കണ്ണൂര്‍:കോടതി മുറിയില്‍ പ്രതികളുടെ ഫോട്ടോ എടുത്ത സി പി എം വനിതാ നേതാവ് ജ്യോതി മാപ്പ അപേക്ഷ എഴുതി നല്‍കും.അധികാരത്തിന്റെ ധാര്‍ഷ്ട്യം കാണിക്കരുതെന്ന് ജ്യോതിയെ താക്കീത് ചെയ്ത കോടതി വൈകിട്ട് അഞ്ച് മണി വരെ കോടതിയില്‍ നില്‍ക്കാനും 1000 രൂപയും പിഴ അടയ്‌ക്കാനും ഉത്തരവിട്ടു.
ആദ്യം മാപ്പ് അപേക്ഷ എഴുതി നല്‍കാന്‍ വനിതാ നേതാവ് വിസമ്മതിച്ചതോടെയാണ് കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. തുടര്‍ന്ന് മാപ്പപേക്ഷ എഴുതി നല്‍കാന്‍ തയാറായതോടെ കോടതി പിഴ വിധിച്ച് നടപടികള്‍ അവസാനിപ്പിച്ചു.
കണ്ണൂര്‍ തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ധനരാജ് വധക്കേസിലെ രണ്ടാം ഘട്ട വിചാരണ നടക്കുന്നതിനിടെയാണ് സംഭവം. പ്രതികളുടെ ഫോട്ടോ എടുത്ത പയ്യന്നൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെപി ജ്യോതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ ഫോട്ടോ പകര്‍ത്തുന്നത് കണ്ട ജഡ്ജിയാണ് കസ്റ്റഡിയിലെടുക്കാന്‍ ആവശ്യപ്പെട്ടത്.
2016 ജൂലായ് 11നാണ് പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ സി വി ധനരാജ് കൊല്ലപ്പെട്ടത്. 20 പ്രതികളാണ് കേസിലുള്ളത്. ആരോപണവിധേയരായ ബിജെപി പ്രവര്‍ത്തകരുടെ ഫോട്ടോയാണ് സി പി എം വനിതാ നേതാവ് പകര്‍ത്തിയത്.കേസിലെ സാക്ഷി വിസ്താരമടക്കം നടപടികള്‍ നടക്കുന്നതിനിടെയാണ് ഫോട്ടോയെടുത്ത സംഭവമുണ്ടായത്. കോടതി മുറിക്കുള്ളിലെ പ്രതികളുടെ ഫോട്ടോ മറ്റുതരത്തില്‍ ഉപയോഗപ്പെടുത്തുമോയെന്ന ചോദ്യം ഉയര്‍ന്നിരുന്നു.
















