ന്യൂദല്‍ഹി: ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനും തന്റെ വ്യക്തിത്വ അവകാശങ്ങള്‍ക്ക് സംരക്ഷണം തേടി കോടതിയെ സമീപിച്ചു. ജനറേറ്റീവ് എ ഐ, ഡീപ്‌ഫേക്ക് സാങ്കേതികവിദ്യകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, സിനിമാ താരങ്ങള്‍ മുതല്‍ വ്യവസായികള്‍ വരെയുള്ള നിരവധി ഇന്ത്യന്‍ സെലിബ്രിറ്റികള്‍ അവരുടെ വ്യക്തിത്വ, പരസ്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി കോടതി ഇടപെടല്‍ തേടുന്നത് വര്‍ദ്ധിക്കുകയാണ്. ഒരു വ്യക്തിയുടെ പേര്, ഇമേജ്, ശബ്ദം, സാദൃശ്യം എന്നിവ അനധികൃതമായി വാണിജ്യ ആവശ്യങ്ങള്‍ക്കും മറ്റും ചൂഷണം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. നടിമാരൊത്തുള്ള കൃത്രിമ അശ്‌ളീല ദൃശ്യങ്ങളും ഇക്കൂട്ടത്തില്‍ പ്രചരിക്കുന്നുണ്ട്.
ഐശ്വര്യ റായ് ബച്ചന്‍, അമിതാഭ് ബച്ചന്‍, ജാക്കി ഷ്രോഫ്, അനില്‍ കപൂര്‍, അഭിഷേക് ബച്ചന്‍, കുമാര്‍ സാനു, അന്തരിച്ച രത്തന്‍ ടാറ്റ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ വ്യക്തികള്‍ തങ്ങളുടെ ഐഡന്റിറ്റി ഓണ്‍ലൈനില്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
















