റാന്നി: ഉണ്ണികൃഷ്ണൻ പോറ്റിയുടേത് പറഞ്ഞ് പഠിപ്പിച്ച മൊഴിയെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പോറ്റിയെ കസ്റ്റഡിയിലെടുക്കാൻ വൈകിയത് മൊഴികൾ പഠിപ്പിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് അന്വേഷണത്തിന്റെ തിരക്കഥയിൽ തന്നെയാണ് എസ് ഐ ടി അന്വേഷണവും. ഉന്നതന്മാരിലേക്ക് അന്വേഷ്ണം എത്താതിരിക്കാനുള്ള നടപടികളാണ് എസ് ഐ ടി സ്വീകരിക്കുന്നതെന്നും കെ. സുരേന്ദ്രൻ വിമർശിച്ചു.
റാന്നിയിൽ നടന്ന ബിജെപി പ്രതിഷേധത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ. ആഗോള അയ്യപ്പ സംഗമം നടത്തി പിണറായി വിജയൻ നന്നായിയെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ ഒരു ഗംഗയിലും പമ്പയിലും മുങ്ങിയാലും പിണറായിയുടെ പാപക്കറ പോകില്ല. കുറുക്കന്റെ കൈയിൽ കോഴിയെ സംരക്ഷിക്കാൻ കൊടുത്തതുപോലെയാണ് ഇപ്പോൾ നടക്കുന്ന അന്വേഷണം.
ശബരിമലയിലെ യുവതീ പ്രവേശനകാലത്ത് കോൺഗ്രസിന്റെ ഒരു നേതാവിന്റെ ഒരു പൊടിപോലും പത്തനംതിട്ടയ്‌ക്ക് അപ്പുറം കണ്ടിരുന്നില്ല. അവർ പത്തനംതിട്ടയിൽ വലിയ പന്തൽ കെട്ടി ഇരിക്കുകയായിരുന്നു. ശബരിമലയിൽ വിശ്വാസികൾക്കൊപ്പം മഴയും വെയിലും കൊണ്ടത് ബിജെപിക്കാർ മാത്രമാണ്. അയ്യപ്പന്റെ വിഷയത്തിൽ ആത്മാർത്ഥത ഇല്ലാത്തതുകൊണ്ടാണ് വിശ്വാസ സംരക്ഷണ ജാഥയിൽ നിന്ന് ജാഥാ ക്യാപ്റ്റൻ തന്നെ വിട്ടു നിന്നതെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.
















