തൃശൂര്‍: രോഗമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കുക എന്നതാവണം ആരോഗ്യ സംരക്ഷകരുടെ ലക്ഷ്യമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് അലുമ്‌നി അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ 21-ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
ബിരുദദാന ചടങ്ങില്‍ പ്രതിജ്ഞ ചൊല്ലുന്നുണ്ട്, അതിനു മറ്റു വിശദീകരണം ഒന്നും തന്നെ ആവശ്യമില്ല. ആരോഗ്യ സംരക്ഷകരുടെ ലക്ഷ്യം രോഗങ്ങള്‍ എങ്ങനെ ബാധിക്കാതിരിക്കണം എന്നതായിരിക്കണം. നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം ഭിഷഗ്വര – രോഗി അനുപാതം തൃപ്തികരമല്ല. എന്നിരുന്നാലും നല്ല ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നതു തന്നെയാകണം ആരോഗ്യ സംരക്ഷകരുടെ പഠനോദ്ദേശ്യമെന്നും അതിനായി നമുക്ക് ആധുനിക വൈദ്യശാസ്ത്രത്തെയും പാരമ്പര്യ ചികിത്സാരീതികളെയും അവലംബിക്കാവുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ജനങ്ങള്‍ വൈദ്യശാസ്ത്രജ്ഞരെ അത്യുന്നത വ്യക്തിത്വങ്ങളായി കണക്കാക്കുന്നു. നമ്മുടെ സേവനം രാജ്യത്തിലെ ഗ്രാമങ്ങളില്‍ വരെ എത്തിച്ചേരേണ്ടതാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍വകലാശാല ബിരുദദാനച്ചടങ്ങില്‍ സര്‍വകലാശാലക്കു കീഴിലുള്ള കോളജുകളില്‍ പഠനം പൂര്‍ത്തീകരിച്ച 17,062 പേര്‍ക്കുള്ള ബിരുദ പ്രഖ്യാപനം നടന്നു. വേദിയില്‍ വിവിധ വിഷയങ്ങളില്‍ ഒന്നാം റാങ്ക് നേടിയ 12 വിദ്യാര്‍ഥികളെ ആദരിച്ചു. രണ്ടാംവര്‍ഷ എംബിബിഎസ് മൈക്രോബയോളജി റെഗുലര്‍ പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയായ അരുണ്‍ ജയ് വാര്യരെ ഡോ. സി.കെ. ജയറാം പണിക്കര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.
വിസി പ്രൊഫ. (ഡോ.) മോഹനന്‍ കുന്നുമ്മല്‍ സ്വാഗതം ആശംസിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ സി.പി. വിജയന്‍, രജിസ്ട്രാര്‍ ഡോ. എസ്. ഗോപകുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. എസ്. അനില്‍കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ എം.എസ്. സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















