മുംബൈ : വ്യാജ രേഖകൾ ഉപയോഗിച്ച് കഴിഞ്ഞ 30 വർഷമായി ഇന്ത്യയിൽ താമസിച്ചിരുന്ന ബംഗ്ലാദേശി ട്രാൻസ്ജൻഡറായ ജ്യോതി അഥവ ഗുരു മാ എന്നറിയപ്പെടുന്ന ബാബു അയൻ ഖാനെ മുംബൈ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. 200 ബംഗ്ലാദേശി പൗരന്മാരെ ഇന്ത്യയിലേക്ക് കടത്തിയതായി ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
മുംബൈയിലെ ട്രാൻസ് ആളുകൾക്ക് വേണ്ടിയുള്ള ഒരു ആത്മീയ നേതാവായി ഇയാൾ സ്വയം മാറുകയായിരുന്നു. ഇതിനായി ഇയാൾ നഗരത്തിലുടനീളം 300 ഓളം അനുയായികളെ കണ്ടെത്തി. കൂടാതെ ഇന്ത്യൻ പൗരത്വം അവകാശപ്പെടാൻ അവർ വ്യാജ ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയും നേടിയിരുന്നു, ഇത് പോലീസ് പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് അവരുടെ അറസ്റ്റിലേക്ക് നയിച്ചത്.
പശ്ചിമ ബംഗാളിലെ മുർഷിദാബാദ് അതിർത്തിയിലൂടെയാണ് ബംഗ്ലാദേശികളെ ഇയാൾ കടത്തിക്കൊണ്ടിരുന്നത്. ഈ വ്യക്തികളെ ആദ്യം കൊൽക്കത്തയിൽ കുറച്ച് ദിവസത്തേക്ക് തടഞ്ഞുവച്ചിരുന്നു. അവിടെ വ്യാജ ജനന, സ്കൂൾ ടിസി സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി. തുടർന്ന് അവരെ മുംബൈയിലെ ശിവാജി നഗറിലേക്ക് കൊണ്ടുവന്ന് 3-4 പേരടങ്ങുന്ന മുറികളിൽ പാർപ്പിച്ചു. ഇതിനിടയിൽ ഗുരു മായ്‌ക്ക് പ്രതിമാസം 5,000 മുതൽ 10,000 രൂപ വരെ കുടിയേറ്റക്കാർ വാടക നൽകിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.
തുടർന്ന് നടത്തിയ കൂടുതൽ അന്വേഷണങ്ങളിൽ ഗുരു മാ 200-ലധികം എംഎച്ച്എഡിഎ ഫ്ലാറ്റുകളും കുടിലുകളും നിയമവിരുദ്ധമായി സമ്പാദിച്ചെന്നും കണ്ടെത്തി. അവ വാടകയ്‌ക്ക് നൽകി ഗണ്യമായ തുക ഇയാൾ സമ്പാദിക്കുകയും ചെയ്തു. ഇപ്പോൾ മുംബൈ പോലീസ് ഇവരുടെ ശൃംഖലയെക്കുറിച്ചും അനുബന്ധ കുറ്റകൃത്യങ്ങളെക്കുറിച്ചും വ്യാപക അന്വേഷണം നടത്തുന്നുണ്ട്.
















