റായ്‌പുർ : ഛത്തീസ്ഗഡിലെ നക്സൽ ബാധിത ദണ്ഡകാരണ്യ മേഖലയിൽ നിരവധി ഉന്നത നേതാക്കൾ ഉൾപ്പെടെ 210 മാവോയിസ്റ്റുകൾ വെള്ളിയാഴ്ച ആയുധം താഴെ വച്ചു കീഴടങ്ങി. മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയുടെ സാന്നിധ്യത്തിൽ ജഗദൽപൂരിൽ ഔപചാരിക കീഴടങ്ങലും പുനഃസംയോജന ചടങ്ങും നടന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടായ മാവോയിസ്റ്റ് കീഴടങ്ങലായിട്ടാണ് ഇതിനെ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആയുധം താഴെ വച്ചവരിൽ ഒരു കേന്ദ്ര കമ്മിറ്റി അംഗം, നാല് ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി അംഗങ്ങൾ, 21 ഡിവിഷണൽ കമ്മിറ്റി അംഗങ്ങൾ, മറ്റ് നിരവധി മുതിർന്ന മാവോയിസ്റ്റ് നേതാക്കൾ എന്നിവരും ഉൾപ്പെടുന്നു. എകെ47, എസ് എൽ ആർ, ഇൻസാസ് റൈഫിളുകൾ, എൽ എംജി തോക്കുകൾ എന്നിവയുൾപ്പെടെ 153 ആയുധങ്ങളും മാവോയിസ്റ്റുകൾ സുരക്ഷാ സേനയ്‌ക്ക് കൈമാറിയിട്ടുണ്ട്.
കൂടാതെ കീഴടങ്ങിയവരിൽ മാവോയിസ്റ്റുകളുടെ ബോംബ് നിർമ്മാതാവ് എന്നറിയപ്പെടുന്ന തക്കലപ്പള്ളി വാസുദേവ റാവു (രൂപേഷ് എന്നും അറിയപ്പെടുന്നു) ഉൾപ്പെടുന്നു. 2000 ഡിസംബർ 2 ന് അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെ ആക്രമിച്ചതുമായും 1999 ൽ രാഷ്‌ട്രീയ, പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് ഇന്റലിജൻസ് രേഖകൾ വ്യക്തമാക്കുന്നുണ്ട്.
“പൂന മാർഗേം: പുനരധിവാസം മുതൽ പുനർജന്മം വരെ” എന്ന പ്രമേയമുള്ള പരിപാടിയുടെ ഭാഗമായാണ് ഈ കീഴടങ്ങൽ. ബലപ്രയോഗത്തിലൂടെയല്ലാതെ വികസനത്തിലൂടെയും സംഭാഷണത്തിലൂടെയും തീവ്രവാദികളെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളെ ഈ അവസരത്തിൽ മുഖ്യമന്ത്രി പ്രകീർത്തിച്ചു. ദണ്ഡകാരണ്യ മേഖലകളിൽ ശാശ്വത സ്ഥിരതയിലേക്കുള്ള ചരിത്രപരമായ ചുവടുവയ്‌പ്പായി കീഴടങ്ങലിനെ കാണുന്നെന്ന് മുഖ്യമന്ത്രി സായ് പറഞ്ഞു.
“പുനർജന്മത്തിലേക്ക് നയിക്കുന്ന പുനരധിവാസമായ ‘പൂന മാർഗേം: പുനർവാസ് സേ പുനർജീവൻ’ എന്നതിന്റെ ആത്മാവാണ് ഈ കീഴടങ്ങൽ ഉൾക്കൊള്ളുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സമാധാനത്തിന്റെയും വികസനത്തിന്റെയും മുഖ്യധാരയുമായി ബന്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അക്രമത്തിലല്ല, വിശ്വാസം, സംഭാഷണം, വികസനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ സമീപനം ഫലം കാണുന്നുവെന്നതിന്റെ തെളിവാണ് ഈ ചരിത്രപരമായ ചുവടുവയ്‌പ്പ്,”- മുഖ്യമന്ത്രി പറഞ്ഞു.
















