ഹരിപ്പാട്: വെയിലും മഴയുമേറ്റ് ഒരേ നില്‍പ്പ് നില്‍ക്കാന്‍ വിധിക്കപ്പെട്ട സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്‌കന്ദന്‍ ഇനി എന്ന് മോചിതനാകും. രണ്ടാം പാപ്പാനെ കുത്തി പരിക്കേല്‍പ്പിക്കുകയും മറ്റൊരു പാപ്പാനെ കുത്തി കൊല്ലുകയും ചെയ്ത സ്‌കന്ദനെ കഴിഞ്ഞ സപ്തംബര്‍ ഒന്നിനാണ് ചങ്ങലയില്‍ ബന്ധിപ്പിച്ചത്. ദേവസ്വം കമ്മിഷണറുടെ ഓഫീസ് പരിസരത്ത് ആനത്തറിയുടെ സമീപം തളച്ചിരിക്കുന്ന ആന ക്ഷീണിതനാണ്.
ഇപ്പോള്‍ ഒന്നാം പാപ്പാന്റെ പരിചരണം മാത്രമാണ് ആനയ്‌ക്ക് കിട്ടുന്നത്. ശബരിമല ക്ഷേത്ര വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറെ നീക്കം ചെയ്തതോടെ ആനയുടെ കാര്യം കുടുതല്‍ പരിതാപകരമായി. പരിചയസമ്പന്നരായ മറ്റൊരു പാപ്പാനെ കുടി ദേവസ്വം നിയോഗിച്ചാല്‍ സ്‌കന്ദനെ അഴിച്ച് ആനത്തറിയിലേക്ക് മാറ്റാന്‍ പറ്റും. എന്നാല്‍ സ്‌കന്ദനെ പരിചരിക്കാന്‍ ദേവസ്വം പാപ്പാന്‍മാര്‍ ആരും ഇവിടേയ്‌ക്ക് എത്താത്തത് ആനയ്‌ക്ക് കുടുതല്‍ വിനയാകുന്നു.
ഇപ്പോള്‍ തന്നെ ആനയുടെ സമീപത്ത് ആനപ്പിണ്ടം കുമിഞ്ഞ് കുടിയിരിക്കുകയാണ്. ഇതില്‍ നിന്നും മറ്റു രോഗങ്ങള്‍ ആനയ്‌ക്ക് ഉണ്ടാകാനുള്ള സാഹചര്യവും ഉണ്ട്.
















