തൃശൂര്‍: സിപിഎം നേതാവും മുന്‍ കുന്നംകുളം എംഎല്‍എ യുമായ ബാബു എം പാലിശേരിയുടെ(67) സംസ്‌കാരം ബുധനാഴ്ച. പാര്‍ക്കിന്‍സണ്‍സ് രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണമടഞ്ഞത്. കടുത്ത ശ്വാസ തടസം ഉണ്ടായതിനെ തുടര്‍ന്ന് രണ്ടുദിവസം മുന്‍പാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം.
2006, 2011 കാലഘട്ടങ്ങളില്‍ കുന്നംകുളം എംഎല്‍എ ആയിരുന്നു ബാബു എം പാലിശേരി.കൊരട്ടിക്കരയില്‍ ജനിച്ച അദ്ദേഹം 1980-ല്‍ ഡിവൈഎഫ്‌ഐയിലൂടെയാണ് രാഷ്‌ട്രീയത്തിലേക്ക് എത്തിയത്. ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നിര്‍വാഹക സമിതി അംഗം, സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡന്റ്, സിഐടിയു ജോയിന്റ് സെക്രട്ടറി, കേരള കലാമണ്ഡലം എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം തുടങ്ങി സാംസ്‌കാരിക, തൊഴിലാളി, കായിക മേഖലകളില്‍ അദ്ദേഹം പങ്കാളിയായിട്ടുണ്ട്.
















