ബെംഗളൂരു : കർണാടകയിൽ ആർഎസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് പഞ്ചായത്ത് വികസന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ബിജെപി എംപി തേജസ്വി സൂര്യ . സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ പ്രവീൺ കുമാർ കെ.പി.യോട് താൻ നേരിട്ട് സംസാരിച്ചതായും അദ്ദേഹത്തിന് പൂർണ്ണ നിയമ പിന്തുണ ഉറപ്പുനൽകിയതായും തേജസ്വി സൂര്യ പറഞ്ഞു.
“ഈ നിയമവിരുദ്ധമായ സസ്‌പെൻഷനെ ചോദ്യം ചെയ്യാൻ ഞാൻ നേരിട്ട് ട്രൈബ്യൂണലിലും കോടതികളിലും ഹാജരാകും. ആർഎസ്‌എസ് പരിപാടികളിൽ പങ്കെടുക്കാനുള്ള സർക്കാർ ജീവനക്കാരുടെ അവകാശം ഉയർത്തിപ്പിടിച്ചുകൊണ്ട് നിരവധി ഹൈക്കോടതി വിധികൾ നിലവിലുണ്ട്. സിദ്ധരാമയ്യ സർക്കാർ ഒരു നിയമ പോരാട്ടം ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ ആ പോരാട്ടം നടത്തും.” തേജസ്വി സൂര്യ പറഞ്ഞു.
റായ്ച്ചൂർ ജില്ലയിലെ സിർവാർ താലൂക്കിൽ ജോലി ചെയ്യുന്ന പ്രവീൺ കുമാറിനെ ഒക്ടോബർ 12 നാണ് ഗ്രാമവികസന, പഞ്ചായത്ത് രാജ് വകുപ്പ് സസ്‌പെൻഡ് ചെയ്തത്. ലിങ്‌സുഗൂരിൽ ആർഎസ്‌എസ് പദസഞ്ചലത്തിൽ ഗണവേഷം ധരിച്ച് പങ്കെടുത്തതിന്റെ പേരിലാണ് സസ്പെൻഷൻ.
ദിവസങ്ങൾക്ക് മുമ്പ്, മന്ത്രി പ്രിയങ്ക് ഖാർഗെ, സർക്കാർ പരിസരങ്ങളിലെ ആർഎസ്‌എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരായ നടപടി.
















