വിശ്വാസങ്ങളാലും ഐതിഹ്യങ്ങളാലും നിറഞ്ഞ ഒരുപാട് ഇടങ്ങള്‍ കേരളത്തില്‍ അനവധിയുണ്ട്. പാണ്ഡവര്‍ വനവാസക്കാലത്ത് വന്നിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങള്‍, പ്രാര്‍ത്ഥിച്ചിരുന്ന ക്ഷേത്രങ്ങള്‍, രാമായണ കാലത്ത് രാമനും സീതയും ലക്ഷ്മണനും കടന്നുപോയെന്ന് ഐതിഹ്യങ്ങള്‍ പറയുന്ന നാടുകള്‍ എന്നിങ്ങനെ കഥകളും വിശ്വാസങ്ങളും ഒരേ പോലെ ചേര്‍ന്നുനില്‍ക്കുന്ന സ്ഥലങ്ങള്‍.
അത്തരത്തില്‍ വിശ്വാസത്തിന്റെ കണ്ണിലൂടെ കാണുമ്പോഴും ചരിത്രപരമായും സവിശേഷമായ പ്രാധാന്യം അര്‍ഹിക്കുന്ന ക്ഷേത്രമാണ് കല്ലുത്തിപ്പാറ ശ്രീകൃഷ്ണ ക്ഷേത്രം. തൃശൂരിലെ കണ്ടാണിശ്ശേരി എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ശ്രീകൃഷ്ണ ഭക്തരെ സംബന്ധിച്ചെടുത്തോളം വിശ്വാസങ്ങളുടെ ഒരു കേന്ദ്ര സ്ഥാനമാണ്. തൃശൂരിന് പുറത്തുള്ളവര്‍ക്ക് അധികമൊന്നും അറിയില്ലെങ്കില്‍പ്പോലും കേട്ടറിഞ്ഞെത്തുന്ന വിശ്വാസികള്‍ ഇതിന് തെളിവാണ്.
പാറയാല്‍ ചുറ്റപ്പെട്ടു നില്‍ക്കുകയാണ് ക്ഷേത്രം. പാറക്കൂട്ടത്തിന് നടുവിലെ സമനിരപ്പായ സ്ഥലത്താണ് ക്ഷേത്രമിരിക്കുന്നത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകര്‍ക്കപ്പെട്ട ഈ ക്ഷേത്രം പുനരുദ്ധരിച്ച് ഇപ്പോള്‍ വളരെ മികച്ച രീതിയില്‍ പരിപാലിക്കപ്പെടുന്നു.
പാറക്കൂട്ടങ്ങള്‍ക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിനു മുകളിലുള്ള പാറയില്‍ ഒരു ചെറിയ കുളം കാണാം. ഒറ്റനോട്ടത്തില്‍ വളരെ ചെറുതെന്ന് തോന്നുമെങ്കിലും, വേനലെത്ര കടുത്താലും ഈ കുളം വറ്റാറില്ല എന്നതാണ് പ്രത്യേകത.
ഏകദേശം നാലാള്‍ താഴ്ച ഇതിനുണ്ടെന്നാണ് പറയപ്പെടുന്നത്. കാണുമ്പോള്‍ വെറുമൊരു പാറക്കുളം പോലെയെന്നത് തോന്നല്‍ മാത്രമാണത്രെ. പണ്ടുളളവര്‍ പറയുന്നതനുസരിച്ച് കടലില്‍ ചാകരയുണ്ടാകുന്ന സമയത്ത് ഈ പാറക്കുളത്തില്‍ കടലിലെ മീനുകളും വന്നിരുന്നുവത്രെ.
ശ്രീകൃഷ്ണന്റെ കാല്‍പ്പാദം പതിഞ്ഞ ക്ഷേത്രസങ്കേതം എന്നതാണ് ഈ ക്ഷേത്രത്തെ ഇതര ശ്രീകൃ്ഷ്ണക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. പാറയുടെ മുകളില്‍ ഒരു കാല്പാദം മുഴുവനായും തെളിഞ്ഞു കാണാം.
സാക്ഷാല്‍ ശ്രീ ഗുരുവായൂരപ്പന്റെ കാല്‍പ്പാദമാണ് ഇതെന്നാണ് കരുതുന്നത്. ഗുരുവായൂരപ്പന്‍ ഇവിടെ വന്നിരുന്നുവെന്നാണ് ഭക്തവിശ്വാസവും, കാല്പാദത്തിന് സമീപത്തായി കയര്‍ കിടക്കുന്ന പോലെയൊരു പാടും കാണാം. എന്നിരുന്നാലും കാലപ്പഴക്കം കൊണ്ടായിരിക്കണം, ഇത് ചെറുതായി മായുന്നുമുണ്ട്.
പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണനാണെങ്കിലും ഭഗവതി, അയ്യപ്പന്‍, ഗണപതി, മുരുകന്‍ തുടങ്ങിയ ഉപദേവന്മാരുമുണ്ട്. പ്രഭാതത്തിലും പ്രദോഷത്തിലും ഇവിടെ നിത്യപൂജയുണ്ട്. എല്ലാ മാസത്തിലെയും ആദ്യ ദിവസം ഇവിടെ പാദപൂജ നടക്കാറുണ്ട്. ഏപ്രില്‍ മാസത്തില്‍ പൂരവും ആഘോഷിക്കുന്നു.
ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു വരുമ്പോള്‍ കല്ലുത്തിപ്പാറ ക്ഷേത്രത്തില്‍ കൂടി പോകും വിധത്തില്‍ യാത്ര ക്രമീകരിക്കാം. ഗുരുവായൂരില്‍ നിന്നും 9.3 കിലോമീറ്റര്‍ ദൂരമാണ് ക്ഷേത്രത്തിലേക്കുള്ളത്. ഗുരുവായൂരില്‍ നിന്ന് 20 മിനിറ്റ് സമയത്തില്‍ ഇവിടെയെത്താം.
















