കാബൂൾ: അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിലെ സംഘർഷത്തിൽ തോറ്റ് തിരിഞ്ഞോടിയ പാക് സൈനികരുടെ ട്രൗസറുകളും പാൻ്റുകളും പരസ്യമായി പ്രദർശിപ്പിച്ച് താലിബാൻ പോരാളികൾ. സ്പിൻ-ബോൾഡാക്കിലെ അതിർത്തി പാക് ഔട്ട്‌പോസ്റ്റുകൾ താലിബാൻ പിടിച്ചെടുത്തിരുന്നു. അതിന്റെ പിന്നാലെയാണ് താലിബാൻ പോരാളികൾ സൈനിക പോസ്റ്റുകൾ ഉപേക്ഷിച്ച പാകിസ്ഥാൻ സൈനികരുടെ പാൻ്റസടക്കമുള്ള യൂണിഫോമുകൾ പരസ്യമായി പ്രദർശിപ്പിച്ചത്.
ഈ ചിത്രങ്ങൾ അഫ്ഗാൻ പത്രപ്രവർത്തകനായ ദൗദ് ജുൻബിഷ് ബിബിസിയിൽ പങ്കിടുകയും ചെയ്തു. “ഡുറാൻഡ് ലൈനിനടുത്തുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ ഉപേക്ഷിക്കപ്പെട്ട സൈനിക പോസ്റ്റുകളിൽ നിന്ന് കണ്ടെടുത്ത ഒഴിഞ്ഞ ട്രൗസറുകൾ അഫ്ഗാനിസ്ഥാനിലെ കിഴക്കൻ നൻഗ്രഹാർ പ്രവിശ്യയിൽ പ്രദർശിപ്പിച്ചിരിക്കുന്നു,”- അഫ്ഗാൻ പത്രപ്രവർത്തകനായ ദൗദ് ജുൻബിഷ് ബിബിസിയിൽ കുറിച്ചു. പ്രത്യാക്രമണത്തിന് ശേഷം അവർ ഓടിപ്പോയ അതിർത്തി ഔട്ട്‌പോസ്റ്റുകളിൽ നിന്ന് പിടിച്ചെടുത്ത ട്രൗസറുകളും ആയുധങ്ങളും പ്രദർശിപ്പിക്കുന്ന താലിബാൻ പോരാളികളുടെ ചിത്രങ്ങളും അദ്ദേഹം പങ്കിട്ടു.
കഴിഞ്ഞ ആഴ്ചയാണ് പാകിസ്ഥാൻ കാബൂളിന് നേർക്ക് ആക്രമണം കടുപ്പിച്ചത്. കൂടാതെ താലിബാൻ ഭരണകൂടത്തിന്റെ അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി തന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിനെത്തിയപ്പോഴാണ് ഇത് സംഭവിച്ചത്. തുടർന്ന് ഇരു സൈന്യങ്ങളും തമ്മിൽ നടന്ന് വരുന്ന സംഘർഷത്തിൽ 200ലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അതേ സമയം 48 മണിക്കൂർ നീണ്ട വെടിനിർത്തൽ കരാർ ഇപ്പോൾ നിലവിൽ വന്നിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാണ്.
















