ന്യൂദല്‍ഹി : അടുത്തിടെ ഇന്ത്യന്‍ സമൂഹത്തെ ലക്ഷ്യം വച്ചു നടന്ന കുടിയേറ്റ വിരുദ്ധ റാലികളോട് ഭൂരിപക്ഷം ഓസ്ട്രേലിയക്കാര്‍ക്കും യോജിപ്പില്ലെന്ന് കാന്‍ബറയിലെ മള്‍ട്ടി കള്‍ച്ചറല്‍ അഫയേഴ്സ് മന്ത്രി ആനി അലി വ്യക്തമാക്കി. ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷന് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിച്ച ആനി അലി, ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തെ ലക്ഷ്യം വച്ചുള്ള കുടിയേറ്റ വിരുദ്ധ റാലികളുടെ കാര്യം ഇന്ത്യന്‍ സര്‍ക്കാര്‍ ഉന്നയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
‘ഞങ്ങള്‍ നിങ്ങളെ വിലമതിക്കുന്നു. ഞങ്ങള്‍ നിങ്ങളോട് നന്ദിയുള്ളവരാണ്. ഞങ്ങള്‍ നിങ്ങളോടൊപ്പം നില്ക്കുന്നു. നിങ്ങള്‍ ഓസ്ട്രേലിയക്കാരാണ്. അതിനാല്‍, കുടിയേറ്റക്കാരോട് ‘വീട്ടിലേക്ക് പോകൂ’ എന്ന് പറയുന്ന ആളുകളോട് – ഞാന്‍ പറയുന്നു: ‘അവര്‍ വീട്ടിലാണ്!’ കുടിയേറ്റ വിരുദ്ധ റാലികളില്‍ പ്രകടിപ്പിച്ച ഭിന്നിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ ബഹുഭൂരിപക്ഷം ഓസ്ട്രേലിയക്കാരും പങ്കിടുന്നില്ലെന്ന് എല്ലാവര്ക്കും ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ഈജിപ്ഷ്യന്‍ വംശജയും സര്വസമ്മതയുമായ ആനി അലി പറഞ്ഞു.
ഓസ്ട്രേലിയയിലെ നിരവധി നഗരങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തെ ലക്ഷ്യം വച്ചുള്ള കുടിയേറ്റ വിരുദ്ധ റാലികള്‍ നടന്ന് ഒരു മാസത്തിന് ശേഷമാണ് മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം. റാലികള്‍ക്ക് ശേഷം, വംശീയ അധിക്ഷേപവും ഇന്ത്യന്‍ സമൂഹത്തെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളും വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.











