കർണൂൽ/ശ്രീശൈലം: 21-ാം നൂറ്റാണ്ട് 1.4 ബില്യൺ ഇന്ത്യക്കാരുടേതാണെന്നും 2047-ഓടെ ‘വികസിത ഇന്ത്യ’ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആന്ധ്രാപ്രദേശിലെ കർണൂലിൽ 13,430 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും ശേഷം ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞതുപോലെ 2047-ൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തോടെ വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. 21-ാം നൂറ്റാണ്ട് 1.4 ബില്യൺ ഇന്ത്യക്കാരുടേതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ആന്ധ്രാപ്രദേശിന്റെ വികസനത്തെ പ്രശംസിച്ച പ്രധാനമന്ത്രി കഴിഞ്ഞ 16 മാസത്തിനിടെ സംസ്ഥാനം അഭൂതപൂർവമായ പുരോഗതി കൈവരിച്ചതായി പറഞ്ഞു.
കോൺഗ്രസിനെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി
വൈദ്യുതി മേഖലയെ കോൺഗ്രസ് പാർട്ടി അവഗണിച്ചുവെന്ന് മോദി ആരോപിച്ചു. പതിനൊന്ന് വർഷം മുമ്പ് കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ ശരാശരി പ്രതിശീർഷ വൈദ്യുതി ഉപഭോഗം 1,000 യൂണിറ്റിൽ താഴെയായിരുന്നു, എന്നാൽ അക്കാലത്ത് രാജ്യം വൈദ്യുതി മുടക്കം പോലുള്ള വെല്ലുവിളികൾ നേരിട്ടു, നമ്മുടെ ഗ്രാമങ്ങളിൽ വൈദ്യുതി തൂണുകൾ പോലും ഉണ്ടായിരുന്നില്ല. ഇപ്പോൾ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിയിട്ടുണ്ടെന്നും പ്രതിശീർഷ വൈദ്യുതി ഉപഭോഗം 1,400 യൂണിറ്റായി വർദ്ധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “മെയ്‌ക്ക് ഇൻ ഇന്ത്യ”യെ പ്രശംസിച്ച പ്രധാനമന്ത്രി ഏപ്രിൽ 22 ന് പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദ ഒളിത്താവളങ്ങൾക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിൽ ആഭ്യന്തരമായി നിർമ്മിച്ച ഉപകരണങ്ങളുടെ ശക്തി കണ്ടതായി പറഞ്ഞു. ഇവിടെ ആന്ധ്രപ്രദേശിൽ നിർമ്മിക്കുന്ന പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആന്ധ്രാപ്രദേശിനായി 13,430 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. വൈദ്യുതി, പ്രതിരോധം, റെയിൽവേ, റോഡുകൾ, പെട്രോളിയം, വ്യാവസായിക മേഖലകളിലെ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. കുർണൂലിൽ 2,880 കോടി രൂപയുടെ ട്രാൻസ്മിഷൻ സിസ്റ്റം ശക്തിപ്പെടുത്തൽ പദ്ധതി, ഓർവക്കലിലും കടപ്പയിലും 4,920 കോടി രൂപയുടെ വ്യാവസായിക മേഖലകൾ, വിശാഖപട്ടണത്ത് 960 കോടി രൂപയുടെ ആറ് വരി ഗ്രീൻഫീൽഡ് ഹൈവേ, ശ്രീകാകുളം-അങ്കുൾ ഗ്യാസ് പൈപ്പ്‌ലൈൻ (1,730 കോടി) എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ വ്യവസായ കേന്ദ്രങ്ങൾ 21,000 കോടി നിക്ഷേപവും ഏകദേശം 100,000 തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമെ വിശാഖപട്ടണം കൃത്രിമ ബുദ്ധിയുടെയും കണക്റ്റിവിറ്റിയുടെയും കേന്ദ്രമായി സ്ഥാപിക്കപ്പെടും. ഇത് ഇന്ത്യയ്‌ക്ക് മാത്രമല്ല, മുഴുവൻ ലോകത്തിനും സേവനങ്ങൾ നൽകുമെന്നും മോദി പറഞ്ഞു.
മല്ലികാർജ്ജുന സ്വാമി ക്ഷേത്രത്തിൽ മോദി പ്രാർത്ഥന നടത്തി
നേരത്തെ നന്ദ്യാൽ ജില്ലയിലെ ശ്രീശൈലത്തുള്ള ശ്രീ ഭ്രമരംഭ മല്ലികാർജുന സ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി പ്രാർത്ഥന നടത്തിയിരുന്നു. പ്രധാനമന്ത്രി മോദി പഞ്ചമുരളു (പശുവിൻ പാൽ, തൈര്, നെയ്യ്, തേൻ, പഞ്ചസാര എന്നിവ ചേർത്തുണ്ടാക്കിയ ഒരു പവിത്രമായ മിശ്രിതം) ഉപയോഗിച്ച് രുദ്രാഭിഷേകം നടത്തിയിരുന്നു എന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും ഉപമുഖ്യമന്ത്രി പവൻ കല്യാണും സന്നിഹിതരായിരുന്നു. ജ്യോതിർലിംഗവും ശക്തിപീഠവും ഒരേ സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന 12 ജ്യോതിർലിംഗങ്ങളിലും 52 ശക്തിപീഠങ്ങളിലും ഒന്നാണ് ഈ ക്ഷേത്രം. ക്ഷേത്രം സന്ദർശിച്ച ശേഷം മോദി ശ്രീ ശിവാജി സ്ഫുർത്തി കേന്ദ്രം സന്ദർശിച്ചു. ധ്യാനത്തിലിരിക്കുന്ന ഛത്രപതി ശിവാജിയുടെ പ്രതിമയും നാല് ഐക്കണിക് കോട്ടകളുടെ മാതൃകകളും ഈ സ്മാരക സമുച്ചയത്തിൽ ഉണ്ട്. പ്രതാപ്ഗഡ്, രാജ്ഗഡ്, റായ്ഗഡ്, ശിവ്‌നേരി എന്നിവയാണ് ഈ കോട്ടകൾ. 1677-ൽ ശിവാജി അവിടെ നടത്തിയ തീർത്ഥാടനത്തിന്റെ സ്മരണയ്‌ക്കായി നിർമ്മിച്ചതാണ് ഈ കേന്ദ്രം.
ചന്ദ്രബാബു നായിഡുവിന്റെ ഹിന്ദി ഹൃദയം കീഴടക്കി
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഹിന്ദിയിലെ പരാമർശങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. ബിഹാറിൽ എൻഡിഎ വിജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, മോദിയുടെ വിജയയാത്ര ഈ രീതിയിൽ തുടരുമെന്ന് നായിഡു ഒരു പൊതുയോഗത്തിൽ പറഞ്ഞു. ബിഹാറിലെ എൻഡിഎയുടെ സാധ്യതകളെക്കുറിച്ച് ഹിന്ദിയിൽ നന്നായി സംസാരിച്ചതിലൂടെ ചന്ദ്രബാബു നായിഡു ബീഹാറിലുടനീളമുള്ള നിരവധി എൻഡിഎ പ്രവർത്തകരുടെ ഹൃദയം കീഴടക്കുക മാത്രമല്ല, ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നതിനായുള്ള തന്റെ ആഴമായ പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു എന്ന് മോദി പിന്നീട് എക്‌സിൽ എഴുതി. ആദായനികുതി ഇളവ് പരിധി 12 ലക്ഷമായി ഉയർത്തുക, ജിഎസ്ടി ഘടന മെച്ചപ്പെടുത്തുക തുടങ്ങിയ നടപടികൾ ഉദ്ധരിച്ച് മോദി പൗര കേന്ദ്രീകൃത വികസനം തന്റെ സർക്കാരിന്റെ മുൻഗണനയാണെന്ന് പറഞ്ഞു. ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിന് തുടർച്ചയായ പരിഷ്കാരങ്ങൾ നടപ്പിലാക്കിവരികയാണെന്നും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
















