പട് ന: വോട്ട് ചോരി യാത്ര നടത്തി ബീഹാറിനെ ഇളക്കിമറിച്ച തനിക്ക് കൂടുതല്‍ സീറ്റ് വേണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം തേജസ്വി യാദവ് തള്ളി. യാത്ര അത്രയ്‌ക്ക് കേമമായതിനാല്‍ 2020ല്‍ 70 സീറ്റ് കോണ്‍ഗ്രസിന് നല്‍കിയെങ്കില്‍ ഇത്തവണ 50 സീറ്റേ നല്‍കാന്‍ കഴിയൂ എന്ന പിടിവാശിയിലാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. രാഹുല്‍ ഗാന്ധിയുടെ യാത്ര ഒരു ഇളക്കവും ബീഹാറില്‍ ഉണ്ടാക്കിയില്ലെന്നതാണ് ആര്‍ജെഡി വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി യാത്രയ്‌ക്കിടയില്‍ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദിയുടെ അമ്മയെ അപഹസിച്ചതിന്റെ പേരില്‍ ഉണ്ടായ നാണക്കേടും വിമര്‍ശനവും ഇനിയും ബീഹാറില്‍ കെട്ടടങ്ങിയിട്ടില്ല.
ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സീറ്റ് വിഭജനത്തന് ശേഷം സ്ഥാനാര്‍ത്ഥികളെ വരെ പ്രഖ്യാപിച്ചുകൊണ്ടിരിക്കെ, സീറ്റ് വിഭജനചര്‍ച്ച പോലും പൂര്‍ത്തിയാക്കാനാകാതെ വിഷമിക്കുകയാണ്. കോണ്‍ഗ്രസും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റ് കിട്ടിയിരുന്ന കോണ്‍ഗ്രസിന് ഇക്കുറി 50 സീറ്റുകള്‍ മാത്രമേ നല്‍കാന്‍ കഴിയൂ എന്നാണ് ആര്‍ജെഡി യുവനേതാവ് തേജസ്വി യാദവ് പറയുന്നത്.
ഇതോടെ കൂടുതല്‍ സീറ്റിന് വേണ്ടി യാചിച്ച് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെ രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ചതായി അറിയുന്നു. എന്നിട്ടും തീരുമാനം പ്രഖ്യാപിക്കാനായിട്ടില്ല. കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലാലു പ്രസാദ് യാദവിനെ വിളിച്ചു.
കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്നുവരുന്ന സീറ്റ് വിഭജന ചര്‍ച്ച സമവായത്തില്‍ എത്തിക്കാന്‍ തേജസ്വി യാദവിനോ രാഹുല്‍ ഗാന്ധിയ്‌ക്കോ കഴിഞ്ഞില്ലെന്നത് മഹാഘട്ബന്ധന്‍ മുന്നണിയുടെ ദൗര്‍ബല്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
















