അതിരപ്പിള്ളി: മലക്കപ്പാറ അമ്പലപ്പാറയില്‍ കാട്ടാന കബാലി റോഡില്‍ നിലയുറപ്പിച്ചത് മൂലം മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. വിനോദസഞ്ചാരികളുടെ രണ്ടു കാറുകളെ കബാലി ആക്രമിച്ചു.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെ അമ്പലപ്പാറയ്‌ക്കും വാല്‍വ് ഹൗസിനും ഇടയിലുള്ള റോഡില്‍ മരം മറിച്ചിട്ട ശേഷം റോഡില്‍ നിലയുറപ്പിക്കുകയായിരുന്നു കാട്ടാന.
അന്തര്‍സംസ്ഥാനപാതയില്‍ ഇതുമൂലം വാഹനഗതാഗതം മണിക്കൂറുകളാളം പൂര്‍ണമായും സ്തംഭിച്ചു. ആനയ്‌ക്കു സമീപം നിന്ന് ഇരുവശത്തേക്കും ഒരു കിലോമീറ്റര്‍ ദൂരത്തിലേക്കു വാഹനങ്ങള്‍ മാറ്റിയിടാന്‍ വനംവകുപ്പ് നിര്‍ദേശിച്ചു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ആന റോഡില്‍നിന്നും മാറിയത്.
















