കറാച്ചി : പാകിസ്ഥാനും താലിബാനും തമ്മിലുള്ള യുദ്ധം അതിർത്തിയിൽ തുടരുന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രി വൈകിയും ഇന്ന് പുലർച്ചെയും പാകിസ്ഥാൻ സൈനികരും താലിബാൻ പോരാളികളും തമ്മിൽ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടൽ ഉണ്ടായി. കുറാം ജില്ലയിലെ വിദൂര വടക്കുപടിഞ്ഞാറൻ അതിർത്തി മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
പാകിസ്ഥാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ പിടിവി ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം കുറാമിൽ അഫ്ഗാൻ താലിബാനും ഫിറ്റ്ന അൽ-ഖവാരിജും പ്രകോപനമില്ലാതെ വെടിവയ്‌പ്പ് നടത്തിയെന്നും പാകിസ്ഥാൻ സൈന്യം പൂർണ്ണ ശക്തിയോടെ തിരിച്ചടിച്ചുമെന്നുമാണ്. പാകിസ്ഥാൻ ടിവിയുടെ റിപ്പോർട്ട് അനുസരിച്ച് പാകിസ്ഥാൻ സൈന്യത്തിന്റെ തിരിച്ചടിച്ചടിയിൽ അഫ്ഗാൻ ടാങ്കുകളും സൈനിക പോസ്റ്റുകളും തകർന്നുവെന്നാണ്.
അതേ സമയം അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയുടെ ഡെപ്യൂട്ടി പോലീസ് വക്താവ് താഹിർ അഹ്‌റാർ ഏറ്റുമുട്ടൽ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ നൽകിയില്ല. നേരത്തെ ഈ ആഴ്ച ഇരുവിഭാഗവും തമ്മിൽ നിരവധി തവണ വെടിവയ്‌പ്പുകൾ ഉണ്ടായിട്ടുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും ഇരുവിഭാഗവും നിരവധി അതിർത്തി പ്രദേശങ്ങളിൽ ഏറ്റുമുട്ടി ഇരുവശത്തും ഡസൻ കണക്കിന് പേർ കൊല്ലപ്പെട്ടിരുന്നു.
പിന്നീട് സൗദി അറേബ്യയുടെയും ഖത്തറിന്റെയും അഭ്യർത്ഥനകളെത്തുടർന്ന് ഞായറാഴ്ച ഏറ്റുമുട്ടലുകൾ അവസാനിച്ചിരുന്നുവെങ്കിലും പോരാട്ടം പുനരാരംഭിച്ചു. യുദ്ധ സാഹചര്യം കാരണം പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള എല്ലാ അതിർത്തികളും ഇപ്പോൾ അടച്ചിരിക്കുകയാണ്.
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ വ്യോമസേന വ്യോമാക്രമണം നടത്തിയതിന് ശേഷമാണ് പാകിസ്ഥാനും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശന വേളയിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തിയിരുന്നു.
ഡ്യൂറണ്ട് ലൈൻ എന്നറിയപ്പെടുന്ന അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി 2,500 കിലോമീറ്ററിലധികം നീളമുള്ളതാണ്. 1893 ൽ ബ്രിട്ടീഷ് ഇന്ത്യയ്‌ക്കും അഫ്ഗാനിസ്ഥാനും ഇടയിലാണ് ഈ അതിർത്തി സ്ഥാപിതമായത്. ഇതൊരു വിവാദപരമായ പോയിന്റാണ്. ഡ്യൂറണ്ട് ലൈൻ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും താമസിക്കുന്ന പഷ്തൂൺ ഗോത്രങ്ങളെ തമ്മിൽ വിഭജിക്കുന്നുണ്ട്. കൂടാതെ അഫ്ഗാനിസ്ഥാൻ ഇത് നിയമാനുസൃതമായ അതിർത്തിയായി അംഗീകരിക്കുന്നില്ല.
ബ്രിട്ടീഷ് സമ്മർദ്ദത്തിലാണ് ഡ്യൂറണ്ട് കരാർ ഒപ്പിട്ടതെന്ന് അഫ്ഗാനിസ്ഥാൻ അവകാശപ്പെടുന്നു. കൂടാതെ കൊളോണിയൽ ഭരണത്തിന്റെ അവശിഷ്ടമായിട്ടാണ് അഫ്ഗാനിസ്ഥാൻ ഇതിനെ കണക്കാക്കുന്നത്.
















