾ അത് നിരോധിച്ചിട്ടുണ്ട്. ഇന്ന്, ഉത്തർപ്രദേശിൽ ആരും അത്തരത്തിലുള്ളവ വാങ്ങാനോ വിൽക്കാനോ ധൈര്യപ്പെടില്ല,’ യോഗി പറഞ്ഞു. ‘ഞങ്ങൾ നടപടികൾ ആരംഭിച്ചപ്പോൾ, രാജ്യത്തിനുള്ളിൽ ഹലാൽ സർട്ടിഫിക്കേഷൻ വഴി 25,000 കോടി രൂപ ശേഖരിക്കപ്പെട്ടിരുന്നു. ഭാരത സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ ഒരു ഏജൻസിയും അത് അംഗീകരിച്ചിരുന്നില്ല. ഈ പണമെല്ലാം തീവ്രവാദം, ലവ് ജിഹാദ്, മതപരിവർത്തനം എന്നിവയ്‌ക്കായി ദുരുപയോഗം ചെയ്യപ്പെടുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാത്തരം വ്യാപാരത്തിലും സർട്ടിഫിക്കേഷനിലും സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനും സമാന്തര സംവിധാനങ്ങൾവഴി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് നിരോധനമെന്ന് യോഗി പറഞ്ഞു. ‘ഹലാൽ സർട്ടിഫിക്കേഷന്റെ പേരിൽ ഭാരതത്തിലെ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം… ഏത് തലത്തിലാണ് ഈ വലിയ ഗൂഢാലോചന നടക്കുന്നത്? ബൽറാംപൂരിൽ ജലാലുദ്ദീനെ (ചങ്കൂർ ബാബ) ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്… രാഷ്‌ട്രീയ ഇസ്ലാമിനെക്കുറിച്ച് ഒരു ചർച്ചയും ഇല്ലാത്തത് എന്തുകൊണ്ട്? നമ്മുടെ പൂർവ്വികരും രാഷ്‌ട്രീയ ഇസ്ലാമിനെതിരെ പോരാടി,’ അദ്ദേഹം പറഞ്ഞു.
ഭരണത്തിന്റെ മതേതര തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനാണ് ദീർഘകാലമായി മുഖ്യമന്ത്രിയുടെ വസതിയിൽ നടന്നുവരുന്ന ഈദ് മിലൻ സമ്പ്രദായം നിർത്തലാക്കാനെടുത്ത തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് ഭരണത്തിന്റെ മതേതര തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനാണ് ചെയ്തതെന്ന് പറഞ്ഞു. ‘ഞാൻ മുഖ്യമന്ത്രിയായപ്പോൾ, ഈദ് മിലാൻ പരിപാടികൾ എപ്പോഴും മുഖ്യമന്ത്രിയുടെ വസതിയിലും രാജ്ഭവനിലുമായിരിക്കും നടത്തുക എന്നൊരു സമ്പ്രദായം ഉണ്ടായിരുന്നു; ഹോളി മിലനോ ദീപാവലി മിലനോ പരിപാടികൾ ഉണ്ടായിരുന്നില്ല… ഭാരതീയ പാരമ്പര്യങ്ങൾക്ക് മതേതര പദവി നൽകിയിട്ടുണ്ടെങ്കിൽ, മുഖ്യമന്ത്രിയുടെ വസതിയും രാജ്ഭവനും അത് പിന്തുടരണമെന്ന് ഞങ്ങൾ തീരുമാനിച്ചു, അത്തരം പരിപാടികൾ ഞങ്ങൾ സംഘടിപ്പിക്കില്ല. മറ്റാർക്കും സ്വന്തമായി ഈ പരിപാടികൾ സംഘടിപ്പിക്കാം,’ അദ്ദേഹം പറഞ്ഞു.
സർക്കാർ എല്ലാ ഉത്സവങ്ങ
ളെയും തുല്യമായി കാണുന്നുവെന്നും ദീപാവലി, ഹോളി പോലുള്ള ഹിന്ദു ആഘോഷങ്ങൾ ഭക്തിയും സാംസ്‌കാരിക അഭിമാനവും ഉള്ള സമൂഹങ്ങളാണ് സംഘടിപ്പിക്കുന്നതെന്നും യോഗി അഭിപ്രായപ്പെട്ടു. ‘നമ്മുടെ ഉത്സവങ്ങൾ ഇവിടെ വളരെ ആവേശത്തോടെ ആഘോഷിക്കുന്നു. എല്ലാ മാസവും നമ്മൾ ഒരു ഉത്സവം ആഘോഷിക്കുന്നു. നമ്മുടെ ഓരോ ഉത്സവവും പാരമ്പര്യത്തിലും ചരിത്രത്തിലും വേരൂന്നിയതാണ്. ഏതൊരു ജാതിയിലും, സമൂഹത്തിലും, വർഗ്ഗത്തിലും പെട്ട ഏതൊരാൾക്കും അവ ആഘോഷിക്കാൻ കഴിയുന്ന തരത്തിൽ നമ്മുടെ ഋഷിമാർ അവയ്‌ക്ക് ഒരു സാംസ്‌കാരികവും മതപരവുമായ രൂപം നൽകി. ആളുകൾ പരസ്പര ബഹുമാനത്തോടെ ഉത്സവങ്ങളും പരിപാടികളും ആഘോഷിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
















