ന്യൂദല്‍ഹി: മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടി ഉടന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വഖഫ് നിയമഭേഗതിയാണ് ഈ വിധിയിലേക്ക് നയിക്കുന്നതിന് കാരണമായത്. നേരത്തെ മുനമ്പം സന്ദര്‍ശിച്ച താനടക്കമുള്ള ബിജെപി നേതാക്കള്‍ മുനമ്പത്തുകാര്‍ക്ക് തങ്ങളുടെ ഭൂമി തിരിച്ചുകിട്ടുമെന്ന് പറഞ്ഞിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു. അത് അവരുടെ അവകാശമാണ്, ഔദാര്യമല്ല. തങ്ങളാണ് അത് ചെയ്തതെന്ന് പറഞ്ഞ് മുനമ്പത്ത് വോട്ടുപിടിക്കാന്‍ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
ചില രാഷ്‌ട്രീയക്കാര്‍ ഒഴികെ എല്ലാവരും മുനമ്പത്തുകാര്‍ക്ക് ഒപ്പമായിരുന്നു, കേരളത്തിന്റെ മനഃസാക്ഷി അവര്‍ക്ക് ഒപ്പം നിന്നു. മുനമ്പം വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായി. വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളിലും മുനമ്പം വിഷയമായി.
മുനമ്പവുമായി ബന്ധപ്പെട്ടുണ്ടായ എല്ലാകാര്യങ്ങളും ഹൈക്കോടതി വിധിയില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. അദൃശ്യമായ ഒരു മൂന്നാം കക്ഷിയെക്കുറിച്ചും കോടതി പരാമര്‍ശിക്കുന്നു. അത് ആരെന്ന് മാധ്യമങ്ങള്‍ കണ്ടെത്തണം. ഇനിയും കാലതാമസം വരുത്താതെ മുനമ്പത്തുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അവരുടെ അവകാശം തിരിച്ചു നല്‍കണം. വോട്ട് രാഷ്‌ട്രീയത്തിന്റെ ഭാഗമാക്കി ഇതിനെ എടുക്കരുതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
മതവോട്ടുകള്‍ക്ക് വേണ്ടിയാണ് സംസ്ഥാനത്തെ ഇടതുവലതുമുന്നണികള്‍ പരിശ്രമിക്കുന്നത്. കേരളത്തില്‍ മാത്രമെ ഇങ്ങനെ നടക്കുന്നുള്ളൂ. ഇത് അവസാനിപ്പിക്കണം. വികസനമാണ് വേണ്ടത്. വികസന കാര്യത്തില്‍ എന്ത് ചര്‍ച്ചയ്‌ക്കും തയാറാണ്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഇനിയും വോട്ട് പിടിക്കാന്‍ നടന്നാല്‍ ഇപ്പോള്‍ അയ്യപ്പന്‍ കൊടുത്തതുപോലെ അടി ഇനിയും കിട്ടുമെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.













