കൊച്ചി: പി.ഇ.ബി. മേനോന് ആര്‍എസ്എസ് സംഘടന മാത്രമായിരുന്നില്ല, സാധനയായിരുന്നെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വ്യക്തിപരമായി സാധകനായതിനാല്‍ അദ്ദേഹത്തിന് ആ രീതിയില്‍ സംഘത്തെ കാണാന്‍ ബുദ്ധിമുട്ടുണ്ടായില്ല. സാധനയുടെ അടിത്തറ ഭക്തിയാണെന്നതുപോലെ സംഘപ്രവര്‍ത്തനത്തിലും മാതൃകാപരമായ ഭക്തി അദ്ദേഹം കാണിച്ചിരുന്നെന്നും സര്‍സംഘചാലക് പറഞ്ഞു. നെടുമ്പാശ്ശേരി ഇന്നേറ്റ് കണ്‍വന്‍ഷന്‍ എക്കോ ലാന്‍ഡില്‍ ആര്‍എസ്എസ് മുന്‍ കേരള പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച സമ്മേളനത്തില്‍ സ്മൃതിഭാഷണം നടത്തുകയായിരുന്നു ഡോ. മോഹന്‍ ഭാഗവത്.
ഒട്ടേറെ പേരെ അദ്ദേഹം സംഘവുമായി അടുപ്പിച്ചു. മഹത്തുക്കളായ വ്യക്തികള്‍ ജനിക്കുന്നത് ധര്‍മത്തെ രക്ഷിക്കാനുള്ള വ്യൂഹമെന്ന നിലയിലാണ്. അത്തരം വ്യക്തികള്‍ കളങ്കമില്ലാത്ത ചന്ദ്രനെപ്പോലെയാണ്. പ്രചണ്ഡമായ ഉഷ്ണമില്ലാത്ത സൂര്യനെപ്പോലെയാണ്. മേനോന്‍ സാര്‍ നമ്മുടെ മുമ്പില്‍ മാതൃകയായ വ്യക്തിയായിരുന്നു. ഈശ്വരനയച്ച വ്യൂഹമായിരുന്നു അദ്ദേഹം. ആ ജീവിതത്തെ പിന്തുടരുകയെന്നതാണ് നമ്മുടെ കടമ. പ്രചാരകനായിരുന്നില്ല അദ്ദേഹം, എന്നാല്‍ പ്രചാരകന്‍മാര്‍ക്കെല്ലാം മാതൃകയായിരുന്നു, മോഹന്‍ ഭാഗവത് പറഞ്ഞു.
സംഘാദര്‍ശത്തിന്റെ മൂര്‍ത്തിമദ്ഭാവമായിരുന്നു പി.ഇ.ബി. മേനോന്‍. സ്വയം സേവകന്‍, സംഘചാലകന്‍, ഗൃഹസ്ഥന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തുടങ്ങി ജീവിതത്തിന്റെ എല്ലാം മേഖലകളിലും അദ്ദേഹം വിജയിച്ചു. സംഘത്തിനായി നിയോഗിക്കപ്പെട്ട വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.
സംഘ പരിപാടികളില്‍ അദ്ദേഹം പ്രവര്‍ത്തകരുമായി ഇടപഴകുന്നത് കാണാറുണ്ട്. രക്ഷാകര്‍ത്താവിനെപ്പോലെ പ്രവര്‍ത്തകര്‍ക്കു മാര്‍ഗദര്‍ശനം നല്കിയിരുന്നു. ഇങ്ങനെ വ്യക്തി, ഗൃഹസ്ഥന്‍, പ്രഫഷണല്‍ എന്നീ നിലകളില്‍ വിജയകരമായി പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ കാര്യകര്‍ത്താവ്, സംഘചാലകന്‍ എന്നീ നിലകളിലും എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം നമുക്ക് മാര്‍ഗ ദര്‍ശിയാണ്. എന്നും അദ്ദേഹത്തിന്റെ ഓര്‍മകള്‍ നമ്മോടൊപ്പം നിലനില്‍ക്കും, സര്‍സംഘചാലക് തുടര്‍ന്നു. പി.ഇ.ബി. മേനോന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയോടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്.
ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, ബിഎംഎസ് അഖില ഭാരതീയ കാര്യകാരി അംഗം അഡ്വ. സജി നാരായണന്‍, മൂവാറ്റുപുഴ ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സ്വാമി അക്ഷയാത്മാനന്ദ, പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ. ജഗദംബിക, ദക്ഷിണ കേരളം ഗ്രാമവികാസ് സഹസംയോജകന്‍ സി.ജി. കമലാകാന്തന്‍ എന്നിവര്‍ പ്രസംഗിച്ചു.
ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തസംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു, തന്ത്രവിദ്യാപീഠം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍ കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു. സീമാ ജാഗരണ്‍മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ സര്‍സംഘചാലകിന്റെ പ്രസംഗം മലയാളത്തില്‍ വിശദീകരിച്ചു.
പി.ഇ.ബി. മേനോന്റെ കുടുംബാംഗങ്ങള്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ആര്‍എസ്എസ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ ശ്രദ്ധാഞ്ജലിക്കെത്തി.
രാവിലെ സര്‍സംഘചാലക് ആലുവയിലെ പി.ഇ.ബി. മേനോന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു.















