കര്‍ണാടകത്തിലെ 12-ആം നൂറ്റാണ്ടില്‍ രൂപംകൊണ്ട ലിംഗായത്ത് പ്രസ്ഥാനം ലോകത്തിന്റെ തന്നെ സാമൂഹ്യ-ആത്മീയ ചരിത്രത്തില്‍ അപൂര്‍വ്വമായൊരു വഴിത്തിരിവായിരുന്നു. ഈ ലിംഗായത്ത് പ്രസ്ഥാനത്തിലെ ശിവശരണരില്‍ പ്രമുഖനും ആത്മീയബോധത്തിന്റെയും സാഹിത്യസമ്പത്തിന്റെയും സാമൂഹിക നീതിയുടെയും പ്രതീകവും ആയിരുന്നു ചെന്നബസവേശ്വരന്‍. ‘ചെന്ന’ എന്നാല്‍ നല്ലത് എന്നാണ് അര്‍ത്ഥം.
മഹാനായ സാമൂഹ്യപരിഷ്‌കര്‍ത്താവും വചനസാഹിത്യത്തിന്റെ സ്ഥാപകനുമായ വിശ്വഗുരു ബസവേശ്വരന്റെ സഹോദരിയായ അക്കനാഗാംബികയും, ശിവദേവനുമാണ് അദ്ദേഹത്തിന്റെ മാതാ-പിതാക്കല്‍. ശ്രീ ബസവേശ്വരന്റെ ശിഷ്യനായിരുന്ന അദ്ദേഹം കൂടല ചെന്നസംഗമ ദേവന്‍ എന്നും അറിയപ്പെട്ടിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ലിംഗായതിസത്തിന്റെ ശക്തമായ മുഖമായി നിലകൊണ്ടവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു ശ്രീഗുരു ചെന്നബസവേശ്വരന്‍ .
ചെന്നബസവേശ്വരന്റെ കൃതികള്‍ അദ്ദേഹത്തിന്റെ കാലത്തെ മാത്രമല്ല, ഇന്നത്തെ സമൂഹത്തെയും പ്രചോദിപ്പിക്കുന്നവയാണ്. വചനങ്ങള്‍ ആത്മീയതയും ജീവിതനീതിയും സാമൂഹ്യ സന്ദേശങ്ങളും അടങ്ങിയ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ രചിക്കപ്പെട്ട കവിതകള്‍ ആയിരുന്നു. ഇവ അനീതികള്‍ക്ക് എതിരെയുള്ള ശക്തമായ ശബ്ദമായി മാറി. അദ്ദേഹം മുഖാന്തരം ദൈവീകതയുടെയും ആത്മീയതയുടെയും ജീവിതമൂല്യങ്ങളുടെയും ആഴങ്ങള്‍ സാധാരണ മനുഷ്യര്‍ക്കായി തുറക്കപ്പെട്ടു
ഭക്ത, മഹേശ്വര,പ്രസാദി, പ്രാണലിംഗ, ശരണ, ഐക്യ എന്നീ ഷഡ്സ്ഥലങ്ങള്‍ ദൈവാനുഭവത്തിലേക്കുള്ള ആറു ഘട്ടങ്ങള്‍ ആണ്. ഇഷ്ടലിംഗം വീരശൈവ -ലിംഗായത്തുകള്‍ ധരിക്കുന്ന വ്യക്തിപരമായ ശിവലിംഗം ആകുന്നു. ഷഡ്സ്ഥലങ്ങള്‍,ഇഷ്ടലിംഗം തുടങ്ങിയ ചിന്തകള്‍ ജനങ്ങള്‍ക്കു എളുപ്പം മനസ്സിലാവുന്ന രീതിയില്‍ വചനസാഹിത്യത്തിലൂടെ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ വചനങ്ങള്‍ ഇന്നും ആത്മീയ ഗ്രന്ഥങ്ങളായി പഠിക്കപ്പെടുന്നു.
അന്തരംഗത്തില്‍ ഭാവിക്കുന്നവനല്ല ബഹിരംഗത്തില്‍ അനുഷ്ഠിക്കുന്നവനല്ല രണ്ടുമുപേക്ഷിച്ച സ്വഭാവ സിദ്ധനാണ് നോക്കൂ, അന്തരംഗവുമില്ല ബഹിരംഗവുമില്ല കൂടലചെന്നസംഗമാ, അങ്ങയുടെ ശരണന് ചെന്നബസവേശ്വരന്റെ വചനങ്ങള്‍ ഒരു മതപരമായ ഗ്രന്ഥങ്ങള്‍ മാത്രമല്ല; സാമൂഹ്യസമത്വത്തിനായുള്ള ശബ്ദം അതിലടങ്ങിയിരുന്നു. സമത്വം, സഹോദരത്വം, കരുണ, സാമൂഹ്യനീതി എന്നിവയായിരുന്നു വചനങ്ങളിലെ കാതലായ സന്ദേശം. ജാതിയും വര്‍ണവ്യവസ്ഥയും ഇല്ലാതാക്കുന്നതിലും, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യമായ ആത്മീയ-സാമൂഹ്യ അവകാശം ഉറപ്പാക്കുന്നതിലും അദ്ദേഹത്തിന്റെ വചനങ്ങള്‍ വളരെ പ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.
സാഹിത്യകാരനെന്ന നിലയില്‍ മാത്രമല്ല, മികച്ച സംഘാടകനും കൂടിയായി പ്രവര്‍ത്തിച്ചു. ലോകത്തിലെ ആദ്യ പാര്‍ലമെണ്ട് ആയ അനുഭവ മണ്ഡപത്തിന്റെ പ്രവര്‍ത്തനത്തില്‍ പ്രധാന പങ്കുവഹിച്ചു. ശ്രീ ബസവേശ്വരന്‍ കല്യാണ വിട്ടുപോയപ്പോള്‍ ഉണ്ടായ കലഹകാലത്ത്, പ്രസ്ഥാനത്തിന്റെ ദീപം കെടുത്താതെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഭാരമുള്ള ഉത്തരവാദിത്വം ചെന്നബസവേശ്വരന്‍ ഏറ്റെടുത്തു. നിരവധി ശരണന്മാരുടെ വചനങ്ങള്‍ അദ്ദേഹം ശേഖരിച്ചു ക്രമീകരിച്ചതിലൂടെ, വചനസാഹിത്യത്തിന്റെ സമ്പൂര്‍ണ്ണതയും തുടര്‍ച്ചയും ഭാവി തലമുറകള്‍ക്കായി ഉറപ്പാക്കി.
സാമൂഹിക വൈരുദ്ധ്യങ്ങളിലും മത-ജാതി വ്യത്യാസങ്ങളിലും ലിംഗ-വര്‍ണ്ണ വിവേചനകളിലും പെട്ട ഇന്നത്തെ സമൂഹത്തില്‍, അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് വചനങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. ആത്മീയസത്യങ്ങള്‍ സാഹിത്യത്തിലൂടെയും സാമൂഹികപ്രവര്‍ത്തനങ്ങളിലൂടെയും സംയോജിപ്പിച്ച് ജനങ്ങളിലേക്ക് എത്തിച്ച വ്യക്തിത്വമായിരുന്നു ഗുരു ചെന്നബസവേശ്വരന്‍ .
അദ്ദേഹത്തിന്റെ ജീവിതവും വചനങ്ങളും ഇന്നും കോടിക്കണക്കിന് ജനങ്ങളുടെ മനസ്സുകളില്‍ പ്രചോദനമായി തെളിയുന്നു. ഭക്തിയും ചിന്താശക്തിയും സാമൂഹ്യപരിഷ്‌കാരവും ഒരുമിച്ച് കൈകൊണ്ട് ആ ജീവിതം ഇന്നത്തെ തലമുറയ്‌ക്കും വഴികാട്ടിയാണ്. തന്റെ ജീവിതം മുഴുവന്‍ ശിവഭക്തിക്കായി സമര്‍പ്പിച്ച അദ്ദേഹം ഇരുപത്തിയഞ്ചാം വയസ്സില്‍ കര്‍ണാടകയിലെ ഉലവിയില്‍ സമാധിയായി, ഇന്ന് ഇവിടെ ചെന്നബസവേശ്വര ക്ഷേത്രം നിലനില്‍ക്കുന്നു. ഇത് ഒരു പ്രധാന തീര്‍ത്ഥാടനകേന്ദ്രമാണ്.











