കൊച്ചി:ഛത്തീസ് ഗഡിലും നോര്‍ത്ത് ഇന്ത്യയിലുമൊക്കെ കന്യാസ്ത്രീകള്‍ക്കെതിരെ പ്രശ്നമുണ്ടാകുമ്പോള്‍ അവിടേക്ക് ഫ്ലൈറ്റും പിടിച്ചു പോകുന്ന ഒരു കോണ്‍ഗ്രസ്, സിപിഎം നേതാക്കളെയും കൊച്ചിയില്‍ ഹിജാബ് വിവാദമുണ്ടായ കൊച്ചി പള്ളുരുത്തിയിലെ സെന്‍റ് റീത്താസ് സ്കൂളിലേക്ക് കണ്ടില്ലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്ജ്.
“കന്യാസ്ത്രിമാര്‍ക്ക് പ്രശ്നമുണ്ടായാല്‍ വിമാനം പിടിച്ച് വടക്കേയിന്ത്യയിലേക്ക് പറക്കുന്ന കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും എംപിമാരേയും എംഎല്‍എമാരേയും ഹിജാബ് വിഷയം ഉണ്ടായ പള്ളുരുത്തിയിലേക്ക് കണ്ടില്ല. ഈ സ്കൂളില്‍ വന്ന് ഇവിടുത്തെ വിഷയം പഠിക്കാനോ, എന്തിന് ഈ പ്രദേശത്തെ ജനപ്രതിനിധികള്‍ പോലും ഈ നിമിഷം വരെ ഇവിടെ വന്നിട്ടില്ല. പിടിഎയുടെ പ്രസിഡന്‍റ് പോലും പറയുന്നു ഇവിടെ ആരും വന്നില്ലെന്ന്. നോര്‍ത്ത് ഇന്ത്യയില്‍ കന്യാസ്ത്രീകള്‍ക്ക് പ്രശ്നമുണ്ടാകുമ്പോള്‍ മാത്രമേ ഇവിടുത്തെ ജനപ്രതിനിധികള്‍ക്ക് പ്രശ്നമുണ്ടാകൂ എന്ന് തോന്നുന്നു”- ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.
ഇവരുടെ മൂക്കിന് ചോട്ടില്‍ എസ് ഡിപിഐയുടെ ഭാഗത്ത് നിന്നും ഇത്രയും വലിയ ഭീഷണി ഈ സിസ്റ്റര്‍മാര്‍ക്ക് ഉണ്ടായിട്ടും അതിന്റെ പേരില്‍ സ്കൂള്‍ രണ്ട് ദിവസം അടച്ചിടേണ്ടി വന്നിട്ടും അതേക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാനോ സ്കൂള്‍ സന്ദര്‍ശിച്ച് ആ കന്യാസ്ത്രീമാരെ ആശ്വസിപ്പിക്കാനോ ആരും എത്തിയില്ല. ഈ സ്കൂളിന്റെ പേരാണ് ഈ റോഡിനുള്ളത്. ആ റോഡിന്റെ പേര് മാറ്റണം എന്നാവശ്യപ്പെട്ട് ഇവിടെ സംഘര്‍ഷം വരെയുണ്ടായി. സിസ്റ്റര്‍മാരെ കൈപിടിച്ച് തിരിക്കുന്ന, അവരെ പിടിച്ച് തള്ളുന്ന സാഹചര്യം വരെയുണ്ടായി. അടിച്ചമര്‍ത്തപ്പെട്ട് പേടിച്ച് കഴിയുന്ന ഒരു സാഹചര്യമാണ് സിസ്റ്റര്‍മാര്‍ക്കുള്ളത്.-ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.
പള്ളുരുത്തിയിലെ സെന്‍റ് റീത്താസ് സ്കൂളില്‍ ഒരു പെണ്‍കുട്ടി സ്കൂള്‍ യുണിഫോമിന് പകരം ഹിജാബ് ധരിച്ച് വന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തന്റെ ഹിജാബ് സ്കൂള്‍ അധികൃതര്‍ ബലമായി മാറ്റിയെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പെണ്‍കുട്ടിയുടെ പിതാവ് സുരക്ഷാഉദ്യോഗസ്ഥരെ ചീത്തവിളിക്കുകയും അവരെ തള്ളിമാറ്റുകയും ചെയ്ത സംഭവവും ഉണ്ടായി. പിന്നാലെ സ്കൂളിനെ വെല്ലുവിളിച്ചുകൊണ്ടുള്ള എസ് ഡിപിഐ നേതൃത്വത്തില്‍ പ്രകടനവും നടന്നു.
ഇതോടെ സ്കൂളിലെ സുരക്ഷാജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരും അധ്യാപകരും മാനസികാഘാതത്തിലാണ്. അതില്‍ നിന്നും മുക്തിനേടാനാണ് അവര്‍ക്ക് രണ്ട് ദിവസത്തെ അവധി നല്‍കിയിരിക്കുന്നതെന്ന് പറയുന്നു.
















