ബെംഗളൂരു ; കർണാടകയിൽ ആർ എസ് എസ് പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് പറഞ്ഞ മന്ത്രി പ്രിയങ്ക് ഖാർഗെയ്‌ക്കെതിരെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് . പ്രിയങ്ക് ഖാർഗെയുടേത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും, ഇന്ദിരാഗാന്ധിയും ആർഎസ്‌എസിനെ നിരോധിക്കാൻ ശ്രമിച്ചിരുന്നതാണെങ്കിലും നടന്നിട്ടില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.
തിങ്കളാഴ്ച അമരാവതിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഫഡ്‌നാവിസ് . ‘ ആരും അത്തരം ആളുകളോട് ഒന്നും ചോദിക്കാറില്ല, അതുകൊണ്ടാണ് അവർ അത്തരം പ്രസ്താവനകൾ നടത്തുന്നത് . ആർഎസ്‌എസ് ഒരു ദേശസ്നേഹ സംഘടനയാണ് . ഖാർഗെയുടെ രാഷ്‌ട്രീയം അദ്ദേഹത്തിന്റെ പിതാവും കോൺഗ്രസ് പ്രസിഡന്റുമായ മല്ലികാർജുൻ ഖാർഗെയെ ആശ്രയിച്ചിരിക്കുന്നു .ഇന്ദിരാഗാന്ധിയും ആർഎസ്‌എസിനെ നിരോധിക്കാൻ ശ്രമിച്ചു, ഒടുവിൽ അധികാരം നഷ്ടപ്പെട്ട് ഇറങ്ങേണ്ടി വന്നു. അത് ഓർമ്മ വേണം ‘ ഫഡ്നാവിസ് പറഞ്ഞു.
















