കോട്ടയം: അറിയാതെ വിളിച്ചുപോയതാ ഭഗവാനെയെന്ന് ! ഒടുവില്‍ പോസ്റ്റ് തിരുത്തിയിറക്കി ദൈവനിഷേധ നിലപാട് പുലര്‍ത്തുന്ന സിപിഎം മാനം രക്ഷിച്ചു. ആറന്‍മുള വള്ളസദ്യയുമായി ബന്ധപ്പെട്ട ആചാരലംഘനവിഷയത്തിലാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റി ഫേസ്ബുക്ക് പോസ്റ്റില്‍ തിരുത്തുവരുത്തിയത്. ആചാരലംഘനം ഉണ്ടായി എന്നത് വ്യാജപ്രചരണമെന്ന് സ്ഥാപിക്കാനായിരുന്നു ഫേസ് ബുക്ക് പോസ്റ്റ്. അതില്‍ ‘ഭഗവാന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ ഭഗവാന്‍ ഒരിക്കലും പൊറുക്കില്ലെ’ന്നായിരുന്നു പറഞ്ഞിരുന്നത്. ഇതിട്ടു കഴിഞ്ഞപ്പോഴാണ് പാര്‍ട്ടിക്ക് ദൈവമില്ലെന്ന വെളിപാടുണ്ടായത്. തൊട്ടുപിന്നാലെ അത് ‘ആചാരലംഘനം നടന്നതായി കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ വിശ്വസിക്കില്ല, എന്നുമാത്രമല്ല പൊറുക്കില്ലെന്നും ഓര്‍ക്കുന്നത് നന്ന്’ എന്നാക്കി മാറ്റുകയായിരുന്നു.
















