പട് ന: സീറ്റുവിഭജനവും കഴിഞ്ഞ് സ്ഥാനാര്‍ത്ഥി ലിസ്റ്റും പ്രഖ്യാപിച്ചും പ്രചാരണപരിപാടികള്‍ തയ്യാറാക്കിയും ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എന്‍ഡിഎ ഒരുക്കം പൂര്‍ത്തിയാക്കിയപ്പോള്‍ സീറ്റ് വിഭജനം പോലും പൂര്‍ത്തിയാക്കാനാകാതെ പതറുകയാണ് കോണ്‍ഗ്രസ്- ആര്‍ജെഡി സഖ്യം. ഇതിനിടെ നവമ്പര്‍ ആറിന് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഒക്ടോബര്‍ 17 ശനിയാഴ്ച അവസാനിച്ചു.
പ്രധാനപ്പെട്ട ചില മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസും ആര്‍ജെഡിയും ഏതാനും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. സീറ്റ് വിഭജനചര്‍ച്ച തീരുമാനമാകാതെ നീളുന്നതിനിടയില്‍ 48 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഏകപക്ഷീയമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്. അവസാനമണിക്കൂറുകളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള നാമനിര്‍ദേശപത്രിക നല്‍കാനുള്ള തിക്കിത്തിരക്കിലാണ് ആര്‍ജെഡിയും കോണ്‍ഗ്രസും മുഴുവന്‍ സീറ്റുകളിലേക്കും സമയം അവസാനിക്കുന്നതിന് മുന്‍പ് പത്രിക നല്‍കാന്‍ കഴിഞ്ഞോ എന്നതറിയാന്‍ ഇനിയും കാത്തിരിക്കണം.
മത്സരത്തിന് മുന്‍പേ മഹാഘട്ബന്ധന്‍ വാടിക്കഴിഞ്ഞുവെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. ബിജെപിയ്‌ക്ക് എന്തിനാണ് മഹാഘട്ബന്ധന്റെ പ്രശ്നങ്ങളില്‍ ഇത്രം ആകാംക്ഷ എന്ന തൊടുന്യായം പറഞ്ഞ് രക്ഷപ്പെടാനാണ് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ശ്രമിക്കുന്നത്. പരസ്പരധാരണകള്‍ക്ക് സമയമെടുക്കുമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും തമ്മില്‍ തല്ലിനെ ന്യായീകരിക്കുകയാണ്.
2020ല്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ചുവെന്ന് ലാലുപ്രസാദും മകന്‍ തേജസ്വി യാദവും അവകാശപ്പെടുന്നു. വോട്ട് ചോരി വിഷയത്തിലൂടെ താന്‍ ബീഹാറിനെ ഇളക്കിമറിച്ചെന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെടുമ്പോഴും കഴിഞ്ഞ തവണത്തേതിനേക്കാള്‍ 20 സീറ്റ് കുറച്ച് നല്‍കാമെന്നാണ് ലാലുവും തേജസ്വിയും പറയുന്നത്. ഇപ്പോള്‍ 60 സീറ്റെങ്കിലും തരൂ എന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി ലാലുവിനോട് കെഞ്ചുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
ആര്‍ജെഡി-കോണ്‍ഗ്രസ് വഴക്കിനിടയില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ അസ്വാരസ്യം പുകയുന്നുണ്ട്. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന് ബീഹാറിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൈക്കൂലിവാങ്ങുന്നതിനെക്കുറിച്ചും വലിയ വിമര്‍ശനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ പലയിടങ്ങളിലും അടിയും നടക്കുന്നുണ്ട്.
സിപിഐ എംഎല്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യയും മഹാഘട്ബന്ധനില്‍ പ്രശ്നമില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. അതേ സമയം എത്ര സീറ്റിലാണ് അവരുടെ പാര്‍ട്ടി മത്സരിക്കുന്നത് എന്ന് പറയാന്‍ കഴിയുന്നില്ല. 2020ല്‍ 19 സീറ്റുകളില്‍ മത്സരിച്ചെന്നും ഇക്കുറിയും ഏതാണ്ട് അത്ര തന്നെ സീറ്റില്‍ മത്സരിക്കുമെന്നും മാത്രമേ ദീപാങ്കര്‍ ഭട്ടാചാര്യയ്‌ക്ക് പറയാന്‍ കഴിയുന്നുള്ളൂ.
മഹാഘട്ബന്ധനില്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, സിപിഐഎംഎല്‍, സിപിഐ, സിപിഎം എന്നീ പാര്‍ട്ടികളാണുള്ളത്. മുകേഷ് സാഹ്നിയുടെ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി)യെക്കൂടി ഉള്‍പ്പെടുത്താന‍് ശ്രമം നടക്കുന്നുണ്ടെങ്കിലും ഇവിടെയും സീറ്റുപങ്കുവെയ്‌ക്കുന്ന കാര്യത്തില്‍ ധാരണയായില്ല. ഇതിനിടെ ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയെയും(ജെഎംഎം) മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ തേജസ്വി ശ്രമിക്കുന്നു. ഇവര്‍ക്കും സീറ്റുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. വിഐപി, ജെഎംഎം എന്നിവയെക്കൂടി മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതോടെ അവര്‍ക്ക് നല്‍കാനുള്ള സീറ്റുകൂടി കോണ്‍ഗ്രസില്‍ നിന്നും വെട്ടിച്ചുരുക്കാനാണ് തേജസ്വി യാദവിന്റെ തീരുമാനം. ഇത് ഫലത്തില്‍ കോണ്‍ഗ്രസ് ആര്‍ജെഡിയും തമ്മില്‍ വലിയ വഴക്കുകളിലേക്ക് വോട്ടെടുപ്പിന്റെ സമയത്ത് നീങ്ങാന്‍ സാധ്യതയുണ്ട്.
അതേ സമയം മെയ് 6ന് ആദ്യ ഘട്ടവോട്ടെടുപ്പ് നടക്കുന്ന മുഴുവന്‍ സീറ്റുകളിലേക്കും എന്‍ഡിഎ നാമനിര്‍ദേശപത്രികനല്‍കിക്കഴിഞ്ഞു. സ്ത്രീകള്‍ക്ക് പരിഗണന നല്‍കുന്ന സ്ഥാനാര്‍ത്ഥി ലിസ്റ്റാണ് ബിജെപി പുറത്തുവിട്ടത്. യുവവോട്ടര്‍മാര്‍ ധാരാളമുള്ള ബീഹാറിലെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ യുവത്വത്തിന് പ്രാമുഖ്യവും നല്‍കിയിരിക്കുന്നു. 101 സീറ്റുകള്‍ വീതമാണ് എന്‍ഡിഎയില്‍ നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും സീറ്റ് വിഭജനത്തിന്റെ ഭാഗമായി പങ്കുവെയ്‌ക്കുന്നത്. ആകെയുള്ള 243 സീറ്റുകളില്‍ ബാക്കിയുള്ള 41 സീറ്റുകള്‍ മറ്റ് സഖ്യകക്ഷികളായ എല്‍ജെപി (രാം വിലാസ് പാസ്വാന്‍), എച്ച് എഎം, ആര്‍എല്‍എം എന്നീ പാര്‍ട്ടികള്‍ പങ്കിടും.മോദിയും അമിത് ഷായും നയിക്കുന്ന 40 താരപ്രചാരകരാണ് ബീഹാറില്‍ പ്രചാരണത്തിനിറങ്ങുക. നീതീഷ് കുമാര്‍ എന്ന മുഖ്യമന്ത്രി 10ാം തവണയും അധികാരത്തിനായി പൊരുതുകയാണ്. സുസ്ഥിരതയും വികസനവും ജനക്ഷേമവും തന്നെയാണ് എന്‍ഡിഎ സര്‍ക്കാര്‍ മുന്നോട്ട് വെയ്‌ക്കുന്ന പ്രധാന കാര്യങ്ങള്‍. മഹാഘട്ബന്ധനിലെ ആശയക്കുഴപ്പവും എന്‍ഡിഎയുടെ മുന്നൊരുക്കവും എന്‍ഡിഎയുടെ ഉറച്ച വിജയത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
















